മനുഷ്യരാശിയുടെ ചരിത്രം തന്നെ യാത്രകളിലൂടെയും പരിവർത്തനങ്ങളിലൂടെയുമൊക്കയുള്ള കഥകളിലൂടെയാണ്. അറിവിനെയും അനുഭവത്തെയും തേടിയുള്ള മനുഷ്യന്റെ അന്വേഷണവൃത്തി തന്നെയാണ് ഭൂമിശാസ്ത്രത്തേയും സംസ്കാരചരിത്രത്തേയും രൂപപ്പെടുത്തിയത്. പുരാതനകാലത്ത് യാത്ര വെറും ദേശാന്തര പലായനമായിരുന്നില്ല; അത് ലോകത്തെ തിരിച്ചറിയാനുള്ള ആത്മീയാന്വേഷണമായിരുന്നു. മാർക്കോ പോളോ, മെഗല്ലൻ, വാസ്കോ ഡി ഗാമ തുടങ്ങിയവർ യൂറോപ്പിൽ നിന്ന് ലോകത്തെ തേടിയപ്പോൾ, ഇസ്ലാമിക ലോകത്തും അതിനോടു തുല്യമായ, ചിലപ്പോൾ അതിലും മേൽപ്പെട്ടതായ ബൗദ്ധികയാത്രകൾ നടന്നിരുന്നു. ആ മഹാന്മാരിൽ ഏറ്റവും വിസ്മയകരനായ യാത്രികനാണ് ഇബ്ൻ ബത്തൂത്ത.
മൊറോക്കോയിലെ ടാൻജിയർ നഗരത്തിലാണ് അദ്ദേഹം ജനിച്ചത്. പണ്ഡിതകുടുംബത്തിൽ വളർന്നതുകൊണ്ട് ബാല്യകാലം മുതൽ മത പഠനത്തോടും അറിവിനോടും താൽപര്യമുണ്ടായിരുന്നു. അറബി ഭാഷയിലും ഇസ്ലാമിക നിയമത്തിലും മികച്ച പ്രാവീണ്യം നേടിയ ഇബ്നു ബത്തൂത്ത, മാലിക്കി മദ്ഹബിലെ പണ്ഡിതനായി വളർന്നു. ആ കാലഘട്ടത്തിലെ ധാരാളം യുവാക്കളെ പോലെ, ബത്തൂത്തയും 1325-ൽ മക്കയിലേക്കുള്ള ഹജ് തീർഥാടനത്തിനായി യാത്ര തുടങ്ങി. എന്നാൽ ആ തീർഥാടനം തന്നെ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ വഴിത്തിരിവായി മാറി; അതിനുശേഷം അദ്ദേഹത്തിന്റെ ജീവിതം യാത്രകളുടേയും കണ്ടുപിടിത്തങ്ങളുടേയും വലിയ വിപ്ലവങ്ങളായി മാറി.
അടുത്ത 29 വർഷങ്ങൾക്കിടയിൽ ഇബ്നു ബത്തൂത്ത ലോകത്തിന്റെ ഏകദേശം നാലിലൊന്ന് ഭാഗം സഞ്ചരിച്ചു. അറേബ്യ, പേർഷ്യ, ആഫ്രിക്ക, ഈജിപ്ത്, ഇന്ത്യ, ചൈന, മലബാർ, മാലദ്വീപ് എല്ലായിടത്തും അദ്ദേഹം എത്തി. ദൂരയാത്രകളിലും പ്രയാസങ്ങളിലും അദ്ദേഹത്തെ നയിച്ചത് വെറും സാഹസികത മാത്രമായിരുന്നില്ല; മറിച്ച് അറിവിനോടുള്ള അതുല്യമായ ദാഹവും ഇസ്ലാമിക സംസ്കാരത്തോടുള്ള ബഹുമാനവുമായിരുന്നു. യാത്രകളുടെ ഇടവേളകളിൽ അദ്ദേഹം പണ്ഡിതന്മാരുമായി ആശയവിനിമയം നടത്തി, സമൂഹങ്ങളെയും ഭരണരീതികളെയും നിരീക്ഷിച്ചു, അവയുടെ ആത്മാവിനെ ഗ്രഹിച്ചെടുത്തു.
ഇന്ത്യയിലെത്തിയപ്പോൾ ദില്ലി സുൽത്താൻ മുഹമ്മദ് ബിൻ തുഗ്ലക്കിന്റെ കാലമായിരുന്നു. അദ്ദേഹത്തിന്റെ പാണ്ഡിത്യവും ബൗദ്ധികതയും തിരിച്ചറിഞ്ഞ സുൽത്താൻ, അദ്ദേഹത്തെ ദില്ലി കോടതിയിലെ ന്യായാധിപനായി നിയമിച്ചു. പിന്നീട് ചൈനയിലേക്കുള്ള സ്ഥാനപതിയായി അയയ്ക്കപ്പെട്ടപ്പോൾ അദ്ദേഹം ദക്ഷിണേന്ത്യയിലേക്കും മലബാറിലേക്കും എത്തി. മലബാറിനെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ കേരളചരിത്രത്തിൽ അപാരമൂല്യമുള്ളവയാണ്. അദ്ദേഹം “മുല്ലൈബാർ” എന്ന് വിശേഷിപ്പിച്ച മലബാറിനെ പച്ചപ്പും സമൃദ്ധിയും നിറഞ്ഞ ദേശമായി അദ്ദേഹം തന്റെ രേഖകളിലൂട നീളം ചിത്രീകരിക്കുന്നു. മലയാളികൾ അതിഥിസൽക്കാരരാണെന്നും വ്യാപാരനിരത്തുകളിൽ അറബികളും യൂറോപ്യരും ഒരുമിച്ചു ഇടപെടുന്നുവെന്നും അദ്ദേഹം പറഞ്ഞുവയ്ക്കുന്നു. കോഴിക്കോട്, പന്തലായനി, ധർമടം, കൊല്ലം തുടങ്ങിയ തുറമുഖങ്ങൾ അന്ന് രാജ്യാന്തര വ്യാപാരത്തിന്റെ പ്രധാനകേന്ദ്രങ്ങളായിരുന്നു. നിയമം കർശനമായിരുന്നതിനാൽ യാത്രികർക്ക് മലബാറിലൂടെ സഞ്ചരിക്കുന്നത് അത്യന്തം സുരക്ഷിതമായിരുന്നതായും അദ്ദേഹം രേഖപ്പെടുത്തിയിവയ്ക്കുന്നുണ്ട്.
ബത്തൂത്തയുടെ രചനാശൈലി അത്യന്തം സജീവവും ജീവിതവാസ്തവവുമാണ്. “രിഹ്‌ല” എന്ന പേരിൽ സമാഹരിക്കപ്പെട്ട യാത്രാവിവരണങ്ങൾ വെറും ഭൂമിശാസ്ത്രരേഖകളല്ല, മറിച്ച് സാമൂഹികവും സാംസ്കാരികവുമായി ബന്ധപ്പെട്ട ആഴത്തിലുള്ള പഠനങ്ങളാണ്. അവയിൽ അദ്ദേഹം കാണുന്നതും അനുഭവിക്കുന്നതും ഒരു പണ്ഡിതന്റെ സൂക്ഷ്മതയോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. സാധാരണ യാത്രികർ സ്ഥലം, ഭക്ഷണം, ദൂരം എന്നിവ മാത്രം രേഖപ്പെടുത്തുമ്പോൾ, ഇബ്നു ബത്തൂത്ത സമൂഹങ്ങളുടെ മതബോധം, ഭരണക്രമം, വിദ്യാഭ്യാസരീതികൾ, സ്ത്രീകളുടെ സ്ഥാനം, വ്യാപാരനയങ്ങൾ എന്നിവ കൂടി ആഴത്തിൽ വിശകലനം ചെയ്യുന്നു. അതാണ് അദ്ദേഹത്തെ മറ്റു യാത്രികരിൽ നിന്ന് വേറിട്ടതാക്കുന്നത്.
ബത്തൂത്തയുടെ രചനയിലുടനീളം കവിതാപ്രചോദനവും ആത്മീയതയും കൈകോർക്കുന്നു. അനുഭവങ്ങൾ വിവരണാത്മകമല്ലാതെ അനുഭാവാത്മകമായി അദ്ദേഹം അവതരിപ്പിക്കുന്നു. അതിലൂടെ വായനക്കാർക്ക് അവർ സ്വയം യാത്ര ചെയ്യുന്നതുപോലെയുള്ള അനുഭവം ലഭിക്കുന്നു. ഭാഷ സമ്പന്നവും പ്രത്യക്ഷവുമായതിനാൽ “രിഹ്‌ല” വെറും ചരിത്രഗ്രന്ഥമല്ല, സാഹിത്യശ്രേഷ്ഠതയുള്ള കൃതിയുമാണ്.അദ്ദേഹത്തിന്റെ ജീവിതം യാത്രയും പഠനവും ചേർന്നൊരു ദർശനമാണ്. അറിവ് നേടുക എന്നത് പുസ്തകങ്ങളിലൂടെയല്ല, ലോകത്തെ നേരിൽ കാണുന്നതിലൂടെയാണ് സത്യമായി പൂർത്തിയാകുന്നതെന്നതാണ് അദ്ദേഹം തെളിയിക്കുന്നത്. ലോകത്തിലെ മതങ്ങൾ, സംസ്കാരങ്ങൾ, ഭാഷകൾ എന്നിവയെല്ലാം വ്യത്യസ്തമാണെങ്കിലും അവയെ ബന്ധിപ്പിക്കുന്നത് മനുഷ്യസൗഹൃദമാണെന്ന് അദ്ദേഹം മനസ്സിലാക്കുന്നു.
ഇബ്നു ബത്തൂത്തയുടെ “രിഹ്‌ല” ഇന്നും ചരിത്രകാരന്മാർക്കും വിദ്യാർഥികൾക്കും അനിവാര്യമായ പ്രമാണഗ്രന്ഥമാണ്. അതിലൂടെ നമുക്ക് 14-ാം നൂറ്റാണ്ടിലെ ലോകത്തിന്റെ മത, രാഷ്ട്രീയം, സമൂഹം, വ്യാപാരം തുടങ്ങിയവയെക്കുറിച്ച് വ്യക്തമായ ചിത്രങ്ങൾ കാണാൻ സാധിക്കുന്നുണ്ട്. ഇസ്‌ലാമിക ലോകത്തിന്റെ ബൗദ്ധികതയും ആഗോള ബന്ധങ്ങളും വ്യക്തമാക്കുന്ന മഹത്തായ കൃതിയായി അത് രിഹ്‌ല എക്കാലത്തും നിലകൊള്ളുന്നു. യാത്രയിലൂടെ മനുഷ്യൻ സ്വയം കണ്ടെത്തുന്നു എന്ന വാക്ക് ഏറ്റവും യഥാർഥമായി തെളിയിച്ചത് ഇബ്നു ബത്തൂത്ത തന്നെയാണ്. അദ്ദേഹത്തിന്റെ ജീവിതം നമുക്ക് പഠിപ്പിക്കുന്നത് യാത്ര അറിവിനെയും മനസ്സിനെയും വികസിപ്പിക്കുന്ന ഒരു വിദ്യാലയമെന്ന ആശയമാണ്.










