രാജസ്ഥാൻ റോയൽസിന്റെ മുഖ്യ പരിശീലകനായി ശ്രീലങ്കൻ ഇതിഹാസം കുമാർ സംഗക്കാരയെ നിയമിച്ചു. രാഹുൽ ദ്രാവിഡിന് പകരക്കാരനായാണ് സംഗക്കാര രാജസ്ഥാന്റെ പരിശീലക കുപ്പായമണിയുന്നത്. 2021 മുതൽ 2024 വരെ സംഗക്കാര രാജസ്ഥാന്റെ മുഖ്യ പരിശീലകനായി പ്രവർത്തിച്ചിരുന്നു.
സംഗക്കാരയ്ക്ക് കീഴിലാണ് രാജസ്ഥാൻ 2022 ഫൈനലിൽ എത്തിയത്. എന്നാൽ ഗുജറാത്ത് ടൈറ്റൻസിനോട് പരാജയപ്പെട്ട് രാജസ്ഥാന് കിരീടം നഷ്ടമാവുകയായിരുന്നു. പിന്നീട് രണ്ട് വർഷങ്ങൾക്ക് ശേഷം രാജസ്ഥാൻ പ്ലേ ഓഫിലേക്കും യോഗ്യത നേടിയിരുന്നു. സംഗക്കാരയുടെ തിരിച്ചുവരവ് രാജസ്ഥാന് പുതിയ ഊർജമാണ് നൽകുക. വിക്രം റാത്തോഡിനെ ലീഡ് അസിസ്റ്റന്റ് പരിശീലകനായി സ്ഥാനക്കയറ്റം നൽകുകയും ചെയ്തിട്ടുണ്ട്. ടീമിന്റെ ബൗളിങ് പരിശീലകനായി ഷെയ്ൻ ബോണ്ട് തുടരും. ട്രെവർ പെന്നി അസിസ്റ്റന്റ് കോച്ചായും സിഡ് ലാഹിരി പെർഫോമൻസ് കോച്ചായും തിരിച്ചെത്തി.
2025 ഐപിഎല്ലിൽ ദ്രാവിഡിന്റെ കീഴിൽ നിരാശാജനകമായ പ്രകടനമാണ് രാജസ്ഥാൻ നടത്തിയിരുന്നത്. 2025 ഐപിഎല്ലിൽ ഒമ്പതാം സ്ഥാനത്താണ് രാജസ്ഥാൻ ഫിനിഷ് ചെയ്‍തത്. 14 മത്സരങ്ങളിൽ നിന്നും നാല് വിജയവും 10 തോൽവിയും അടക്കം എട്ട് പോയിന്റായിരുന്നു രാജസ്ഥാൻ നേടിയിരുന്നത്.
ക്യാപ്റ്റൻ സഞ്ജു സാംസൺ, ബാറ്റർ നിതീഷ് റാണ എന്നിവരെ ട്രേഡിങ്ങിലൂടെ രാജസ്ഥാൻ മറ്റ് ടീമുകൾക്ക് കൈമാറിയിരുന്നു. സഞ്ജുവിനെ ചെന്നൈ സൂപ്പർ കിങ്‌സിനാണ് റോയൽസ് ട്രേഡ് ചെയ്തത്. സിഎസ്കെയിൽ നിന്നും ഇന്ത്യൻ സ്റ്റാർ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ, ഇംഗ്ലീഷ് ഓൾ റൗണ്ടർ സാം കറൻ എന്നിവരെ രാജസ്ഥാൻ തങ്ങളുടെ തട്ടകത്തിലെത്തിച്ചിരുന്നു. നിതീഷ് റാണയെ ഡൽഹി ക്യാപ്പിറ്റൽസിനാണ് കൈമാറിയത്.
അതേസമയം 2026 ഐപിഎല്ലിന് മുന്നോടിയായി ഏഴ് താരങ്ങളെയാണ് രാജസ്ഥാൻ റിലീസ് ചെയ്തത്. വനിന്ദു ഹസരംഗ, മഹേഷ് തീക്ഷണ, ഫസൽഹഖ് ഫാറൂഖി, കുമാർ കാർത്തികേയ, കുനാൽ റാത്തോഡ്, അശോക് ശർമ, ആകാശ് മധ്വാൾ എന്നീ താരങ്ങളെയാണ് രാജസ്ഥാൻ റിലീസ് ചെയ്തത്. ശസ്വി ജയ്‌സ്വാൾ, വൈഭവ് സൂര്യവംശി, ധ്രുവ് ജുറൽ, റിയാൻ പരാഗ്, തുഷാർ ദേശ്പാണ്ഡെ, സന്ദീപ് ശർമ, ക്വേന മഫാക, ഷിംറോൺ ഹെറ്റ്‌മെയർ, ശുഭം ദുബെ, യുധ്വിർ സിംഗ്, ജോഫ്ര ആർച്ചർ എന്നീ താരങ്ങളെ രാജസ്ഥാൻ നിലനിർത്തുകയും ചെയ്തു.










