---Advertisement---

ഇന്ത്യയില്‍ പാസ്‌പോര്‍ട്ടുകള്‍ പല നിറങ്ങളില്‍; ഏതെല്ലാമെന്നറിയാമോ? ഓരോ നിറത്തിനും ഓരോ അര്‍ഥങ്ങള്‍..

On: November 9, 2025 7:00 PM
Follow Us:
---Advertisement---

വിദേശയാത്രകളില്‍ പൗരന്മാരുടെ തിരിച്ചറിയല്‍ രേഖയാണ് പാസ്‌പോര്‍ട്ട്. പേര്, പൗരത്വം, ജനനതിയ്യതി, സ്ഥലം, വിലാസം തുടങ്ങിയ വിവരങ്ങളെല്ലാം പാസ്‌പോര്‍ട്ടിലുണ്ടാകും. വിദേശകാര്യ വകുപ്പാണ് ഇന്ത്യയില്‍ പാസ്‌പോര്‍ട്ട് വിതരണം ചെയ്യുന്നത്. ഇതെല്ലാം നമുക്ക് അറിയാവുന്ന കാര്യങ്ങളാണ്. 

ഒരു പാസ്‌പോര്‍ട്ട് ഉപയോദിച്ച് യാത്രക്കാര്‍ക്ക് വിസ രഹിതമായോ വിസ ഓണ്‍ അറൈവല്‍ ക്രമീകരണങ്ങളിലൂടെയോ നിരവധി രാജ്യങ്ങളിലേക്ക് സഞ്ചരിക്കാനാവും. ബയോമെട്രിക് ചിപ്പുകളോടു കൂടിയ ഇ- പാസ്‌പോര്‍ട്ടുകള്‍ അടുത്തിടെയാണ് അവതരിപ്പിച്ചിട്ടുള്ളത്. ഇവ വിദേശയാത്രകള്‍ കൂടുതല്‍ വേഗത്തിലും സുരക്ഷിതമാക്കാനും സൗകര്യപ്രദമാക്കാനും ഇന്ത്യന്‍ പൗരന്മാരെ സഹായിക്കുന്നുണ്ട്. 

ഇന്ത്യന്‍ പാസ്‌പോര്‍ട്ട് എത്ര നിറങ്ങളിലുണ്ടെന്ന് അറിയാമോ? നിങ്ങളുടെ കൈവശമുള്ള പാസ്‌പോര്‍ട്ട് ഏത് നിറത്തിലുള്ളവയാണ്.. നീല നിറത്തിലുള്ളവയായിരിക്കും അല്ലേ.. എങ്കില്‍ മറ്റുള്ളവ ഏതെല്ലാമാണെന്ന് അറിഞ്ഞിരിക്കാം..

നീല, വെള്ള, ചുവപ്പ്(മെറൂണ്‍), ഓറഞ്ച് നിറങ്ങളിലാണ് ഇന്ത്യന്‍ പാസ്‌പോര്‍ട്ടുകള്‍ ഉള്ളത്. യാത്രക്കാരന്റെ പദവിയോ അല്ലെങ്കില്‍ യാത്രയുടെ ലക്ഷ്യമോ ആണ് ഈ നിറങ്ങള്‍ കൊണ്ട് സൂചിപ്പിക്കുന്നത്. ഈ നിറവ്യത്യാസം ഒറ്റനോട്ടത്തില്‍ തന്നെ യാത്രികരെ തിരിച്ചറിയാന്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരെ സഹായിക്കും.

ഇന്ത്യന്‍ പാസ്‌പോര്‍ട്ടുകളും അവയുടെ നിറങ്ങളുടെ അര്‍ഥങ്ങളും

നീല പാസ്‌പോര്‍ട്ട്

ഇന്ത്യയില്‍ ഏറ്റവും സാധാരണയായി നല്‍കിവരുന്ന പാസ്‌പോര്‍ട്ടാണ് നീല നിറത്തില്‍ കാണുന്നത്. വിനോദം, പഠനം, ജോലി അല്ലെങ്കില്‍ ബിസിനസ്സ് എന്നിവയ്ക്കായി വിദേശത്തേക്ക് പോകുന്ന പൗരന്മാര്‍ക്കാണ് ഇത് നല്‍കുന്നത്.

നീല പാസ്‌പോര്‍ട്ടിന് അപേക്ഷിക്കണമെങ്കില്‍ വംശ പരമ്പരയിലൂടെ ഇന്ത്യന്‍ പൗരനായിരിക്കുകയോ ജനനം വഴി ഇന്ത്യന്‍ പൗരനായിരിക്കുകയോ വേണം.

പാസ്‌പോര്‍ട്ട് സേവാ പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി നിങ്ങള്‍ക്ക് നീല കളര്‍ പാസ്‌പോര്‍ട്ടിനായി അപേക്ഷിക്കാം. തിരിച്ചറിയല്‍ രേഖ( ആധാര്‍ കാര്‍ഡ്, പാന്‍ തുടങ്ങിയവ) വിലാസത്തെളിവ്, ജനനതെളിവ് എന്നിവ ഇതിനായി ആവശ്യമാണ്. 

2. വെള്ള പാസ്‌പോര്‍ട്ട്

ഔദ്യോഗിക യാത്രാ ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍, ഔദ്യോഗിക നിയമനങ്ങള്‍ക്കായി വിദേശയാത്ര ചെയ്യുന്ന സായുധ സേനാംഗങ്ങള്‍ എന്നിവര്‍ക്കാണ് വെള്ള പാസ്‌പോര്‍ട്ട് നല്‍കുന്നത്. പലപ്പോഴും വെള്ള പാസ്‌പോര്‍ട്ട് ഉടമയ്ക്ക് ഇമിഗ്രേഷന്‍ കൗണ്ടറുകളില്‍ വേഗത്തിലുള്ള ക്ലിയര്‍ന്‍സ് പോലുള്ള പ്രത്യേക അവകാശങ്ങള്‍ ലഭ്യമാകും. ഒൗദ്യോഗിക കാലയളവില്‍ മാത്രമായിരിക്കും ഇതിന് സാധുതയുണ്ടായിരിക്കുക.  


അപേക്ഷകന്റെ വകുപ്പില്‍ നിന്നുള്ള ഫോര്‍വേഡിംഗ് ലെറ്റര്‍, ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ്, പ്രധാനമന്ത്രിയുടെ ഓഫീസില്‍ (പിഎംഒ) നിന്നുള്ള നിര്‍ബന്ധിത അംഗീകാരം എന്നിവയുണ്ടെങ്കില്‍ മാത്രമാണ് വെള്ള പാസ്‌പോര്‍ട്ട് ലഭിക്കുകയുള്ളൂ. 

3. ചുവപ്പ്(മെറൂണ്‍) പാസ്‌പോര്‍ട്ട്

നയതന്ത്ര പദവി വഹിക്കുന്ന ഉദ്യോഗസ്ഥര്‍, ഇന്ത്യന്‍ വിദേശകാര്യ സര്‍വീസ് (ബ്രാഞ്ച് എ) ലെ ഉദ്യോഗസ്ഥര്‍, വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും ഇന്ത്യന്‍ വിദേശകാര്യ സര്‍വീസിലെ (ബ്രാഞ്ച് ബി) ചില ഉദ്യോഗസ്ഥരും, ഇന്ത്യാ ഗവണ്‍മെന്റ് നിയമിക്കുന്ന ഉദ്യോഗസ്ഥര്‍, വിദേശത്ത് ജോലി ചെയ്യാനോ പഠിക്കാനോ കഴിയുന്ന യോഗ്യരായ ഉദ്യോഗസ്ഥരുടെ ആശ്രിതര്‍ എന്നിവര്‍ക്കാണ് മെറൂണ്‍ പാസ്‌പോര്‍ട്ട് നല്‍കപ്പെടുക.

വെള്ളപാസ്‌പോര്‍ട്ട് പോലെ ഇതിനും നേരിട്ട് അപേക്ഷിക്കാന്‍ സാധിക്കില്ല. ശുപാര്‍ശ പ്രകാരം വിദേശകാര്യമന്ത്രാലയം വഴിയാണ് ഇത് അനുവദിക്കുന്നത്. അപേക്ഷയ്ക്ക് സര്‍ക്കാര്‍ നല്‍കിയ ഐഡി, ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ്, ഫോര്‍വേഡിംഗ് ലെറ്റര്‍, പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള ക്ലിയറന്‍സ് എന്നിവ ആവശ്യമാണ്.

4. ഓറഞ്ച് പാസ്‌പോര്‍ട്ട്

2018ല്‍ നിര്‍ത്തലാക്കിയ ഓറഞ്ച് പാസ്‌പോര്‍ട്ട്, എമിഗ്രേഷന്‍ പരിശോധന ആവശ്യമുള്ള (ഇസിആര്‍) വിഭാഗത്തിന് കീഴിലുള്ള പൗരന്മാര്‍ക്കുള്ളതായിരുന്നു. സാധാരണയായി ഇതില്‍ പത്താം ക്ലാസിനപ്പുറം പഠിച്ചിട്ടില്ലാത്തവരോ വിദേശ ജോലിക്കായി പ്രത്യേക രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവരോ ഉള്‍പ്പെടുന്നു. കുടിയേറ്റ തൊഴിലാളികളെ രണ്ടാംതരം പൗരന്മാരായി കാണുന്നുവെന്നാണ് അന്ന് ഉയര്‍ന്നുവന്ന പ്രധാന ആരോപണം. പ്രത്യേക നിറം വിദ്യാഭ്യാസ നിലവാരത്തെയും തൊഴില്‍ നിലവാരത്തെയും എടുത്തുകാണിക്കുന്നതായും വിമര്‍ശനം ഉയര്‍ന്നിരുന്നു. 

Share this

Leave a Comment

error: Content is protected !!