ഡല്‍ഹി: വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തിനെതിരെ (എസ്.ഐ.ആര്‍) കേരളത്തില്‍ നിന്നുള്ള ഹരജികള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹരജികള്‍ പരിഗണിക്കുന്നത്. എസ്.ഐ.ആര്‍ നടപടികളില്‍ അടിയന്തര സ്റ്റേ വേണമെന്ന ആവശ്യമാണ് ഹരജിക്കാര്‍ ഉന്നയിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് സാഹചര്യത്തില്‍ എസ്.ഐ.ആര്‍ പ്രക്രിയ ഇപ്പോള്‍ പ്രായോഗികമല്ല എന്ന ഭരണപരമായ പ്രശ്‌നമാണ് സംസ്ഥാന സര്‍ക്കാര്‍ ഉന്നയിക്കുക.
കണ്ണൂരിലെ ബി.എല്‍.ഒയുടെ ആത്മഹത്യ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി ബി.എല്‍.ഒമാരുടെ ജോലി സമ്മര്‍ദ്ദമടക്കമുള്ള കാര്യങ്ങളും ഹരജിക്കാര്‍ കോടതിയെ അറിയിക്കും. ഹരജികളില്‍ നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി സുപ്രിം കോടതി തേടിയിരുന്നു. കേരളത്തിലെ എസ്.ഐ.ആറിനെതിരെ സംസ്ഥാന സര്‍ക്കാരിന് പുറമേ സി.പി.എം, സി.പി.ഐ ,കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ്, ചാണ്ടി ഉമ്മന്‍ എം.എല്‍.എ എന്നിവരാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.
അതിനിടെ ഉത്തര്‍പ്രദേശിലും ബി.എല്‍.ഒമാരുടെ ആത്മഹത്യക്ക് പിന്നാലെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. രണ്ട് ബി.എല്‍.ഒമാരാണ് ജോലി സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കഴിഞ്ഞദിവസം ഇവിടെ ആത്മഹത്യ ചെയ്തത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിയുടെ അജണ്ട അടിച്ചേല്‍പ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് മേല്‍ അമിത സമ്മര്‍ദ്ദം നടത്തുന്നു എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
യഥാര്‍ഥ വോട്ടര്‍മാരെ നീക്കിയാല്‍ രാജ്യവ്യാപക പ്രക്ഷോഭം നടത്തുമെന്ന് മമത
കൊല്‍ക്കത്ത: തെരഞ്ഞെടുപ്പ് കമ്മിഷനും ബി.ജെ.പിക്കും എതിരേ രൂക്ഷവിമര്‍ശനം ചൊരിഞ്ഞ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. വോട്ടര്‍പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണം (എസ്.ഐ.ആര്‍) നടപ്പിലാക്കി യഥാര്‍ഥ വോട്ടര്‍മാരെ പട്ടികയില്‍നിന്ന് നീക്കം ചെയ്യാനാണ് ബി.ജെ.പിയും തെരഞ്ഞെടുപ്പ് കമ്മിഷനും ശ്രമിക്കുന്നതെങ്കില്‍ രാജ്യവ്യാപകമായി പ്രക്ഷോഭത്തിനിറങ്ങുമെന്ന് മമത പറഞ്ഞു. എസ്.ഐ.ആറിനെതിരേ ബോംഗോവില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അവര്‍.
ബംഗാളില്‍ തങ്ങളുടെ വോട്ടര്‍മാരെ കൂട്ടത്തോടെ ഒഴിവാക്കാനാണ് ബി.ജെ.പിയും കമ്മിഷനും ലക്ഷ്യമിടുന്നത്. അതിനെ എന്തുവിലകൊടുത്തും ചെറുക്കും. തന്റെ ജനങ്ങള്‍ക്കെതിരായ ഏതാക്രമണവും വ്യക്തിപരമായ ആക്രമണമായി കണക്കാക്കും. തെരഞ്ഞെടുപ്പിന് ശേഷം രാജ്യം മുഴുവന്‍ സഞ്ചരിക്കും. തങ്ങള്‍ എസ്.ഐ.ആറിന് എതിരല്ല. എന്നാല്‍ തിടിക്കപ്പെട്ട് നടത്തുന്നതിനെയാണ് ചോദ്യം ചെയ്യുന്നത്. തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഭരണഘടനാ സ്ഥാപനമാണ്. അത് നിഷ്പക്ഷമായി പ്രവര്‍ത്തിക്കണം. തെരഞ്ഞെടുപ്പ് കമ്മിഷന്‍ ബി.ജെ.പി കമ്മിഷനായി മാറിയെന്നും മമത ആരോപിച്ചു.
പരാതി കേള്‍ക്കാന്‍ കമ്മിഷന്‍; ചര്‍ച്ച 28ന്
ന്യൂഡല്‍ഹി: വോട്ടര്‍പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണ (എസ്.ഐ.ആര്‍) നടപടിക്കെതിരേ ശക്തമായ എതിര്‍പ്പുയര്‍ത്തുന്ന തൃണമൂല്‍ കോണ്‍ഗ്രസുമായി ചര്‍ച്ചയ്ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍. 28ന് ഡല്‍ഹി നിര്‍വാചന്‍ സദനില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിനിധി സംഘവുമയി ചര്‍ച്ച നടത്തുമെന്ന് കമ്മിഷന്‍ വൃത്തങ്ങള്‍ അറിയിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ഡെറിക് ഒബ്രയന്‍ എം.പിയുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷനുമായി കൂടിക്കാഴ്ചയ്ക്ക് അനുവാദം ചോദിച്ചിരുന്നു. ഇത് പരിഗണിച്ചാണ് കമ്മിഷന്‍ 28ന് ചര്‍ച്ചയ്ക്ക് തയാറായത്.










