ദോഹ: ഫിഫ അറബ് കപ്പിലെ ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തിൽ രണ്ടുതവണ ഏഷ്യൻ ചാമ്പ്യന്മാരായ ഖത്തർ ഫലസ്തീനോട് നാടകീയമായ തോൽവി ഏറ്റുവാങ്ങി. ഉദ്ഘാടന ദിവസത്തെ രണ്ടാം മത്സരത്തിൽ ആതിഥേയരായ ഖത്തറിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിന് ആണ് ഫലസ്തീന്റെ ജയം. ഇഞ്ചുറി സമയത്തിന്റെ അവസാനനിമിഷം ഖത്തർ താരം സുൽത്താൻ അൽ-ബ്രേക്കിന്റെ സെൽഫ് ഗോളിലാണ് ഫലസ്തീൻ ചരിത്രവിജയം നേടിയത്.
മത്സരം തുടങ്ങി ഇരുടീമുകളും കിണഞ്ഞു ഗോളിനായി ശ്രമിച്ചെങ്കിലും വല മാത്രം കുലുങ്ങിയില്ല. പല മികച്ച അവസരങ്ങളും ഇരു ടീമുകളുടെയും താരങ്ങൾ തുടരെ നഷ്ടമാക്കിയപ്പോൾ മത്സരം സമനിലയിലേക്ക് നീങ്ങുമെന്നായിരുന്നു കണക്കുകൂട്ടൽ.
മത്സരത്തിൽ ആധിപത്യം സ്ഥാപിച്ചത് ഖത്തർ തന്നെയായിരുന്നു.ക്യാപ്റ്റൻ അക്രം അഫിഫ്, എഡ്മിൽസൺ ജൂനിയർ, ലൂക്കാസ് മെൻഡസ് എന്നിവർ നിരവധി അവസരങ്ങൾ സൃഷ്ടിച്ചു. എന്നാൽ, അച്ചടക്കമുള്ള പലസ്തീൻ പ്രതിരോധവും ഗോൾകീപ്പർ റാമി ഹമാദയും ഖത്തറിനു ഒരു പഴുതും നൽകിയില്ല. ഇതിനിടെ ആണ് കോർണറിൽ നിന്നു വന്ന പന്ത് ഒരു പിഴവിലൂടെ ഖത്തർ ഗോൾ വല കുലുക്കിയത്.
2006 ലോകകപ്പിലേക്ക് ഖത്തർ യോഗ്യത ഉറപ്പിച്ചെങ്കിലും കുറച്ചു മത്സരങ്ങളായി സ്പാനിഷ് പരിശീലനായ ജൂലൻ ലോപെറ്റെഗിയുടെ കീഴിൽ മികച്ച പ്രകടനമല്ല ടീം കാഴ്ചവെക്കുന്നത്.
മറ്റൊരു മത്സരത്തിൽ മുൻ റണ്ണേഴ്‌സ് അപ്പായ ടുണീഷ്യയെ 1-0 ന് ഞെട്ടിച്ച സിറിയ വിജയം സ്വന്തമാക്കി.
ഇതോടെ ഗ്രൂപ്പ് എ യിൽ മൂന്ന് പോയിന്റ് വീതമായി സിറിയയും പലസ്തീനും ആദ്യ രണ്ടു സ്ഥാനങ്ങളിലും പോയിന്റ് ഒന്നും നേടാത്ത ഖത്തർ, ടുണീഷ്യ ടീമുകൾ അവസാന സ്ഥാനത്തുമാണ്.








