---Advertisement---

‘പൗരന്മാരെ നിരീക്ഷിക്കാനുള്ള തന്ത്രം, നിർദേശം പിൻവലിക്കണം’; ഫോണുകളിലെ സഞ്ചാർ സാഥി ആപ്പിനെതിരെ പ്രതിപക്ഷം

On: December 2, 2025 7:24 AM
Follow Us:
---Advertisement---

ന്യൂഡൽഹി: രാജ്യത്ത് പുതുതായി നിർമിക്കുന്ന ഫോണുകളിലും വിപണിയിലെത്തിച്ച സ്മാർട്ട് ഫോണുകളിലും ‘സഞ്ചാർ സാഥി’സൈബർ സുരക്ഷ ആപ്ലിക്കേഷൻ ഉണ്ടായിരിക്കണമെന്ന കേന്ദ്ര സർക്കാർ നിർദേശത്തിനെതിരെ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്ത്. കേന്ദ്ര സർക്കാർ നീക്കം പൗരന്മാരെ നിരീക്ഷിക്കാനുള്ള തന്ത്രമാണെന്നും നിർദേശം ഉടൻ പിൻവലിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

മൂന്നു മാസത്തിനകം നിർദേശം നടപ്പാക്കാനാണ് ആപ്പിൾ, സാംസങ്, വിവോ, ഒപ്പോ, ഷവോമി തുടങ്ങിയ സ്മാർട്ട് ഫോൺ നിർമാതാക്കൾക്ക് കേന്ദ്ര ടെലികമ്യൂണിക്കേഷൻ വകുപ്പ് നിർദേശം നൽകിയത്. നിലവിൽ ‘സഞ്ചാർ സാഥി’ ആപ് ആപ്പിൾ സ്റ്റോർ അല്ലെങ്കിൽ ഗൂഗിൾ ആപ് സ്റ്റോറിൽനിന്ന് ഡൗൺലോഡ് ചെയ്യണം. ഇൻസ്റ്റാൾ ചെയ്യണോ വേണ്ടയോ എന്നത് ഉപഭോക്താക്കളുടെ ഇഷ്ടമായിരുന്നു. ഇതിനാണ് മാറ്റം വരുന്നത്. 120 കോടിയിലധികം മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളുള്ള ലോകത്തിലെ ഏറ്റവും വലിയ മൊബൈൽ ഫോണ്‍ വിപണികളിലൊന്നാണ് ഇന്ത്യ. ഇപ്പോൾ ഉപയോഗിക്കുന്ന ഫോണുകളിൽ അപ്ഡേറ്റ് ആയി സഞ്ചാർ സാഥി ആപ്പ് എത്തും.

ആദ്യമായാണ് ഒരു സർക്കാർ ആപ് നിർബന്ധമായും ഫോണിൽ സൂക്ഷിക്കണമെന്ന് കേന്ദ്രം നിർദേശിക്കുന്നത്. ടെലികോം സൈബർ സുരക്ഷാ ചട്ടത്തിലെ പുതിയ അധികാരങ്ങൾ ഉപയോഗിച്ചാണ് ഉത്തരവ്. ഇത് സ്വകാര്യതയുടെ ലംഘനമാണെന്ന് വ്യാപക വിമർശനമുണ്ട്. കേന്ദ്ര സർക്കാർ നീക്കം ഭരണഘടനാവിരുദ്ധമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ കുറ്റപ്പെടുത്തി. ‘ബിഗ് ബ്രദറിന് നമ്മളെ നിരീക്ഷിക്കാനാകില്ല. ഭരണഘടനയുടെ ആർട്ടിക്കിൾ 21ൽ ഉൾപ്പെടുത്തിയിരിക്കുന്ന ജീവിക്കാനും സ്വാതന്ത്ര്യത്തിനുമുള്ള മൗലികാവകാശത്തിന്റെ ഒരു അവിഭാജ്യ ഭാഗമാണ് സ്വകാര്യതക്കുള്ള അവകാശം’ -വേണുഗോപാൾ എക്സിൽ കുറിച്ചു.

ഓരോ ഇന്ത്യക്കാരനെയും നിരീക്ഷിക്കാനുള്ള ആപ്പാണ് ഫോണുകളിൽ ഇൻബിൽറ്റ് ആയി ഇൻസ്റ്റാൾ ചെയ്യാൻ നിർദേശിച്ചിരിക്കുന്നത്. ഇത് ഡിലീറ്റ് ചെയ്യാനാകില്ല. ഓരോ പൗരനെയും നിരീക്ഷിക്കാനുള്ള തന്ത്രമാണിത്. നിർദേശം തങ്ങൾ നിരസിക്കുന്നതായും ഉടനടി പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിഗ് ബോസിന്‍റെ മറ്റൊരു നിരീക്ഷണ തന്ത്രമാണിതെന്ന് ശിവസേനയുടെ രാജ്യസഭ എം.പി പ്രിയങ്ക ചതുർവേദി ആരോപിച്ചു. സർക്കാർ ആപ്പുകളോ മൂന്നാം കക്ഷി ആപ്പുകളോ മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യുന്നത് തങ്ങളുടെ നയങ്ങൾക്ക് വിരുദ്ധമാണെന്ന നിലപാടുള്ള ആപ്പിൾ പുതിയ നിർദേശത്തോട് എങ്ങനെ പ്രതികരിക്കുമെന്നാണ് ഉറ്റുനോക്കുന്നത്.

നിർദേശം ഇങ്ങനെ
സൈബർ -ഫോൺ തട്ടിപ്പുകൾ തടയാനുള്ള ‘സഞ്ചാർ സാഥി’ ആപ് ഇൻബിൽറ്റ് ആയി ഇൻസ്റ്റാൾ ചെയ്യണം. ഡിലീറ്റ് ചെയ്യാൻ കഴിയരുത്. നേരത്തേ വിൽപന നടത്തിയ ഫോണുകളിൽ സോഫ്റ്റ്വെയർ അപ്ഡേഷൻ വഴി ആപ്ലിക്കേഷൻ ലഭ്യമാക്കണം.

സഞ്ചാർ സാഥി എന്തിന് ?
നഷ്ടപ്പെട്ട ഫോൺ എവിടെയെന്ന് കണ്ടുപിടിക്കാനും സംശയകരമായ കാളുകളും സന്ദേശങ്ങളും അധികൃതർക്ക് റിപ്പോർട്ട് ചെയ്യാനും ആപ് സഹായിക്കും. നഷ്ടപ്പെട്ട 37.28 ലക്ഷം ഫോണുകളുടെ ഉപയോഗം തടയാനും 22.76 ലക്ഷം ഫോൺ വീണ്ടെടുക്കാനും ജനുവരിയില്‍ ആരംഭിച്ച സഞ്ചാര്‍ സാഥി ആപ് വഴി കഴിഞ്ഞിട്ടുണ്ടെന്നാണ് സർക്കാർ കണക്ക്.

Share this

Related News

‘ആപ്പ് വേണ്ടെങ്കിൽ ഉപഭോക്താക്കൾക്ക് ഡിലീറ്റ് ചെയ്യാം, നിർബന്ധമില്ല…’; സഞ്ചാർ സാഥി ആപ്പ് വിവാദത്തിൽ കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ

മുൻ ഏഷ്യൻ ജേതാക്കളായ ഖത്തറിനെ കീഴടക്കി ഫലസ്തീൻ

അറബ് കപ്പിന് തുടക്കം; മുൻ ഏഷ്യൻ ജേതാക്കളായ ഖത്തറിനെ കീഴടക്കി ഫലസ്തീൻ, ടുണീഷ്യയെ ഞെട്ടിച്ചു സിറിയ

‘‘അമ്മേ.. എന്നോട് ക്ഷമിക്കണം, എന്റെ മക്കളെ പൊന്നുപോലെ നോക്കണം, ഈ സമ്മർദം താങ്ങാനാവുന്നില്ല’; യു.പിയിൽ ആത്മഹത്യ ചെയ്ത ബി.എൽ.ഒയുടെ വിഡിയോ പുറത്ത്

ബ്രിട്ടനിലേക്ക് ലഹരി കടത്ത്: ഇന്ത്യൻ വംശജന് 10 വർഷം തടവ്

വഖഫ് രജിസ്‌ട്രേഷന്‍: സമസ്തയുടെ ഹരജി തിങ്കളാഴ്ച സുപ്രിം കോടതി പരിഗണിക്കും

15 വയസിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തുടങ്ങാൻ കഴിയില്ല; പുതിയ തീരുമാനവുമായി ഡെന്മാർക്ക്

Leave a Comment

error: Content is protected !!