വാഷിങ്ടൻ/കീവ് ∙ യുക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കുന്നതിന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ച സമാധാന പദ്ധതിയുടെ വ്യവസ്ഥകൾ സംബന്ധിച്ച് യുഎസ് സംഘം അബുദാബിയിൽ റഷ്യൻ പ്രതിനിധികളുമായി ചർച്ച നടത്തി. യുഎസ് ആർമി സെക്രട്ടറി ഡാൻ ഡ്രിസ്കർ നേതൃത്വം നൽകി. യുക്രെയ്ൻ സംഘവും അബുദാബിയിലുണ്ടെന്നും ഡ്രിസ്കൽ ഇവരെയും കാണുമെന്നും റിപ്പോർട്ടുണ്ട്.
സ്വിറ്റ്സർലൻഡിലെ പ്രാഥമിക ചർച്ചയിൽ സമാധാനപദ്ധതിയിലെ പിഴവുകൾ തിരുത്തിയതായും മൊത്തത്തിൽ പ്രതീക്ഷയുണ്ടെന്നും യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി പറഞ്ഞിരുന്നു. ചില കാര്യങ്ങളിൽ ട്രംപുമായി ചർച്ച നടത്താനുണ്ടെന്നും സൂചിപ്പിച്ചു.
പുതിയ കരട് അലാസ്കയിൽ ട്രംപും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും തമ്മിൽ നടത്തിയ ചർച്ചകളോടു നീതി പുലർത്തുന്നതായിരിക്കണമെന്ന് പുട്ടിന്റെ വക്താവ് ദിമിത്രി പെസ്കോവ് ആവശ്യപ്പെട്ടു. സമാധാന ചർച്ച ഒരു വശത്തുനടക്കുമ്പോഴും യുക്രെയ്നിലെ ആക്രമണങ്ങൾക്ക് അയവില്ല. കീവിൽ റഷ്യ നടത്തിയ ആക്രമണത്തിൽ 7 പേർ കൊല്ലപ്പെട്ടു. 20 പേർക്കു പരുക്കേറ്റു. ശൈത്യം കടുത്ത കീവിൽ മിസൈലുകളെയും ഡ്രോണുകളെയും പേടിച്ച് ജനങ്ങൾ ഭൂമിക്കടിയിലുള്ള സുരക്ഷിത കേന്ദ്രങ്ങളിലും ടെന്റുകളിലുമായി കഴിയുകയാണ്.









