ലണ്ടൻ ∙ അനധികൃത ബോട്ടുകളിലും മറ്റും ബ്രിട്ടനിലെത്തി അഭയാർഥി സ്റ്റാറ്റസ് തരപ്പെടുത്താൻ ശ്രമിക്കുന്ന പ്രവണത അവസാനിപ്പിക്കാൻ ബ്രിട്ടൻ ശക്തമായ നിയമ നിർമാണത്തിന് ഒരുങ്ങുന്നു. ഡെന്മാർക്ക് മോഡൽ നിയമ നിർമാണത്തിലൂടെ സങ്കീർണമായ അഭയാർഥി പ്രശ്നത്തിന് പരിഹാരം കാണാനാണ് സർക്കാർ ശ്രമിക്കുന്നത്.
അഭയാർഥികളായി എത്തുന്നവർക്ക് പുതിയ നിയമ പ്രകാരം ബ്രിട്ടനിൽ താൽകാലിക താമസത്തിന് മാത്രമാകും അവസരം. പൗരത്വം ലഭിക്കാൻ 20 വർഷം വരെ കാത്തിരിക്കുകയും വേണം. ഇതുസംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ തിങ്കളാഴ്ച ഹോം സെക്രട്ടറി ഷബാന മഹ്മൂദ് പാർലമെന്റിൽ നടത്തും.
ഡെന്മാർക്കിൽ അഭയാർഥികൾക്ക് അവരുടെ അപേക്ഷ അംഗീകരിച്ചാൽ താൽകാലികമായി മാത്രമേ രാജ്യത്ത് തുടരനാകൂ. അവരുടെ രാജ്യം സുരക്ഷിതമാണെന്ന് ഉറപ്പായാൽ തിരികെ പോകുകയും വേണം. ഇനി ഏതെങ്കിലും സാഹചര്യത്തിൽ സ്ഥിരതാമസത്തിന് അനുമതി ലഭിക്കണമെങ്കിൽ ദീർഘകാലം താമസിച്ച് സ്ഥിരം ജോലിയിൽ ഏർപ്പെടുകയും നികുതി അടയ്ക്കുകയും വേണം. കുടംബാംഗങ്ങളെ കൂടെ കൊണ്ടുവരാനും നിയന്ത്രണങ്ങൾ ഏറെയാണ്.
നിലവിൽ ബ്രിട്ടനിലെ നിയമമനുസരിച്ച് അഭയം ലഭിക്കുന്ന വ്യക്തി അഞ്ചുവർഷക്കാലം ബ്രിട്ടനിൽ തുടരുകയാണെങ്കിൽ ഐ.എൽ.ആറിന് (അനിശ്ചിതകാല താമസത്തിനുള്ള അനുമതി) അപേക്ഷിക്കാം. പൗരത്വം ലഭിക്കുന്നതിനുള്ള ആദ്യ പടിയാണിത്. ഈ നിയമത്തിനു പകരം അഭയാർഥികൾക്ക് താൽകാലിക താമസസൌകര്യം മാത്രം അനുവദിക്കാനുള്ള നിർദേശമാകും പുതിയ നിയമത്തിൽ ഉണ്ടാകുക. കൃത്യമായ ഇടവേളകളിൽ ഇത് പുനഃപരിശോധിക്കുകയും ഇവരുടെ പ്രവർത്തി ഏതെങ്കിലും തരത്തിൽ രാജ്യത്തിന് ഭീഷണിയാണെന്ന് കണ്ടാൽ ഉടൻ തിരിച്ചയയ്ക്കുകയും ചെയ്യും.
റിഫോം യുകെ ഉയർത്തുന്ന കുടിയേറ്റ വിരുദ്ധ തരംഗത്തെ മറികടക്കാനാണ് ലേബർ സർക്കാർ ഇത്തരത്തിൽ കനത്ത നിയമ നടപടികളുമായി രംഗത്തു വരുന്നത്. അതിശക്തമായ നടപടികളിലൂടെ ജനങ്ങളുടെ വിശ്വാസ്യത ആർജിക്കാത്ത പക്ഷം രാഷ്ട്രീയ നലനിൽപു തന്നെ അപകടത്തിലാണെന്ന തിരിച്ചറിവാണ് പൊതുവേ കുടിയേറ്റക്കാരോടും അഭയാർഥികളോടും മൃതു സമീപനം സ്വീകരിക്കുന്ന ലേബർ പാർട്ടിയെ മറിച്ചു ചിന്തിക്കാനും പ്രവർത്തിക്കാനും നിർബന്ധിതരാക്കുന്നത്.









