കാനഡയില്‍ജനിച്ച,വിയന്നയില്‍ താമസിക്കുന്ന ബ്രിട്ടീഷ് ഹംഗേറിയന്‍ എഴുത്തുകാരനായ സലായ് അദ്ദേഹത്തിന്റെ പേരിനുമുന്‍പിലുള്ള അനേകം രാജ്യങ്ങളെപ്പോലുള്ള അനേകമിടങ്ങളില്‍ ചിതറിക്കിടക്കുന്ന അസമാധാനത്തിന്റെ കഥകള്‍ പറയുന്നു
കൊച്ചി വിമാനത്താവളം അനിതയെ വ്യാകുലപ്പെടുത്തി. അവള്‍ ഡല്‍ഹിയിലേക്കു താമസം മാറ്റിയിട്ട് പത്തുവര്‍ഷം കഴിഞ്ഞിരുന്നു. അവ്യക്തമായ എന്തോ കാരണംകൊണ്ട് അവിടെനിന്ന് അകന്നുപോകണമെന്ന് അവള്‍ക്കുതോന്നി. എപ്പോഴത്തെയും പോലെ ഇപ്പോഴും താഴ്ന്ന മേല്‍ക്കൂരയുള്ള വിമാനത്താവളം കടക്കുമ്പോള്‍ ആ സ്ഥലം തന്നെ തിരിച്ചുപിടിക്കുമെന്ന് അവള്‍ ഭയന്നു. സഹോദരിയായ നളിനി പറഞ്ഞതുകൊണ്ടാണ് അവള്‍ തിരിച്ചുവന്നത്. എന്നാല്‍, ഓട്ടോറിക്ഷയില്‍ നിന്നിറങ്ങുമ്പോള്‍ നളിനിയുടെ വീട്, അവള്‍ ഫോണില്‍ വിളിച്ചു പറഞ്ഞതുപോലെ പൂര്‍ണമായും കത്തിനശിച്ചിട്ടില്ലെന്നു കണ്ടപ്പോള്‍ അവള്‍ക്ക് തെല്ലൊരു ഈര്‍ഷ്യ തോന്നി. തന്റെ സാന്നിധ്യം അത്യാവശ്യമാണെന്നു തോന്നിയതിനാലാവാം നളിനി അങ്ങനെ പറഞ്ഞതെന്ന് അവള്‍ വിചാരിച്ചു. അപ്പോഴാണ് നളിനിയുടെ കണ്‍തടത്തിനു താഴെയുള്ള പാടുകള്‍ അവള്‍ കണ്ടത്. ഭര്‍ത്താവ് അവളെ അടിച്ചതാണെന്ന് അനിതയ്ക്ക് മനസ്സിലായി. ഖത്തറില്‍നിന്ന് വല്ലപ്പോഴും മാത്രം നാട്ടിലെത്തുന്ന ഭര്‍ത്താവ് സ്ഥിരമായി കൂടെനില്‍ക്കാനാണ് വീട്ടിലുണ്ടായ തീപ്പിടിത്തത്തെ നളിനി വിപുലീകരിച്ചത്. കള്ളംപറഞ്ഞതിന് അയാളവളെ അടിക്കുകയും ചെയ്തു. ഇങ്ങനെയുള്ള ഒരുവന്റെ കൂടെ കഴിയേണ്ടതില്ലെന്ന് അനിത തറപ്പിച്ചുപറഞ്ഞു. കാരണം തന്നെ മാനസികമായി പീഡിപ്പിച്ച ഒരുവനെ വിട്ടുപോന്നവളാണ് അവള്‍. കുട്ടികള്‍ക്ക് ഇപ്പോഴും അയാള്‍ ചെലവിനുതരുന്നുണ്ടെന്നും അല്ലെങ്കില്‍ അനിത പറഞ്ഞതുപോലെ ചെയ്‌തേനെ എന്നുമായിരുന്നു നളിനിയുടെ മറുപടി. അപ്പോള്‍ ഭര്‍ത്താവ് അങ്ങോട്ടു കയറി വരുന്നു. തന്റെ സഹോദരിയെ ക്രൂരമായി മര്‍ദിച്ചതിനെപ്പറ്റി അനിത അയാളെ ചോദ്യം ചെയ്യുന്നു. ”നളിനി നിങ്ങളെ ഉപേക്ഷിക്കാന്‍ പോവുകയാണ്” -അവള്‍ പറഞ്ഞു. അപ്പോള്‍ അവളെ ഞെട്ടിച്ചുകൊണ്ട് നളിനി പറയുന്നു: ”ഞാനങ്ങനെ ചെയ്യില്ല.” പുച്ഛത്തോടെയും വെറുപ്പോടെയും ആ രണ്ടു സ്ത്രീകളെയും നോക്കി കാറിത്തുപ്പിയിട്ട് അയാള്‍ ഇറങ്ങിപ്പോകുന്നു.
ചിതറിക്കിടക്കുന്ന അസമാധാനങ്ങള്‍
ഈ കഥ മലയാളിയായ ഏതെങ്കിലും എഴുത്തുകാരിയുടേതാണെന്നു കരുതിയെങ്കില്‍ തെറ്റി. ഈ വര്‍ഷത്തെ ബുക്കര്‍ പുരസ്‌കാരം നേടിയ ഡേവിഡ് സലായ് (David Szalay)യുടെ Turbulence എന്ന സമാഹാരത്തിലുള്ളതാണ് DEL – COK എന്നുപേരുള്ള ഈ കഥ. DEL എന്നത് ഡല്‍ഹി വിമാനത്താവളത്തിന്റെ ചുരുക്കപ്പേരാണ്. COK കൊച്ചി വിമാനത്താവളത്തിന്റെയും.
കഥയിലൊരിടത്ത് യൂറോപ്യന്‍ മുഖച്ഛായയുള്ള ഒരു ക്രിസ്തുവിന്റെ ചിത്രത്തെപ്പറ്റി പറയുന്നുണ്ട്. ‘നിന്റെ സമാധാനം ഞങ്ങള്‍ക്ക് നല്‍കേണമേ.’ എന്ന് ചിത്രത്തിനടിയില്‍ എഴുതിയിരിക്കുന്നു. പക്ഷേ, എവിടെയാണ് സമാധാനമുള്ളത്? കാനഡയില്‍ ജനിച്ച, വിയന്നയില്‍ താമസിക്കുന്ന ബ്രിട്ടീഷ് ഹംഗേറിയന്‍ എഴുത്തുകാരനായ സലായ് അദ്ദേഹത്തിന്റെ പേരിനു മുന്‍പിലുള്ള അനേകം രാജ്യങ്ങളെപ്പോലുള്ള അനേകമിടങ്ങളില്‍ ചിതറിക്കിടക്കുന്ന അസമാധാനത്തിന്റെ കഥകള്‍ പറയുന്നു.
കനേഡിയന്‍ എഴുത്തുകാരി ഷാനണ്‍ ബ്രാമെര്‍(Shannon Bramer) തന്റെ The Refrigerator Memory എന്ന കവിതാ സമാഹാരത്തില്‍ തന്റെ ‘പൗരത്വം രഹസ്യമാക്കിവെക്കുന്ന’ പ്രണയത്തെപ്പറ്റി പറയുന്നുണ്ട്. വഴിപിഴച്ചവനും അത്യാഗ്രഹിയുമാണ് ആ പ്രണയം. എന്നാല്‍, സലായ്‌യുടെ കഥകളില്‍ വികാരങ്ങള്‍ അവ ഏതു രാജ്യവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന കാര്യം മറച്ചുവെക്കുന്നില്ല. എന്നാല്‍, തലതിരിഞ്ഞതും ആര്‍ത്തിമൂത്തവയുമാണ് അവയും.
കാനഡയിലെ മോണ്‍ട്രിയലില്‍ ജനിച്ച ഡേവിഡ് സലായ് യുടെ അച്ഛന്‍ ഹംഗറിക്കാരനും അമ്മ കാനഡക്കാരിയുമാണ്. London and the South-East ആണ് അദ്ദേഹത്തിന്റെ ആദ്യത്തെ നോവല്‍. 2016-ലെ ബുക്കര്‍ സമ്മാനത്തിന്റെ ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ച All that Man is എന്ന നോവല്‍ അദ്ദേഹത്തെ ഏറെ ശ്രദ്ധേയനാക്കി. നോവലിലൊരിടത്ത് ഇങ്ങനെ പറയുന്നു: ‘അവിടെ സ്വാതന്ത്ര്യത്തിന്റെ ആഹ്ലാദകരമായ നിമന്ത്രണമുണ്ടായിരുന്നു.- ആകാശത്തില്‍ ഒരു വിമാനം താണുപറക്കുന്നതു കാണുന്നതുവരെ.” പുതിയ തലമുറയ്ക്ക് അവരെ അന്യദേശങ്ങളിലേക്ക് വഹിച്ചുകൊണ്ടുപോകുന്ന വിമാനങ്ങള്‍ സ്വാതന്ത്ര്യത്തിന്റെ പ്രതീകമല്ല. അവ അവരെ അകലെയുള്ള കൂടുകളിലടയ്ക്കാനുള്ള ഉപകരണങ്ങള്‍ മാത്രമാണ്. സലായ്യെപ്പോലെ ആഗോളീകരണത്തിന്റെ പാരുഷ്യങ്ങള്‍ ഇത്രയും ഗഹനതയോടെ ചിത്രീകരിക്കുന്ന മറ്റധികം എഴുത്തുകാര്‍ ഇല്ലെന്നുതന്നെ പറയാം.
ഈ വര്‍ഷത്തെ ബുക്കര്‍ പുരസ്‌കാരം നേടിയ Flesh എന്ന നോവലും ഇത്തരത്തില്‍ അന്യവത്കരിക്കപ്പെട്ട ഒരാളുടെ കഥയാണ് പറയുന്നത്. ഇഷ്ട്വാന്‍ എന്നയാളാണ് പ്രധാനകഥാപാത്രം. The Door എന്ന പുസ്തകത്തില്‍ ഹംഗേറിയന്‍ എഴുത്തുകാരി മാഗ്ദ സ്വാബോ (Magda Szabo) മറക്കാനാഗ്രഹിക്കുന്ന കാര്യങ്ങള്‍ ഓര്‍ത്തുവെക്കുന്ന ഛായാചിത്രങ്ങളെപ്പറ്റി പറയുന്നുണ്ട്. അത്തരമൊരു ചിത്രമാണ് ഇഷ്ട്വാനും.
സാഹിത്യത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരം നേടിയ ലാസ്ലോ ക്രസ്‌നഹോര്‍ക്കയിയുടെ എഴുത്തിലെ ഇരുട്ട് രാഷ്ട്രങ്ങളുടെ ജീര്‍ണതയില്‍ നിന്നാണുണ്ടാകുന്നതെങ്കില്‍ സലായ്യുടെ എഴുത്തില്‍ അന്ധകാരം പരത്തുന്നത് ഒറ്റപ്പെട്ടുപോകുന്ന വ്യക്തികളാണ്. അതുകൊണ്ടുതന്നെ ഈ രണ്ടു ഹംഗേറിയന്‍ എഴുത്തുകാരും തെളിച്ചുകാണിക്കുന്നു ഇരുട്ടിന്റെ രണ്ടു മുഖങ്ങള്‍.









