ചെറിയ കുട്ടികൾ കള്ളം പറയുന്നത് മിക്ക രക്ഷിതാക്കളെയും വിഷമത്തിലാക്കാറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. ചെറുപ്രായത്തിൽ കുട്ടികൾ ചില നുണക്കഥകൾ ഉണ്ടാക്കിപ്പറയുന്നത് സാധാരണയാണ്. അതിനെ വലിയ കുഴപ്പമായി കാണരുത്. വളരുന്ന പ്രായത്തിൽ കുട്ടികളുടെ ഭാവനയും ചിന്താശേഷിയും മെച്ചപ്പെടുന്നതിന്റെ ഭാഗമാണ് അതെന്ന് മനസ്സിലാക്കുക.
ചില കാര്യങ്ങൾ, ഉദാഹരണത്തിന് സ്‌കൂളിൽ നടന്നേതാ കളിക്കിടയിൽ വഴക്കിട്ടതോ ആയ കാര്യങ്ങൾ കുട്ടി പറഞ്ഞത് കള്ളമാണെന്ന് മനസ്സിലാക്കിയാൽ ഉടനെ ദേഷ്യപ്പെടാതിരിക്കുക. പലപ്പോഴും അടികിട്ടുമോ വഴക്കുപറയുമോ എന്നൊക്കെ പേടിച്ചിട്ടാകും നുണ പറയുന്നത്. അതുകൊണ്ടുതന്നെ നിങ്ങൾ ദേഷ്യപ്പെടുന്നത് കൂടുതൽ പ്രശ്നത്തിലേക്ക് നയിക്കും. കുട്ടി പറഞ്ഞത് കള്ളമാണെന്ന് അച്ഛനും അമ്മയ്ക്കും മനസ്സിലായെന്ന് സ്നേഹത്തോടെ വിളിച്ചിരുത്തി പറയാം. എന്തുകാര്യവും തുറന്നുപറഞ്ഞാൽ തീരുമെന്ന് അവരെ ബോധ്യപ്പെടുത്തുക. കള്ളം പറഞ്ഞാൽ കണ്ണുപൊട്ടുമെന്നും മറ്റും പറഞ്ഞ് പേടിപ്പിക്കാതെ, സത്യം പറയുന്നത് ശീലമാക്കുകയാണ് വേണ്ടതന്ന് പറയാം. സത്യം പറയുന്നത് തല്ക്കാലം ബുദ്ധിമുട്ടുണ്ടാക്കിയാലും അത് ഗുണേമ ചെയ്യൂവെന്ന് പറഞ്ഞുകൊടുക്കണം. ഗാന്ധിജിയെയും മറ്റും ഉദാഹരണമാക്കി നല്ല കഥകൾ പറഞ്ഞുെകൊടുക്കാം. കുട്ടി ചെയ്ത തെറ്റ് തുറന്നുപറയുകയാണെങ്കിൽ ആ തെറ്റിനെ മാറ്റിനിർത്തി അത് പറയാൻ കാണിച്ച നന്മയെ അഭിനന്ദിക്കുക. ചെറുപ്പത്തിലേ ഇത്തരമൊരു ശീലമുണ്ടാക്കിയെടുത്തെങ്കിൽ മാത്രമേ അവർ ഭാവിയിലും സത്യസന്ധരായി തീരുകയുള്ളൂ.







