---Advertisement---

യൂറോപ്പിലെ പൊതുഗതാഗതം ചൈന അട്ടിമറിക്കുമോ ? ബസുകളിൽ ‘Kill Switch’ ഉണ്ടെന്ന് സംശയം, യൂറോപ്പ് അന്വേഷണം ആരംഭിച്ചു

On: December 2, 2025 7:25 AM
Follow Us:
Photo Courtesy: Google
---Advertisement---

ലോഖീദ് മാര്‍ട്ടിന്റെ എഫ് -35 ലൈറ്റ്‌നിങ് സ്റ്റെല്‍ത്ത് ഫൈറ്റര്‍ ജെറ്റുകളിലെ കില്‍ സ്വിച്ച് സംബന്ധിച്ച ആശങ്കകള്‍ ഇനിയും അവസാനിച്ചിട്ടില്ല. അതിനിടെ യൂറോപ്പിനെ പുതിയൊരു ആശങ്ക അസ്വസ്ഥമാക്കുകയാണ്. യൂറോപ്പിലെ വിവിധ നഗരങ്ങളിലൂടെ ഓടുന്ന ചൈനീസ് ഇലക്ട്രിക് ബസുകള്‍ വിദൂരമായി നിര്‍ജീവമാക്കാനുള്ള കില്‍ സ്വിച്ച് ചൈനയുടെ പക്കലുണ്ടോ എന്ന ചോദ്യമാണ് ഉയരുന്നത്.

To advertise here,

അമേരിക്കന്‍ സൈനിക സാങ്കേതികവിദ്യാ കമ്പനിയായ ലോഖീദ് മാര്‍ട്ടിന്‍ നിര്‍മിച്ച എഫ് 35 വിമാനത്തെ നിര്‍ജീവമാക്കാനോ, അതിലെ ആക്രമണ സംവിധാനങ്ങള്‍ തടസപ്പെടുത്താനോ ഉള്ള രഹസ്യ സംവിധാനം അഥവാ ‘കില്‍ സ്വിച്ച്’ യുഎസിന്റെ പക്കലുണ്ടോ എന്നതാണ് എഫ് -35 വിമാനവുമായി ബന്ധപ്പെട്ട ആശങ്ക. സമാനമായി ചൈനീസ് ബസുകളെ നിയന്ത്രിക്കാനുള്ള സംവിധാനം ചൈനയുടെ പക്കലുണ്ടോ എന്ന് യൂറോപ്പ് സംശയിക്കുന്നു.

ഡെന്മാര്‍ക്ക്, നെതര്‍ലാന്‍ഡ്‌സ്, നോര്‍വേ ഉള്‍പ്പടെയുള്ള യൂറോപ്യന്‍ നാടുകളില്‍ നൂറുകണക്കിന് ചൈനീസ് നിര്‍മിത ഇലക്ട്രിക് ബസുകളുടെ പ്രവര്‍ത്തനം ചൈനയ്ക്ക് നിര്‍ത്തലാക്കാന്‍ കഴിയുമോ എന്നതില്‍ യൂറോപ്യന്‍ യൂണിയന്‍ അന്വേഷണം ആരംഭിച്ചു. രാജ്യത്ത് ഏറ്റവും അധികം വിതരണം ചെയ്യപ്പെടുന്ന ചൈനീസ് ഇലക്ട്രിക് ബസ് നിര്‍മാതാക്കളായ യൂടോങിനെതിരെ യുകെയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

യുകെയിലെ ഗതാഗതവകുപ്പ് ഉദ്യോഗസ്ഥര്‍ നാഷണല്‍ സൈബര്‍ സുരക്ഷാ കേന്ദ്രവുമായി സഹകരിച്ച് യുകെയിലെ വാഹനങ്ങളുടെ നിയന്ത്രണ സംവിധാനങ്ങള്‍ സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റുകള്‍ക്ക് ഡയഗ്നോസ്റ്റിക്‌സിനും വേണ്ടി യുടോങിന് ആക്‌സസ് ചെയ്യാനാവുമോ എന്ന് പരിശോധിക്കുന്നുണ്ട്.

യുകെയിലുടനീളം നിലവില്‍ ഏകദേശം 700 യുടോങ് ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്, സ്റ്റേജ്കോച്ച്, ഫസ്റ്റ് ബസ് എന്നിവയുള്‍പ്പെടെ പ്രശസ്ത ഗ്രൂപ്പുകള്‍ ഇവ ഉപയോഗിക്കുന്നു. ഈ രണ്ട് കമ്പനികള്‍ക്കും മാത്രം 200-ലധികം ബസുകള്‍ വീതമുണ്ടെന്നാണ് കരുതപ്പെടുന്നത്. ട്രാന്‍സ്‌പോര്‍ട്ട് ഫോര്‍ ലണ്ടന്‍ (TfL) മാനദണ്ഡങ്ങള്‍ പാലിക്കും വിധം രൂപകല്‍പ്പന ചെയ്ത പുതുതായി പുറത്തിറക്കിയ ഡബിള്‍ ഡെക്കര്‍ ഇലക്ട്രിക് മോഡലിലൂടെ ലണ്ടന്‍ വിപണി ശക്തമാക്കാനും യൂടോങ് ശ്രമിച്ചുവരികയാണ്. ഓസ്‌ട്രേലിയയിലും യൂടോങ് ബസുകള്‍ക്കെതിരെ സമാനമായ അന്വേഷണം നടക്കുന്നുണ്ടെന്നാണ് വിവരം.

അതേസമയം, ഇസ്രയേലില്‍ മുതിര്‍ന്ന ഐഡിഎഫ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ ചൈനീസ് ഇലക്ട്രിക് കാറുകള്‍ സര്‍ക്കാര്‍ കണ്ടുകെട്ടാന്‍ തുടങ്ങിയതായാണ് വിവരം. വിവരച്ചോര്‍ച്ച, രഹസ്യനിരീക്ഷണം, രാജ്യസുരക്ഷ ആശങ്കകളെതുടര്‍ന്നാണ് നടപടി.

യൂടോങ് ബസുകള്‍ നിര്‍ത്താനോ പ്രവര്‍ത്തനരഹിതമാക്കാനോ യൂടോങിന് സാധിക്കുമെന്ന് നോര്‍വേ നടത്തിയ സമാനമായ അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് യൂറോപ്യന്‍ രാജ്യങ്ങളും ഓസ്‌ട്രേലിയയും അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

നോര്‍വേയുടെ കണ്ടെത്തല്‍

ശുദ്ധമായ ഊര്‍ജം ഉപയോഗിക്കുന്നതിലേക്ക് മാറുകയെന്ന ലക്ഷ്യത്തോടെ നോര്‍വേയുടെ തലസ്ഥാനമായ ഓസ്ലോ നൂറ് കണക്കിന് ചൈനീസ് യൂടോങ് ഇലക്ട്രിക് ബസുകള്‍ അവതരിപ്പിച്ചിരുന്നു. കഴിഞ്ഞമാസമാണ് നോര്‍വേ യൂടോങ് ബസുകളെ സംബന്ധിച്ച അന്വേഷണം ആരംഭിച്ചത്. ഇതില്‍ ഈ ബസുകളെല്ലാം ചൈനയ്ക്ക് ദൂരെ നിന്ന് ആക്‌സസ് ചെയ്യാനും നിമിഷങ്ങള്‍ക്കുള്ളില്‍ പ്രവര്‍ത്തനരഹിതമാക്കാനും സാധിക്കുമെന്ന് കണ്ടെത്തി. ബസിന്റെ ബാറ്ററി, പവര്‍മാനേജ് സംവിധാനങ്ങളില്‍ യൂടോങിന് ആക്‌സസുണ്ടെന്ന് നോര്‍വീജിയന്‍ ട്രാന്‍സ്‌പോര്‍ട്ട് ഓപ്പറേറ്ററായ റൂട്ടര്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി.

ഓവര്‍ദി എയര്‍ അപ്‌ഡേറ്റുകള്‍ വഴി കമ്പനിക്ക് ബസുകളിലെ സോഫ്റ്റ് വെയറുകളിലേക്ക് പ്രവേശനമുണ്ട്. ഇത് ആവശ്യമെങ്കില്‍ അവ പ്രവര്‍ത്തന രഹിതമാക്കുന്നതിനും ഉപയോഗിക്കാനാവും. എങ്കിലും യൂടോങ് ബസുകള്‍ നിയന്ത്രിക്കാനോ പ്രവര്‍ത്തനരഹിതമാക്കാനോ ശ്രമിച്ചതിന് തെളിവുകളൊന്നുമില്ലെന്ന് റൂട്ടര്‍ പറഞ്ഞു.

സിം കാര്‍ഡ് നീക്കം ചെയ്താല്‍ ഭാവി സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റുകള്‍ തടയാനും ബാഹ്യ ഇടപെടലുകള്‍ ഒഴിവാക്കാന്‍ സാധിക്കുകയും ചെയ്യും. അതായത് ഈ ബസുകളുടെ കില്‍ സ്വിച്ച് ചൈനയുടെ പക്കലുണ്ട് എന്ന് തന്നെയാണ് നോര്‍വേയുടെ കണ്ടെത്തല്‍.

യൂടോങിന്റെ പ്രതികരണം

ഈ ആശങ്കകള്‍ക്ക് മറുപടി നല്‍കി യൂടോങും രംഗത്തുവന്നിട്ടുണ്ട്. റിമോട്ട് കണ്‍ട്രോള്‍ സംവിധാനങ്ങള്‍ എസി ഷെഡ്യൂളിങ് പോലുള്ള വാഹനങ്ങളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് ഉപയോഗിക്കുന്നതെന്നും സ്റ്റീയറിങ്, ബ്രേക്കിങ്, ആക്‌സിലറേഷന്‍ പോലുള്ളവ നിയന്ത്രിക്കില്ലെന്നും കമ്പനി പറഞ്ഞു.

അതേസമയം ചൈനീസ് കമ്പനി ആയതുകൊണ്ട് മാത്രമാണ് യൂറോപ്പിന്റെ ഈ ആശങ്കകള്‍. കാരണം, ഒടിഎ അപ്‌ഡേറ്റ് സംവിധാനങ്ങളിലൂടെ അത്യാധുനിക വാഹനങ്ങളുടെ സോഫ്റ്റ് വെയറിലേക്കുള്ള പ്രവേശം ചൈനീസ് കമ്പനികള്‍ക്ക് മാത്രമല്ല. ടെസ് ല, ഫോര്‍ഡ്, ബിവൈഡി, ബിഎംഡ്ബ്ല്യൂ, ജിഎം പോലുള്ള കമ്പനികളുടെ വാനങ്ങളും ഒടിഎ സൗകര്യങ്ങളുണ്ട്. വാഹനങ്ങളിലെ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, എസി, നാവിഗേഷന്‍ മാപ്പ് ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ക്കായാണ് അത് ഉപയോഗപ്പെടുത്തുന്നത്.

Share this

Related News

Leave a Comment

error: Content is protected !!