ബര്‍ലിന്‍ :ജർമനി ശൈത്യകാലത്തിലെ കനത്ത മഞ്ഞിലും അതിശൈത്യത്തിലും വലയുകയാണ്. രാജ്യത്ത് എവിടെയും മൈനസ് ഡിഗ്രിയിലേക്ക് താപനില താഴ്ന്നു. തണുപ്പിന്റെ കാഠിന്യം മൈനസ് 15 ഡിഗ്രി സെൽഷ്യസ് വരെ എത്തുമെന്നാണ് നിലവിലെ കാലാവസ്ഥാ പ്രവചനം. ഇതേ തുടർന്ന് രാജ്യത്ത് ഫ്രോസ്റ്റ് അലർട്ട് പ്രഖ്യാപിച്ചു
ശൈത്യകാലം ശക്തമായതോടെ ശനിയാഴ്ച ലോവർ സാക്സണി സംസ്ഥാനത്തിലെ ലീറിലെ ലെവൽ ക്രോസിങ്ങിൽ വെച്ച് 79 വയസ്സുള്ള ഒരാൾ സൈക്കിളിൽ നിന്ന് വീണ് മരിച്ചു. റോഡ് പൂർണ്ണമായും മഞ്ഞുമൂടിയതിനാൽ സൈക്കിൾ ട്രാക്കിലേക്ക് തെന്നിമാറി വീഴുകയും ട്രെയിൻ ഇടിക്കുകയുമായിരുന്നു. ട്രെയിൻ ബ്രേക്കിങ് ചെയ്തെങ്കിലും ഇദ്ദേഹത്തെ രക്ഷിക്കാനായില്ല.
കനത്ത മഞ്ഞും, ‘കറുത്ത മഞ്ഞും’ (Black Ice) മൂലം ഒട്ടറെ ചെറു വാഹനാപകടങ്ങളും റോഡപകടങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു. നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. മഴയും തണുത്തുറഞ്ഞ മണ്ണും കൂടിച്ചേർന്ന് അപകടകരമായ ‘ഗ്ലാറ്റ് ഐസ്’ (Glatt-Eis – വഴുക്കലുള്ള മഞ്ഞ്) രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
തണുത്തു മരവിക്കുന്ന ഈ കാലാവസ്ഥ രണ്ടുദിവസം കൂടി തുടരുമെന്നും, കൂടുതൽ മഞ്ഞുവീഴ്ച തുടരുമെന്നും കാലാവസ്ഥാ മുന്നറിയിപ്പുണ്ട്. കഠിനമായ തണുപ്പ് അനുഭവപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.
പ്രത്യേകിച്ചും, ജർമനിയിൽ പുതുതായി എത്തി കാറും മറ്റും സ്വന്തമാക്കിയവരും ആദ്യമായി ഈ തണുപ്പും മഞ്ഞും അനുഭവിക്കുന്നവരും വാഹനമോടിക്കുമ്പോൾ അതീവ ശ്രദ്ധ പുലർത്തണം. മഞ്ഞുമൂടിയ റോഡുകളിൽ ഡ്രൈവർമാരും കാൽനടയാത്രക്കാരും ജാഗ്രത പാലിച്ചില്ലെങ്കിൽ ജീവൻ തന്നെ അപകടത്തിലാകാൻ സാധ്യതയുണ്ട്. അടുത്ത ആഴ്ചയുടെ തുടക്കത്തിൽ തന്നെ വഴുക്കലുള്ള അവസ്ഥയായ ‘ഗ്ലാറ്റ് ഐസ്’ വീണ്ടും തിരിച്ചെത്തിയേക്കാമെന്നും മുന്നറിയിപ്പുണ്ട്.












