ബ്രസല്‍സ്: യൂറോപ്യന്‍ രാജ്യങ്ങളെ ഒരുകാലത്ത് പ്രകാശപൂരിതമാക്കിയിരുന്നത് റഷ്യ ആയിരുന്നു. റഷ്യയില്‍ നിന്നുള്ള പ്രകൃതി വാതകം ഇറക്കുമതി ചെയ്ത് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുകയായിരുന്നു യൂറോപ്പ്. കൂടാതെ മറ്റു ഊര്‍ജ ആവശ്യങ്ങള്‍ക്കും റഷ്യയെ ആയിരുന്നു യൂറോപ്യന്‍ രാജ്യങ്ങള്‍ പ്രധാനമായും ആശ്രയിച്ചിരുന്നത്. എന്നാല്‍ 2022ല്‍ കാര്യങ്ങള്‍ മാറി.
യുക്രൈന്‍ അധിനിവേശത്തില്‍ നിന്ന് റഷ്യയെ പിന്തിരിപ്പിക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ റഷ്യയ്ക്ക് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കി ഉപരോധം പ്രഖ്യാപിച്ചു. റഷ്യയുടെ എണ്ണയും വാതകവും ഇറക്കുമതി ചെയ്യുന്നത് നിര്‍ത്തി. ഇതോടെ ബദല്‍ മാര്‍ഗം തേടിയ യൂറോപ്യന്‍ യൂണിയന്‍ എത്തിയത് ഖത്തറിലാണ്. ലോകത്ത് അമേരിക്കയും ഓസ്‌ട്രേലിയയും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പ്രകൃതി വാതകം (എല്‍എന്‍ജി) കയറ്റുമതി ചെയ്യുന്നത് ഖത്തറാണ്.
ഖത്തറിന് പുറമെ മറ്റു രാജ്യങ്ങളെയും വാതകത്തിന് വേണ്ടി യൂറോപ്പ് ആശ്രയിക്കുന്നുണ്ട്. യൂറോപ്പ് ഇറക്കുമതി ചെയ്യുന്ന വാതകത്തില്‍ 14 ശതമാനം ഖത്തറില്‍ നിന്നാണ്. എന്നാല്‍, പുതിയ സാഹചര്യത്തില്‍ യൂറോപ്പിന് വാതകം നല്‍കുന്നത് നിര്‍ത്തിവയ്‌ക്കേണ്ടി വരുമെന്നാണ് ഖത്തര്‍ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. അതിന് കാരണം യൂറോപ്പ് അടുത്തിടെ പ്രഖ്യാപിച്ച പുതിയ നിയമമാണ്.
കോര്‍പറേറ്റ് സസ്റ്റൈനബിലിറ്റി ഡ്യു ഡിലിജന്‍സ് ഡൈറക്ടീവ് (സിഎസ്ഡിഡിഡി) എന്ന പേരില്‍ യൂറോപ്യന്‍ യൂണിയന്‍ നടപ്പാക്കുന്ന നിയമത്തിലെ വ്യവസ്ഥകള്‍ ഖത്തറിന് ആശങ്കയുണ്ടാക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഖത്തര്‍ ഊര്‍ജ മന്ത്രി സഅദ് അല്‍ കഅബി യൂറോപ്യന്‍ യൂണിയന് കത്തയച്ചു. നിയമത്തിലെ വ്യവസ്ഥകള്‍ ഖത്തറിനെ ബാധിക്കാന്‍ സാധ്യതയുണ്ടെന്നും വാതകം ആവശ്യമുള്ള മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാന്‍ തങ്ങള്‍ നിര്‍ബന്ധിതരാകുമെന്നുമാണ് അദ്ദേഹം കത്തില്‍ വ്യക്തമാക്കുന്നത്.
ഖത്തറിന് ശുഭാപ്തി വിശ്വാസം
ആദ്യം ജര്‍മന്‍ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പിന്നീട് കത്തിലെ വിവരങ്ങള്‍ റോയിട്ടേഴ്‌സും റിപ്പോര്‍ട്ട് ചെയ്തു. പരിസ്ഥിതി-മനുഷ്യാവകാശ സംരക്ഷണത്തിന് വന്‍കിട കമ്പനികള്‍ക്ക് ബാധ്യത നല്‍കുന്നതാണ് നിയമം. അവര്‍ ചരക്കുകള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന കമ്പനികളില്‍ നിയമ ലംഘനം നടക്കുന്നില്ല എന്ന് ഉറപ്പാക്കണം, ലംഘിച്ചാല്‍ പിഴ ഉള്‍പ്പെടെയുള്ള ശിക്ഷാ നടപടികളിലേക്ക് കടക്കണം എന്നീ നിര്‍ദേശവും നിയമത്തിലുണ്ട്.
നിയമത്തില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ ഖത്തറിന് മറ്റു വഴികള്‍ നോക്കേണ്ടി വരുമെന്നാണ് ഖത്തര്‍ മന്ത്രി കത്തില്‍ വ്യക്തമാക്കുന്നത്. കത്ത് സംബന്ധിച്ച് യൂറോപ്യന്‍ യൂണിയന്‍ പ്രതികരിച്ചിട്ടില്ല. യൂറോപ്യന്‍ കമ്മീഷനും ഖത്തര്‍ സമാനമായ കത്ത് മെയ് മാസത്തില്‍ അയച്ചിരുന്നു. നിയമത്തില്‍ ചില മാറ്റം വരുത്താന്‍ കമ്മീഷന്‍ ചര്‍ച്ച നടത്തി വരികയാണ്. മാത്രമല്ല, നിയമം നടപ്പാക്കുന്നത് 2028ലേക്ക് നീട്ടുന്നതിനുള്ള ശ്രമങ്ങളും കമ്മീഷന്‍ നടത്തുന്നുണ്ട്.
നിലവിലെ സാഹചര്യത്തില്‍ ഖത്തര്‍ വാതകം അയക്കുന്നത് നിര്‍ത്തിയാല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ പ്രതിസന്ധി നേരിടും. ഇതൊഴിവാക്കാനാണ് യൂറോപ്യന്‍ കമ്മീഷന്റെ ശ്രമം. ഖത്തറും യൂറോപ്യന്‍ യൂണിയനും വ്യത്യസ്ത നിലപാട് കടുപ്പിച്ചാല്‍ പ്രതിസന്ധി രൂക്ഷമാകും. തങ്ങളുടെ എല്‍എന്‍ജി കയറ്റുമതി ചെയ്യാന്‍ മറ്റു വിപണികള്‍ കിട്ടുമെന്ന പ്രതീക്ഷയിലാണ് ഖത്തര്‍.











