ലണ്ടൻ ∙ ഒരാഴ്ചയിലേറെ നീണ്ട പ്രതിസന്ധിക്കും വിവാദങ്ങൾക്കുമൊടുവിൽ ബിബിസി ഡയറക്ടർ ജനറൽ ടിം ഡേവിയും ന്യൂസ് ചീഫ് എക്സിക്യൂട്ടീവ് ഡെബോറ ടേർണസും രാജിവച്ചു. പക്ഷപാതം, സെൻസർഷിപ്, വ്യാജ വിഡിയോ തുടങ്ങിയ ആരോപണങ്ങളാണ് ഇരുവരുടെയും രാജിയിലേക്ക് കാര്യങ്ങൾ എത്തിച്ചത്.
ഒരു പനോരമ ഡോക്യുമെന്ററിയിൽ അമേരിക്കൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിഡിയോ എഡിറ്റ് ചെയ്ത് സംപ്രേക്ഷണം ചെയ്തത് ബിബിസിയുടെ വിശ്വാസ്യതയ്ക്ക് കളങ്കം ചാർത്തിയെന്നും ഇത് തെറ്റായിപ്പോയെന്നും പാർലമെന്ററി കമ്മിറ്റിക്കു മുമ്പാകെ ഇരുവരും സമ്മതിച്ചു. ജനുവരി ആറിന് ട്രംപ് നടത്തിയ ഒരു പ്രസംഗമാണ് ദൃശ്യങ്ങളിൽ മാറ്റം വരുത്തി ബിബിസി ഉപയോഗിച്ചത്. ബിബിസി തനിക്കെതിരേ വ്യാജ വാർത്ത നൽകിയെന്ന് ട്രംപ് ആരോപണം ഉന്നയിച്ചിരുന്നു. കഴിഞ്ഞയാഴ്ച വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കാരോലിൻ ലീവിറ്റ് പ്രസ്താവനയിലും ഇക്കാര്യം ആവർത്തിച്ചു.
ഈ ആരോപണം പുറത്തുവന്നതിനു പുറമേ പ്രതിപക്ഷ നേതാവ് കെമി ബെയ്ഡ്നോക്കും മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസണും റിഫോം യുകെ നേതാവ് നൈജൽ ഫെറാജും അടക്കമുള്ള പ്രമുഖർ ബിബിസി നേതൃത്വത്തിനെതിരേ രംഗത്തു വന്നിരുന്നു. പ്രേക്ഷകരെ തെറ്റിധരിപ്പിച്ചതിന്റെ പൂർണ ഉത്തരവാദിത്വം തങ്ങൾക്കു മാത്രമാണെന്ന് സമ്മതിച്ചാണ് ഇരുവരുടെയും രാജി. ഇതു സംബന്ധിച്ച് കൂടുതൽ വിശദാംശങ്ങൾ ഉൾക്കൊള്ളുന്ന വിശദീകരണം ഇന്ന് ബിബിസി ചെയർപേഴ്സൺ സമീർ ഷാ പാർലമെന്ററി കമ്മിറ്റിക്ക് മുമ്പാകെ നൽകുമെന്നാണ് അറിയുന്നത്. രണ്ട് എക്സിക്യൂട്ടീവുകളും രാജിവയ്ക്കുകയായിരുന്നു എന്നും പിരിച്ചുവിടുകയായിരുന്നില്ല എന്നും ബിബിസി വ്യക്തമാക്കി.












