പ്രമുഖ ജർമ്മൻ ബാങ്കായ ഡച്ച് ബാങ്കിന്റെ ഇന്ത്യയിലെ റീട്ടെയിൽ, വെൽത്ത് മാനേജ്‌മെന്റ് ബിസിനസുകൾ ഏറ്റെടുക്കാന്‍ കൊട്ടക് മഹീന്ദ്ര ബാങ്കും ഫെഡറൽ ബാങ്കും സജീവമായ ചർച്ചകളില്‍. തങ്ങളുടെ ഏക യൂറോപ്യൻ ഇതര റീട്ടെയിൽ വിപണിയായ ഇന്ത്യയിൽ നിന്ന് പൂർണമായി പുറത്തുകടക്കുന്നതിനുളള നീക്കങ്ങളിലാണ് ഡച്ച് ബാങ്ക്. ആഗോളതലത്തിൽ ലാഭക്ഷമത വർദ്ധിപ്പിക്കുന്നതിനായി സിഇഒ ക്രിസ്റ്റ്യൻ സേവിങ്ങിന്റെ നേതൃത്വത്തിൽ നടക്കുന്ന വലിയ പുനഃസംഘടനയുടെ ഭാഗമായാണ് ഡച്ച് ബാങ്ക് ഈ വിഭാഗം വിൽക്കാൻ ഒരുങ്ങുന്നത്.
വിൽപ്പനയ്ക്കുള്ള പോർട്ട്‌ഫോളിയോ
വ്യക്തിഗത വായ്പകൾ, മോർട്ട്‌ഗേജുകൾ, കൂടാതെ വെൽത്ത് മാനേജ്‌മെന്റ് ആസ്തികൾ എന്നിവ ഉൾപ്പെടുന്നതാണ് വിൽപ്പനയ്ക്കുള്ള പോർട്ട്‌ഫോളിയോയെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2025 മാർച്ച് വരെ ഏകദേശം 25,038 കോടി രൂപയുടെ റീട്ടെയിൽ ആസ്തികളാണ് ഈ വിഭാഗത്തിനുള്ളത്. നിലവിൽ, ഇരു ബാങ്കുകളും ഡച്ച് ബാങ്കിന്റെ പോർട്ട്‌ഫോളിയോ വിലയിരുത്തുകയും ഏറ്റെടുക്കൽ മൂല്യത്തെക്കുറിച്ച് ചർച്ചകൾ നടത്തുകയുമാണ്.
ഈ ഏറ്റെടുക്കൽ വിജയകരമായാൽ കൊട്ടക്, ഫെഡറൽ ബാങ്കുകൾക്ക് ദോയ്‌ചെ ബാങ്കിന്റെ ലാഭകരമായ വെൽത്ത് മാനേജ്‌മെന്റ് സെഗ്‌മെന്റിലേക്കും റീട്ടെയിൽ ബിസിനസ് ബുക്കിലേക്കും പ്രവേശനം ലഭിക്കും. ഇത് തങ്ങളുടെ വിപണി വിഹിതം വർദ്ധിപ്പിക്കാനുള്ള ഇവരുടെ താൽപ്പര്യങ്ങൾക്ക് ഊര്‍ജം പകരും.
വിദേശ ബാങ്കുകൾ ബുദ്ധിമുട്ടുന്നു
വർധിച്ചുവരുന്ന ചെലവുകളും പ്രാദേശിക ബാങ്കുകളിൽ നിന്നുള്ള ശക്തമായ മത്സരവും കാരണം ഇന്ത്യൻ റീട്ടെയിൽ ബാങ്കിംഗ് മേഖലയിൽ പിടിച്ചുനിൽക്കാൻ വിദേശ ബാങ്കുകൾ ബുദ്ധിമുട്ടുന്ന പ്രവണതയുടെ തുടർച്ചയാണിത്. എട്ടു വർഷത്തിനിടെ ഡച്ച് ബാങ്ക് ഈ വിഭാഗം വിൽക്കാൻ ശ്രമിക്കുന്നത് ഇത് രണ്ടാം തവണയാണ്. 2022 ൽ സിറ്റി ബാങ്ക് തങ്ങളുടെ ഇന്ത്യൻ റീട്ടെയിൽ ബിസിനസ് ആക്‌സിസ് ബാങ്കിന് വിറ്റതിന് സമാനമായ ഒരു പിന്മാറ്റമാണിത്.
ഈ വിൽപന പൂർത്തിയായാൽ, ഡച്ച് ബാങ്ക് ഇന്ത്യയിലെ 17 ശാഖകളുള്ള റീട്ടെയിൽ ബിസിനസ് പൂർണമായും അവസാനിപ്പിക്കുമെന്നാണ് കരുതുന്നത്. ഇന്ത്യൻ ബാങ്കിംഗ് മേഖലയിലെ ആഭ്യന്തര ബാങ്കുകളുടെ ശക്തി ഉറപ്പിക്കുന്ന സുപ്രധാന സംഭവമായിരിക്കും ഏറ്റെടുക്കല്‍.











