മുംബൈ: നിക്ഷേപകരുടെ ആത്മവിശ്വാസം വർധിച്ചതോടെ ഓഹരി വിപണി പുതിയ ഉയരങ്ങളിലേക്ക് കുതിക്കാൻ ഒരുങ്ങുന്നു. സർവകാല റെക്കോഡിൽനിന്ന് സുപ്രധാന ഓഹരി സൂചികയായ നിഫ്റ്റി വെറും 123 പോയന്റും സെൻസെക്സ് 500 പോയന്റും മാത്രം അകലെയാണ്. വിപണിയിൽ നിലനിന്നിരുന്ന 14 മാസം നീണ്ട തിരുത്തൽ അടുത്ത ആഴ്ചയോടെ പൂർത്തിയാകുമെന്നാണ് സൂചന. താരിഫ് അടക്കമുള്ള ആഗോള രാഷ്ട്രീയ, സാമ്പത്തിക അനിശ്ചിതാവസ്ഥയും ഓഹരി വില അമിതമായി ഉയർന്നതും കമ്പനികളുടെ വരുമാനം കുറഞ്ഞതുമാണ് വിപണിയുടെ ഇടിവിന് കാരണം. വെള്ളിയാഴ്ച സെൻസെക്സ് 295 പോയന്റ് നഷ്ടത്തിൽ 85337.25 ലും നിഫ്റ്റി 98 പോയന്റ് ഇടിഞ്ഞ് 26093.75 ലുമാണ് വ്യാപാരം ചെയ്യപ്പെടുന്നത്.
കഴിഞ്ഞ വർഷം സെപ്റ്റംബർ 26 നാണ് സെൻസെക്സും (85,836 പോയന്റ്) നിഫ്റ്റിയും (26,216 പോയന്റ്) സർവകാല റെക്കോഡ് തൊട്ടത്. ഇന്ത്യ-യു.എസ് വ്യാപാര കരാർ ദിവസങ്ങൾക്കകം യാഥാർഥ്യമാകുമെന്നതും ലാർജ് കാപ് ഓഹരികളിലേക്ക് നിക്ഷേപം ഒഴുകുന്നതുമാണ് വിപണിക്ക് ഊർജം പകർന്നത്. കനത്ത വിൽപന അവസാനിപ്പിച്ച് വിദേശ നിക്ഷേപകർ ഓഹരികൾ വാങ്ങാൻ തുടങ്ങിയതും വിപണിക്ക് കരുത്തേകി. ജൂലായ് മുതൽ ഓഹരി വിൽപന നടത്തുന്ന വിദേശികൾ ഒക്ടോബറിൽ 10,167 കോടി രൂപയാണ് നിക്ഷേപിച്ചത്. നവംബറിൽ ഇതുവരെ 500 കോടി രൂപയുടെ ഓഹരികൾ വാങ്ങിയെന്നും എൻ.എസ്.ഡി.എൽ ഡാറ്റ പറയുന്നു.
ഒരു വർഷത്തെ ഏറ്റവും ഉയർന്ന വിലയുടെ തൊട്ടരികെ വ്യാപാരം ചെയ്യപ്പെടുന്ന റിലയൻസ് ഇൻഡസ്ട്രീസ്, എച്ച്.ഡി.എഫ്.സി ബാങ്ക് അടക്കമുള്ള ലാർജ് കാപ് ഓഹരികളാണ് വരും ദിവസങ്ങളിൽ വിപണിയിൽ മുന്നേറ്റം നയിക്കുകയെന്നാണ് വിദഗ്ധർ നൽകുന്ന സൂചന. അതേസമയം, ഓഹരി വിപണിയുടെ മുന്നേറ്റം എത്രകാലം തുടരുമെന്നത് അവ്യക്തമാണ്. ഓഹരി വിപണിയുടെ കുതിപ്പിൽ ആത്മവിശ്വാസമുണ്ടെങ്കിലും ജാഗ്രത വേണമെന്നാണ് മാർസെല്ലസിന്റെ സഹസ്ഥാപകനും നിക്ഷേപ മാനേജറുമായ സൗരഭ് മുഖർജി പറയുന്നത്. വിപണി മുന്നേറ്റം തുടരുമോയെന്ന് കമ്പനികളുടെ ഡിസംബർ പാദഫലം വ്യക്തമായ സൂചന നൽകും. രണ്ടര വർഷത്തോളം മാന്ദ്യം നേരിട്ട കമ്പനികൾ ഡിസംബർ പാദത്തിൽ പത്ത് ശതമാനത്തിലേറെ വളർച്ച കൈവരിക്കുമെന്നാണ് നിക്ഷേപകർ പ്രതീക്ഷിക്കുന്നത്. ജി.എസ്.ടി ഇളവുണ്ടായിട്ടും അതിന്റെ നേട്ടം കമ്പനികൾക്ക് ലഭിച്ചില്ലെങ്കിൽ ഓഹരി വിപണിയിൽ ഇടിവുണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
നിഫ്റ്റി ഈ വർഷം 13 ശതമാനം വളർച്ചയാണ് കൈവരിച്ചത്. റിലയൻസ്, ഭാരതി എയർടെൽ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എറ്റേണൽ തുടങ്ങിയ ഓഹരികളുടെ കുതിപ്പാണ് നിഫ്റ്റിയുടെ മുന്നേറ്റത്തെ നയിച്ചത്. അതേസമയം, മറ്റു വിദേശ രാജ്യങ്ങളുടെ ഓഹരി വിപണിയെ അപേക്ഷിച്ച് നിഫ്റ്റി ഏറെ പിന്നിലാണ്. തായ്‍വാന്റെ ഓഹരി സൂചികയായ തായ്എക്സ് 19 ശതമാനവും ഹോങ്കോങ്ങിന്റെ ഹാങ്സെങ് സൂചിക 29 ശതമാനവും ജപ്പാന്റെ നിക്കി 25 ശതമാനവും റിട്ടേൺ നൽകി. ദക്ഷിണ കൊറിയയുടെ കോസ്പിയാണ് നിക്ഷേപകർക്ക് ഏറ്റവും കൂടുതൽ ലാഭം സമ്മാനിച്ചത്. 67 ശതമാനം കുതിപ്പാണ് കോസ്പി സൂചികയിലുണ്ടായത്. മാത്രമല്ല, ഈ വർഷം ആഗോള ഓഹരി സൂചികകളിൽ 65 ശതമാനവും പുതിയ റെക്കോഡ് തൊട്ടു. 2007 ന് ശേഷം രേഖപ്പെത്തുന്ന ഏറ്റവും ശക്തമായ മുന്നേറ്റമാണ് ആഗോള ഓഹരി വിപണിയിലുണ്ടായതെന്ന് സി.എൽ.എസ്.എ റിപ്പോർട്ട് പറയുന്നു.












