---Advertisement---

സി ദാവൂദൂം വിമര്‍ശകരുടെ പാപ്പരത്തവും

On: November 30, 2025 8:08 PM
Follow Us:
---Advertisement---

ബാബുരാജ് ഭഗവതി

മീഡിയാ വണ്‍ മാധ്യമപ്രവര്‍ത്തകര്‍ സി ദാവൂദിനെതിരെയും മൊത്തത്തില്‍ മീഡിയാവണ്ണിനെതിരെയും കനത്ത സൈബര്‍ ആക്രമണങ്ങളാണ് നടക്കുന്നത്. അദ്ദേഹത്തിന്റെ നിലപാടുകളോടുള്ള വിമര്‍ശനത്തേക്കാള്‍ വംശീയ സ്വഭാവത്തിലുള്ള വിദ്വേഷ പ്രചാരണമായി അത് മാറിയിട്ടുണ്ട് – അദ്ദേഹത്തെ അപഹസിക്കുന്ന ട്രോളുകള്‍ , മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ എന്നിങ്ങനെ ഒരു വംശീയവാദിയുടെ ഭാവനയില്‍ വരുന്നതെന്തും പ്രചരിപ്പിക്കുന്നു . ദാവൂദ് മാത്രമല്ല മീഡിയാ വണ്ണും അവരുടെ ലക്ഷ്യമാണ് , പ്രത്യേകിച്ച് ‘ ഔട്ട് ഓഫ് ഫോക്കസ് ’. ഒരര്‍ത്ഥത്തില്‍ മീഡിയാവണ്ണിനും അതിന്റെ പിന്നണിക്കാര്‍ക്കും അഭിമാനിക്കാവുന്നതാണ് ഈ ആക്രമണം.

ഏറ്റവും അവസാനം അദ്ദേഹത്തിനെതിരേ കണ്ട വിദ്വേഷപ്രചാരണം ഔട്ട് ഓഫ് ഫോക്കസിലെ ജൈവകൃഷിയെക്കുറിച്ച ഒരു വീഡിയോയുമായി ബന്ധപ്പെട്ടാണ്. ഈ വീഡിയോ അല്ലെങ്കില്‍ മറ്റൊന്ന് അവര്‍ അവസരമായെടുക്കുമെന്നത് വേറെക്കാര്യം. ജൈവ കൃഷി ഹിന്ദുത്വയുടെ ട്രോജന്‍ കുതിരയാണ് എന്നായിരുന്നു വീഡിയോയിലെ അദ്ദേഹത്തിന്റെ പ്രയോഗം. ഇതിനെതിരെ നിരവധി എഴുത്തുകളും പരിഹാസങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ കണ്ടു.ജൈവ കൃഷി ഒരു ഫാഷിസ്റ്റ് പദ്ധതിയാണെന്ന് എത്രപേര്‍ക്കറിയാമെന്നാണ് ഒരു ഇടതുഹാന്‍ഡില്‍ പരിഹസിച്ചത്. ആ പോസ്റ്റിനു താഴെ പരന്നൊഴുകിയ വംശീയ വിദ്വേഷം ഭാവനയ്ക്കും അപ്പുറത്താണ്.
അദ്ദേഹത്തിന്റെ വിമര്‍ശകര്‍ പറഞ്ഞതുപോലെ ജൈവ കൃഷി ഫാസിസ്റ്റുകള്‍ ബോധപൂര്‍വ്വം വികസിപ്പിക്കുകയും രൂപപ്പെടുത്തുകയും ചെയ്ത ഒരു പദ്ധതിയാണ് എന്ന് ദാവൂദ് പറഞ്ഞതായി തോന്നിയില്ല – മറിച്ച് ജൈവകൃഷിയും ഫാഷിസ്റ്റ് സങ്കല്പങ്ങളും ലോകവീക്ഷണത്തിന്റെ കാര്യത്തില്‍ യോജിച്ചു പോകുന്നുണ്ടെന്ന ധാരണയാണ് അദ്ദേഹം മുന്നോട്ടുവച്ചത്. സ്വാശ്രയ ഗ്രാമം , സ്വാശ്രയത്വം , ജൈവ കൃഷി എന്നിവയില്‍ യാഥാസ്ഥിതികതയുടെയും ഫ്യൂഡലിസത്തിന്റെയും ചില ഘടകങ്ങള്‍ കാണാം എന്നും അദ്ദേഹം നിരീക്ഷിക്കുന്നു. അതിനെ ഫാസിസ്റ്റുകള്‍ ഉപയോഗിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞതായാണ് തോന്നിയത്.

ഇടതുപക്ഷ ബുദ്ധിജീവികള്‍ക്ക് ഇതിലിത്ര പരിഹസിക്കാനെന്താണ് ഉള്ളതെന്ന് ഇനിയും മനസ്സിലാവുന്നില്ല.പല പരിസ്ഥിതി സങ്കല്പങ്ങളും ഹിന്ദുത്വയുമായി കണ്ണി ചേര്‍ന്നുപോകാറുണ്ടെന്നതിന് എത്രയോ ഉദാഹരണങ്ങളുണ്ട്. നാസികളുടെ ചരിത്രത്തിലും കൃഷിയുമായുള്ള ഈ ബന്ധം നമുക്കു കാണാം.

നാസികളുടെ ആര്യന്‍ വംശീയത , രക്തശുദ്ധിയെക്കുറിച്ച സങ്കല്‍പ്പത്താല്‍ മാത്രമല്ല, ജര്‍മന്‍ ഭൂമിശാസ്ത്രത്താലും കൃഷിരീതികളാലും ബന്ധിതമാണ്. രക്തശുദ്ധിയും മണ്ണിന്റെ ശുദ്ധിയും വംശീയചിന്തയില്‍നിന്ന് വേര്‍തിരിക്കാനാവുമായിരുന്നില്ല.രക്തം പോലെത്തന്നെ പ്രകൃതിയും വംശശുദ്ധിയുള്ളതാണ്.നാഗരികതയും വ്യവസായവല്‍ക്കരിക്കപ്പെട്ട കൃഷിയും കലര്‍പ്പിന് കാരണമാകും.

ആ സങ്കല്‍പ്പമനുസരിച്ച് ഗ്രാമീണകര്‍ഷകരാണ് നാസികളുടെ റോള്‍മോഡല്‍. കലര്‍പ്പുകളെ അവര്‍ വെറുത്തു. അത് ആര്യന്‍ വ്യക്തിയുടെ മാത്രമല്ല സംസ്കാരത്തെയും അശുദ്ധമാക്കും.തദ്ദേശീയതയിലാണ് അവര്‍ വിശ്വസിച്ചത്.നഗരങ്ങള്‍ക്ക് ജൂതസ്വഭാവമാണ്.അത് കലര്‍പ്പുകളുണ്ടാക്കുമെന്നാണ് അവര്‍ കരുതിയത്.അതുകൊണ്ട് ആര്യന്‍ കര്‍ഷകരോട് അവര്‍ ഗ്രാമങ്ങളിലേക്ക് മടങ്ങാന്‍ ആഹ്വാനം ചെയ്തു. ഗ്രാമങ്ങളിലേക്ക് മടങ്ങുന്ന ഈ ആര്യ കര്‍ഷകര്‍ക്കുള്ള ഭൂമിക്ക്‌ വേണ്ടിയാണ് യുദ്ധങ്ങളും വെട്ടിപ്പിടുത്തങ്ങളും വിഭാവനം ചെയ്യപ്പെട്ടത്.കിഴക്കന്‍ യൂറോപ്പിലേക്കുള്ള അധിനിവേശങ്ങള്‍ ആര്യന്‍ കര്‍ഷകര്‍ക്ക് ആവശ്യമായ കൃഷിഭൂമി ഉറപ്പുവരുത്തുമെന്ന് കരുതപ്പെട്ടു.

അങ്ങനെ കലര്‍പ്പില്ലാത്ത ആര്യന്‍ രക്തവും കലര്‍പ്പില്ലാത്ത കൃഷിയും നാസികളുടെ യുദ്ധതന്ത്രത്തെപ്പോലും നിര്‍ണയിച്ചു. ജൈവകൃഷി ആദ്യ ഘട്ടത്തില്‍ അവര്‍ ബോധപൂര്‍വം തന്നെ വികസിപ്പിച്ചിരുന്നുവെന്നതിന് തെളിവുണ്ട്. യുദ്ധാവശ്യങ്ങള്‍ വര്‍ധിച്ചതോടെയാണ് മറിച്ചൊരു തീരുമാനത്തിലേക്ക് നാസികള്‍ ചുവടുമാറുന്നത്.അതും മനസ്സില്ലാമനസ്സോടെ.

ഇന്ത്യയിലും ജൈവകൃഷിയുമായുള്ള ബന്ധം നമുക്ക് കാണാം.സുഭാഷ് പലേക്കറുടെ സീറോ ബജറ്റ് കൃഷി നല്ലൊരു ഉദാഹരണമാണ്.പശുവിന്റെ ചാണകത്തിനും മൂത്രത്തിനും നല്‍കിയ പ്രാധാന്യം സ്വാശ്രയത്വം , ഗ്രാമീണ തൊഴില്‍ ശക്തി , മണ്ണിന്റെ ഫലഭൂയിഷ്ടത തുടങ്ങിയവ ഉറപ്പുവരുത്തുക മാത്രമല്ല ചെയ്തത് , പശുപ്രധാനമായ കാര്‍ഷിക രീതികൂടി വിഭാവനം ചെയ്തു.പശുവിന്റെ ചാണകം , മൂത്രം എന്നല്ല , തദ്ദേശപ്പശുവിന്റെ ചാണകവും മൂത്രവുമെന്ന തിരഞ്ഞെടുപ്പിലേക്ക് പലേക്കര്‍ മാറുന്നുണ്ട്. പലേക്കര്‍ തന്റെ കൃഷിരീതിയെ വേദകാല കാര്‍ഷിക രീതികളായിപ്പോലും ബന്ധിപ്പിക്കാന്‍ ശ്രമിച്ചു.
2016 നുശേഷം കേന്ദ്രസര്‍ക്കാര്‍ സീറോ ബജറ്റ് കൃഷിയെ പ്രോല്‍സാഹിപ്പിച്ചിരുന്നു. നീതി ആയോഗ് പരസ്യമായിത്തന്നെ ഇതിനെ പിന്തുണക്കുകയും ചെയ്തു.ഈ കൃഷി രീതി ബജറ്റ് പ്രസംഗങ്ങളില്‍പ്പോലും ഇടംപിടിച്ചു. സീറോ ബജറ്റിന്റെ വ്യവസായ സാധ്യതകളേക്കാള്‍ അതിന്റെ സാംസ്‌കാരികസൂചനകളാണ് സര്‍ക്കാരിനെ ആവേശം കൊള്ളിച്ചത്.

ഇത്രയും തെളിവുകളൊക്കെ ഉണ്ടായിട്ടും എന്തുകൊണ്ടായിരിക്കും ദാവൂദിനെ പരിഹസിക്കാനുള്ള അവസരമായി ഇടതു-ഹിന്ദുത്വ ഹാന്‍ഡിലുകള്‍ ഇത്തരം പരാമര്‍ശങ്ങള്‍ ഉപയോഗിക്കുന്നത്? സെക്കുലറിസത്തിന്റെ ചില ‘അസ്‌കിതക’ളൊക്കെ ചിലപ്പോള്‍ പ്രകടിപ്പിക്കാറുണ്ടെങ്കിലും(അവരെ ദൈവം രക്ഷിക്കട്ടെ!) ഇന്ന് കേരളത്തില്‍ ഏറ്റവും വിശ്വസിക്കാവുന്ന മാധ്യമവും മാധ്യമപ്രവര്‍ത്തകരും മാധ്യമവും മീഡിയാവണ്ണും അതിലെ മാധ്യമപ്രവര്‍ത്തകരുമാണ്.അവരുടെ വിശകലനങ്ങള്‍ ജനങ്ങളെ സ്വാധീനിക്കുന്നുണ്ടെന്ന തിരിച്ചറിവാണ് ഒരുപരിധിവരെ വിമര്‍ശകരെ വിറളി പിടിപ്പിക്കുന്നത്.വൈറ്റ് കോളര്‍ തീവ്രവാദികളെക്കുറിച്ചുള്ള അതിഭാവനകളും ഇതിനു പിന്നിലുണ്ട്.ഒപ്പം മീഡിയാവണ്‍/ മാധ്യമം/ ജമാഅത്തെ ഇസ്ലാമി വിമര്‍ശനം തിരഞ്ഞെടുപ്പ് ഗോദയില്‍ ലാഭമുണ്ടാക്കുമെന്നും അവര്‍ കരുതുന്നു.ഏതാനും ചിലര്‍ ഒഴിച്ചാല്‍ കേരളത്തിലെ മറ്റിതര മാധ്യമപ്രവര്‍ത്തകര്‍ പോലും ഇത് തിരിച്ചറിയുന്നില്ലെന്നത് സങ്കടകരമാണെന്നു മാത്രമല്ല , അതവരുടെ പാപ്പരത്തവും കൂടിയാണ്.
മുഖ്യധാരക്ക്‌ പുറത്തുള്ള ഒരു മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ ഞാനദ്ദേഹത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു.

( ബാബുരാജ് ഭഗവതിയുടെ ഫേസ്ബുക്ക് പോസ്റ്റ് )

Share this

Leave a Comment

error: Content is protected !!