ആലം ആര എന്ന ഉര്‍ദു വാചകത്തിന് Ornament of the World എന്നര്‍ത്ഥം. ആ വാചകം ഇന്ത്യയില്‍, പക്ഷേ ചരിത്രമാണ്. 1931 ല്‍ അപ്പേരിലിറങ്ങിയ സിനിമയാണ് ഇന്ത്യയിലെ ആദ്യത്തെ ശബ്ദചിത്രം. ഹിന്ദുസ്താനി ഭാഷയിലുള്ള (പ്രത്യേകശ്രദ്ധക്ക്; ഹിന്ദുസ്താനി എന്നാല്‍ ഹിന്ദി അല്ല) ആ ചിത്രത്തിന്റെ സംവിധായകന് പൂനയിലെ ഒരു സൊറോആസ്ട്രിയന് കുടുംബാംഗമായ അര്‍ദശീര്‍ ഇറാനിയായിരുന്നു. ഇറാനിയന്‍ സിനിമാ ചരിത്രത്തിലും അര്‍ദശീര്‍ ഇറാനിക്ക് സ്ഥാനമുണ്ട്. ആലം ആരക്ക് മുമ്പ് കുറേയധികം നിശ്ശബ്ദ സിനിമകള്‍ ചെയ്തിട്ടുള്ള ഇറാനി അതിന് ശേഷം 1933 ല്‍ സാക്ഷാത്കരിച്ച ലോര്‍ ഗേള്‍ (ദൊഖ്തരെ ലോര്‍) എന്ന പാര്‍സി സിനിമ ഒരു ഇറാന്-ഇന്ത്യ സംയുക്ത സംരംഭമായിരുന്നു.
ഇന്ത്യയിലെ ആദ്യത്തെ ടോക്കി സിനിമയില്‍ കേന്ദ്ര കഥാപാത്രമായ ആലം ആരയെ അവതരിപ്പിച്ചത് സുബൈദ എന്ന സുബൈദാ ബീഗം ധന്രാജ്ഗിര് ആയിരുന്നു. ബ്രിട്ടീഷ് ഇന്ത്യയില്‍ ബോംബെ പ്രസിഡന്‍സിയുടെ ഭാഗമായ സച്ചിന് രിയാസത്തിലെ നവാബ് സീദി ഇബ്റാഹിം മുഹമ്മദ് യാഖൂബ് ഖാന് മൂന്നാമന്റെയും ഫാത്വിമാ ബീഗത്തിന്റെയും മകളായിരുന്നു സുബൈദ. അമ്മയായ ഫാത്വിമാ ബീഗം ആകട്ടെ, ഇന്ത്യന്‍ സിനിമയിലെ ആദ്യത്തെ ഫീമെയ്ല്‍ ഫിലിം ഡിരക്ടര്‍ ആയിരുന്നു. ഉര്‍ദു നാടകവേദികളില്‍ സജീവമായിരുന്ന ഫാത്വിമാ ബീഗത്തിന്റെ ബാബുലെ പരിസ്താന്‍ എന്ന സിനിമയാണ് പെണ്ണ് സാക്ഷാത്കരിച്ച ആദ്യ ഇന്ത്യന്‍ മൂവി. അര്‍ദശീര്‍ ഇറാനിയുടെ തന്നെ ആദ്യ സിനിമയായ വീര്‍ അഭിമന്യുവില്‍ (നിശ്ശബ്ദം) സുഭദ്രയായി അഭിനയിച്ചതും ഫാത്വിമാ ബീഗം ആയിരുന്നു.
വീര്‍ അഭിമന്യുവില്‍ ഉത്തരയായി വേഷമിട്ടതാകട്ടെ, സുബൈദയുടെ സഹോദരി സുല്‍ത്വാന (സുല്‍ത്വാന ബീഗം റസാഖ്).
വെറുതെ ഒന്നോര്മിച്ചെന്നേയുള്ളൂ. മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം നേടിയ ഷംല ഹംസ ഇത്രയധികം ആഘോഷിക്കപ്പെട്ടതിന്റെ കാരണം അതൊരു ചരിത്രത്തിന്റെ തുടക്കമായി എന്നതല്ല. തട്ടമിട്ട മുസ്ലിം പെണ്ണിന്റെ രൂപത്തെ പൈശാചവത്കരിക്കാനുള്ള ശ്രമവും അതുണ്ടാക്കിയ രാഷ്ട്രീയ വിവാദങ്ങളും കഴിഞ്ഞിട്ട് അധികകാലമായിട്ടില്ലാത്തതിനാലാണ്.
അതിനിടയില്‍ ‘സിനിമ നമ്മക്ക് ഹറാമാണ്’ എന്ന ട്രോളുമായി ഇറങ്ങിയ വക്കീല്‍ നമ്പര്‍ വണ്‍, തീര്‍ച്ചയായും ഒരു മനുഷ്യവിരുദ്ധ, ദേശവിരുദ്ധ സംഘി വക്കീലിന്റെ റോള്‍ കൃത്യമായി നിര്‍വഹിച്ചു. പണ്ടൊരു വിജയദശമി നാളില്‍ ആയുധങ്ങള്‍ കൂമ്പാരം കൂട്ടി പൂജക്ക് വെച്ച രക്തദാഹി, പുരസ്കൃതരുടെ പട്ടികയില്‍ നിന്നും മുസ്ലിം പേരുകാരെ ഫില്‍റ്റര്‍ ചെയ്തെടുത്ത് അയാളുടെ വകയായും കുറേ എണ്ണ കോരിയൊഴിച്ചു. അന്നേരം മുസ്ലിം സമുദായത്തിലെ ഇടതുപക്ഷ സെക്യുലര്‍ കൂട്ടത്തില്‍ നിന്ന് വക്കീല്‍ നമ്പര്‍ റ്റു രംഗത്ത് വന്നു. ‘കാലം കണക്ക് തീര്‍ക്കുന്നതി’നെപ്പറ്റി അങ്ങോര് കവിത രചിച്ചു. പണ്ട് സിനിമ കണ്ടതിലുണ്ടായ മനോവ്യഥയില്‍ തൗബ ചെയ്തതിന്റെ ആത്കഥയും രേഖപ്പെടുത്തി.
തീര്‍ച്ചയായും രണ്ട് വക്കീലന്മാരും എഴുതിയത് ഒന്നല്ല. വക്കീല്നമ്പര് റ്റുവിന്റെ വാദങ്ങള്‍ക്ക് പ്രസക്തിയുണ്ടെന്ന് സമ്മതിക്കാം. പക്ഷേ, ഈ സന്ദര്‍ഭത്തില്‍ അങ്ങോരുടെ കുറിപ്പും വക്കീല്‍ നമ്പര്‍ വണ്ണിന്റെ കുറിപ്പും സൃഷ്ടിക്കുന്നത് ഒരേ ഇംപാക്ട് തന്നെ. ‘സിനിമ ഞമ്മക്ക് ഹറാമാണ്’ എന്ന പരിഹാസം. തീര്‍ച്ചയായും എല്ലാ മതസമുദായങ്ങളിലുമെന്ന പോലെ മുസ്ലിം സമുദായത്തിലും തനിയാഥാസ്ഥിതികത്വവും അതിന്റെ ഭാഗമായ പുരോഹിത ശാഠ്യങ്ങളും ഉണ്ടായിട്ടുണ്ട്, ഇപ്പോഴും ഉണ്ട്. ഓരോ സമുദായത്തിലും തനി ലിബറലുകള്‍ ഉള്ളത് പോലെ മറുഭാഗത്ത് തനി റാഡിക്കലുകളും ഉണ്ട്. അവര്‍ തമ്മിലുള്ള ഏറ്റുമുട്ടലിലൂടെയാണ് എന്തിലും ഒരു മധ്യമപാത തുറക്കുന്നത്.
എന്തിന്റെ പേരിലാണെങ്കിലും ഏത് കാര്യമാണെങ്കിലും ഒരു ആന്റിതീസിസ് ഉണ്ടെങ്കിലേ സിന്തസിസ് ഉണ്ടാവുകയുള്ളൂ. ഇല്ലെങ്കില്‍ ഏത് സ്വാതന്ത്ര്യവാദവും അതിന്റെ ആളുകളെത്തന്നെ ജീര്‍ണിപ്പിക്കും. അതങ്ങനെ അതിന്റെ വഴിക്ക് നടക്കും.
സിനിമയോടും സംഗീതത്തോടും ശത്രുത പുലര്‍ത്തിയ പുരോഹിതന്മാര് ഉണ്ടായിട്ടുണ്ട്, ഇപ്പോഴും ഉണ്ട്. മറുഭാഗത്ത് തുടക്കം മുതല്‍ക്ക് സിനിമയില്‍ സമുദായത്തിന്റെ പ്രാതിനിധ്യവും ഉണ്ട്. ഇന്ത്യന്‍ സിനിമയിലെ അതികായര്‍,
ഇന്ത്യന്‍ സ്ക്രീനിലെ ആദ്യത്തെ സൂപര്‍ ഹിറ്റ് മൂവിയായി അറിയപ്പെടുന്ന മുഗളെ അസം എന്ന ചിത്രത്തിന്റെ സംവിധായകന് കെ ആസിഫ്. അതിലെ പാട്ടുകള്‍ എഴുതിയ ശകീല്‍ ബദായൂനി, സംഗീതം നല്കിയ നൗഷാദ്, ഗായകര്‍ മുഹമ്മദ് റഫി, ശംശാദ് ബീഗം. നായകവേഷം ചെയ്ത മുഹമ്മദ് യൂസുഫ് ഖാന് എന്ന ദിലീപ് കുമാര്‍.
പ്രശസ്തമായ മദര്‍ ഇന്ത്യയുടെ സംവിധായകന് മെഹബൂബ് ഖാന്, രചയിതാക്കള്‍ വജാഹത് മിര്‍സയും അലി റാസയും. അതിലെ നായിക ഫാത്വിമ റാഷിദ് എന്ന നര്‍ഗീസ്. ആദ്യകാല സൂപര്‍ താരങ്ങള്‍ ഹമീദ് അലി ഖാന് എന്ന അജിത്, സുറയ്യ… ഇന്ത്യന്‍ സിനിമയില്‍ നവതരംഗം സൃഷ്ടിച്ചവരില്‍ ശ്രദ്ധേയരായ സഈദ് അഖ്തര്‍ മിര്‍സ തൊട്ട് പി.എ ബക്കര്‍ വരെയുള്ളവര്‍… ഉദ്ദേശ്യം വേര്തിരിക്കലല്ലാത്തതിനാല് ലിസ്റ്റ് നീട്ടുന്നില്ല.
പ്രേം നസീറും മമ്മൂട്ടിയുമില്ലാതെ മലയാള സിനിമ തന്നെ ഉണ്ടോ?
തീര്‍ച്ചയായും ഇവരില്‍ ഇസ്ലാമിനെ അനുഷ്ഠിച്ചവരും അല്ലാത്തവരുമുണ്ട്. എന്നാലും സിനിമയില്‍ അഭിനയിച്ചു, സിനിമ സംവിധാനം ചെയ്തു, അതില്‍ പാട്ട് പാടി തുടങ്ങിയ കാരണങ്ങളാല്‍ ഒരാള്‍ക്കും സമുദായത്തിലെ ഒരവകാശവും നിഷേധിക്കപ്പെട്ടിട്ടില്ല. ബാക്കിയൊക്കെ അതിന്റെ വഴിക്ക് നടക്കും. ഫാഷിസ്റ്റ്, അപരവത്കരണ കാലത്തെ ചര്‍ച്ചകളില്‍ പ്രതിനിധാനത്തിന്റെ രാഷ്ട്രീയം പ്രധാനമാണ്. ഇതില്‍ ഒന്നാം വക്കീലിന്റെ റോള്‍ ഫാഷിസത്തെ സ്ഥാപിക്കുക, വിവിധ പ്രതിനിധാനങ്ങളെ തകര്‍ക്കുക എന്നതാണ്. രണ്ടാം വക്കീലിന്റെ കഥയെന്താണാവോ…!







