ലഖ്നോ: ജോലി സമ്മർദം താങ്ങാൻ സാധിക്കാത്തതിനെ തുടർന്ന് യു.പിയിൽ ബി.എൽ.ഒ ആത്മഹത്യ ചെയ്തു. വോട്ടർ പട്ടികയുടെ തീവ്രപരിഷ്കരണത്തിനായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥനാണ് മൊബൈലിൽ വിഡിയോ ചിത്രീകരിച്ചതിന് ശേഷം ആത്മഹത്യ ചെയ്തത്. യു.പിയിലെ മൊറാദാബാദ് സ്വദേശിയായ സർവേഷ് സിങാണ് മരിച്ചത്. ഇയാൾ സമീപത്തെ സ്കൂളിൽ അസിസ്റ്റന്റ് ടീച്ചറായി ജോലി ചെയ്ത് വരികയായിരുന്നു.
ഒക്ടോബർ ഏഴിനാണ് ഇയാളെ ബി.എൽ.ഒയായി നിയമിച്ചത്. ഇതാദ്യമായാണ് തെരഞ്ഞെടുപ്പ് കമീഷനുമായി ബന്ധപ്പെട്ട ഒരു പ്രവർത്തനത്തിൽ സർവേഷ് ഭാഗമാകുന്നത്. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് ഇയാൾ ഒരു വിഡിയോ ചിത്രീകരിച്ചിരുന്നു. കഠിനമായി ജോലി ചെയ്തിട്ടും വോട്ടർ പട്ടികയുടെ തീവ്രപരിഷ്കരണത്തിലെ ജോലികൾ പൂർത്തിയാക്കാൻ തനിക്ക് കഴിയുന്നില്ലെന്നാണ് വിഡിയോയിൽ കരഞ്ഞുകൊണ്ട് സർവേഷ് പറയുന്നത്.
ജീവനൊടുക്കാനുള്ള തീരുമാനത്തിൽ അമ്മയോടും സഹോദരിയോടുമൊക്കെ മാപ്പു പറയുന്നുണ്ട് സർവേഷ് സിങ്. ‘അമ്മേ.. എന്നോട് ക്ഷമിക്കണം, എന്റെ മക്കളെ പൊന്നുപോലെ നോക്കണം. ഈ ജോലി പൂർത്തിയാക്കാൻ എന്നെക്കൊണ്ട് കഴിയുന്നില്ല. ഞാൻ കടുത്ത തീരുമാനമെടുക്കുകയാണ്’ -വിഡിയോയിൽ സർവേഷ് കരഞ്ഞുകൊണ്ട് പറയുന്നു.
ഞായറാഴ്ച രാവിലെയാണ് സർവേഷിനെ വീട്ടിലെ സ്റ്റോർ റൂമിൽ തൂങ്ങിമരിച്ച നിലയിൽ ഭാര്യ ബാബിൽ ദേവി കണ്ടെത്തിയത്. ഉടൻ തന്നെ അവർ വിവരം പൊലീസിനെ അറിയിച്ചു. മൃതദേഹത്തിന് സമീപത്ത് നിന്ന് രണ്ട് പേജുള്ള ഒരു ആത്മഹത്യ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. ജില്ലാ വിദ്യാഭ്യാസ ഓഫീസറെ അഭിസംബോധന ചെയ്യുന്നതാണ് കുറപ്പ്.
രാവും പകലും ജോലി ചെയ്തിട്ടും എസ്.ഐ.ആർ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ തനിക്ക് കഴിയുന്നില്ലെന്നും പലപ്പോഴും മൂന്ന് മണിക്കൂർ മാത്രമാണ് ഉറങ്ങുന്നതെന്നും ആത്മഹത്യ കുറിപ്പിൽ സർവേഷ് പറഞ്ഞിരുന്നു. തുടർച്ചയായ സർവേകളും ഡാറ്റ വെരിഫിക്കേഷനും തെന്റ സമ്മർദം വർധിപ്പിക്കുകയാണെന്നും അദ്ദേഹം ആത്ഹത്യ കുറിപ്പിൽ പറഞ്ഞിരുന്നു.
എസ്.ഐ.ആർ മൂലം സർവേഷ് കടുത്ത സമ്മർദത്തിലായിരുന്നുവെന്ന് കുടുംബാംഗങ്ങളും പ്രതികരിച്ചു. അതേസമയം, സർവേഷ് എസ്.ഐ.ആറിന്റെ ഭാഗമായി മികച്ച പ്രവർത്തനമാണ് നടത്തിയതെന്ന് ജില്ലാ മജിസ്ട്രേറ്റ് അനുജ് കുമാർ പറഞ്ഞു. ജോലിയിൽ സഹായിക്കാനായി സർവേഷ് കുമാറിന് രണ്ട് അംഗനവാടി ജോലിക്കാരെ നൽകിയിരുന്നതായും ജില്ലാ മജസ്ട്രേറ്റ് പറഞ്ഞു.
നേരത്തെ എസ്.ഐ.ആറിന്റെ കാലാവധി നീട്ടി തെരഞ്ഞെടുപ്പ് കമീഷൻ ഉത്തരവിറക്കിയിരുന്നു. ഫോമുകൾ സമർപ്പിക്കുന്നതിനും ബി.എൽ.ഒമാർക്ക് വിവരങ്ങൾ സമർപ്പിക്കുന്നതിനും ഏഴ് ദിവസത്തെ അധിക സമയമാണ് തെരഞ്ഞെടുപ്പ് കമീഷൻ അനുവദിച്ചത്.










