ലോകമെമ്പാടുമുള്ള നിരവധി ChatGPT ഉപയോക്താക്കൾക്ക് അടുത്തിടെ ലഭിച്ച സുരക്ഷാ മുന്നറിയിപ്പ് സന്ദേശം ആദ്യം ആശങ്കയുയർത്തിയിരുന്നെങ്കിലും, തങ്ങളുടെ പ്രധാനപ്പെട്ട ഡാറ്റയൊന്നും ചോർന്നിട്ടില്ലെന്ന് ഓപ്പൺഎഐ വ്യക്തമാക്കിയതോടെ ഉപയോക്താക്കൾക്ക് ആശ്വാസമായി. ചാറ്റ് ഹിസ്റ്ററി, പാസ്വേഡുകൾ, എപിഐ കീകൾ, പേയ്മെൻറ് വിവരങ്ങൾ തുടങ്ങിയ സെൻസിറ്റീവ് ഡാറ്റയൊന്നും ചോർന്നിട്ടില്ല എന്ന് ഓപ്പൺഎഐ ഉറപ്പിച്ചു പറയുന്നു.
മിക്ക ഉപയോക്താക്കളെയും ഈ സംഭവം ബാധിച്ചിട്ടില്ലെന്നും ഓപ്പൺഎഐ അറിയിച്ചു. ഓപ്പൺഎഐയുടെ കോർ സിസ്റ്റങ്ങളിലല്ല, മറിച്ച്, ഡാറ്റാ ലംഘനം നേരിട്ട മിക്സ്പാനൽ (Mixpanel) എന്ന മൂന്നാം കക്ഷി അനലിറ്റിക്സ് സേവനത്തിലാണ് പ്രശ്നം സംഭവിച്ചതെന്ന് കമ്പനി സ്ഥിരീകരിച്ചു. എപിഐ ഡാഷ്ബോർഡിലെ പ്രവർത്തനം ട്രാക്ക് ചെയ്യുന്നതിനായി ഓപ്പൺഎഐ ഈ സേവനം ഉപയോഗിച്ചിരുന്നു.
തങ്ങളുടെ കോർ സിസ്റ്റങ്ങൾ സുരക്ഷിതമാണ്. ചാറ്റ് ഹിസ്റ്ററി, പാസ്വേഡുകൾ, എപിഐ കീകൾ, പേയ്മെൻറ് വിവരങ്ങൾ തുടങ്ങിയ ഒരൊറ്റ സെൻസിറ്റീവ് വിവരവും അപഹരിക്കപ്പെട്ടിട്ടില്ല. സുതാര്യത ഉറപ്പാക്കാനാണ് എല്ലാ വരിക്കാർക്കും അറിയിപ്പ് അയച്ചതെന്നും ഓപ്പൺഎഐ വ്യക്തമാക്കി.
ആരെയാണ് ബാധിച്ചത്?
‘Platform AI dot com’ ഉപയോഗിച്ച് എപിഐ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്ന എപിഐ ഉപയോക്താക്കളെ മാത്രമാണ് ഈ സംഭവം ബാധിക്കാൻ സാധ്യതയുള്ളൂ.
ചോർന്നുപോയ മിക്സ്പാനൽ ലോഗ് ഫയലുകളിൽ ഉൾപ്പെട്ടേക്കാവുന്ന വിവരങ്ങൾ പരിമിതമാണ്:
രജിസ്റ്റർ ചെയ്ത പേര്, ഇമെയിൽ വിലാസം.
ബ്രൗസർ ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള സ്ഥാനം.
ഓപ്പറേറ്റിംഗ് സിസ്റ്റം, ബ്രൗസർ വിവരങ്ങൾ.
റഫറിംഗ് വെബ്സൈറ്റ്.
ഉപയോക്തൃ ഐഡി/സ്ഥാപന ഐഡി.
സംഭവത്തെ തുടർന്ന് മിക്സ്പാനലിനെ എല്ലാ പ്രൊഡക്ഷൻ സിസ്റ്റങ്ങളിൽ നിന്നും ഉടൻ നീക്കം ചെയ്യുകയും സമഗ്രമായ അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. എപിഐ ഉപയോഗിക്കുന്നതിനിടെ ആപ്പിൾ ജീവനക്കാരുടെ ഡാറ്റ ചോർന്നിരിക്കാമെന്ന റിപ്പോർട്ടുകൾ ഓപ്പൺഎഐ തള്ളി. കമ്പനിയുടെ ഒരു ഉപഭോക്തൃ ഡാറ്റയും ചോർന്നിട്ടില്ല എന്ന് ഓപ്പൺഎഐ വ്യക്തമാക്കി.
ഉപയോക്താക്കൾ ചെയ്യേണ്ടത്
നിങ്ങൾ വെബ്സൈറ്റിലോ ആപ്പിലോ മാത്രം ChatGPT ഉപയോഗിക്കുന്ന സാധാരണ ഉപയോക്താവാണെങ്കിൽ, നിങ്ങൾക്ക് ഒരു ആശങ്കയുമില്ല. ഈ മുന്നറിയിപ്പ് നിങ്ങളുടെ ഡാറ്റയ്ക്ക് അപകടകരമല്ല.
എപിഐ ഡെവലപ്പർമാർ ഓപ്പൺഎഐയുടെ വിവരങ്ങൾ ശ്രദ്ധയോടെ വായിക്കുകയും അന്വേഷണം പൂർത്തിയാകുന്നതുവരെ ഇമെയിൽ അപ്ഡേറ്റുകൾക്കായി നിരീക്ഷിക്കുകയും ചെയ്യുക.
സുരക്ഷാ നിർദ്ദേശങ്ങൾ
വിശ്വസനീയമല്ലാത്ത സന്ദേശങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കുക.
ഓപ്പൺഎഐയിൽ നിന്നുള്ള ആശയവിനിമയങ്ങൾ ഔദ്യോഗിക ഡൊമെയ്നിൽ നിന്നാണോ എന്ന് രണ്ടുതവണ പരിശോധിക്കുക.
അപ്രതീക്ഷിത ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്.
ഇമെയിൽ, ടെക്സ്റ്റ്, ചാറ്റ് എന്നിവ വഴി സെൻസിറ്റീവ് ക്രെഡൻഷ്യലുകൾ ഒരിക്കലും പങ്കിടരുത്.
എല്ലാവരും മൾട്ടി-ഫാക്ടർ ഒതൻറിക്കേഷൻ (Multi-Factor Authentication) പ്രാപ്തമാക്കണം.












