മക്ക: ജുമാദല്‍ അവ്വല്‍ 1447 ഹിജ്‌റ മാസത്തില്‍ മക്കയും മദീനയും ഉള്‍പ്പെടുന്ന ഇരുഹറമുകളിലേക്ക് എത്തിയ തീര്‍ത്ഥാടകരുടെ എണ്ണം 6.6 കോടിയിലധികം ഉയര്‍ന്നതായി ഇരുഹറമുകളുടെ പരിപാലന അതോറിറ്റി അറിയിച്ചു.
കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഇത് 1.21 കോടി വര്‍ധനയാണ്. മക്കയിലെ മസ്ജിദുല്‍ ഹറമില്‍ പ്രാര്‍ത്ഥിച്ചവരുടെ എണ്ണം 25,987,679 ആയിരുന്നു. ഇതില്‍ 100,489 പേര്‍ ഹിജ്‌റ് ഇസ്മായീലില്‍ നമസ്‌കരിച്ചു.
ഇതേ മാസം ഉംറ നിര്‍വഹിച്ചവരുടെ എണ്ണം 13,972,780 ആണ്. മദീനയിലെ മസ്ജിദുന്നബവിയില്‍
23,296,185 പേര്‍ പ്രാര്‍ത്ഥിച്ചു. റൗദയില്‍ നമസ്‌കരിച്ചവര്‍ 912,695 പേരാണ് എന്നാണ് ഔദ്യോഗിക കണക്കുകള്‍.
നിലവില്‍ ആള്‍ക്കൂട്ട നിയന്ത്രണത്തിനായി ഇരുഹറമുകളുടെ അതോറിറ്റികള്‍ സെന്‍സര്‍ ടെക്‌നോളജി ഉപയോഗിച്ച് പ്രധാന പ്രവേശന കവാടങ്ങളില്‍ കൂടി കടന്നുപോകുന്ന ഭക്തരുടെ എണ്ണവും പ്രവാഹവും തത്സമയം നിരീക്ഷിക്കുന്നുണ്ട്.
വിവിധ ഏജന്‍സികളുമായി ചേര്‍ന്ന് പ്രവര്‍ത്തന കാര്യക്ഷമത വര്‍ധിപ്പിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.









