ദുബൈ: നിരവധി വർഷങ്ങളായി യു.എ.ഇയിൽ നിയമപരമല്ലാത്ത നിലയിൽ കഴിയുകയും യാത്രാപരമായ എല്ലാ രേഖകളും നഷ്ടപ്പെട്ട നിലയിലുമായിരുന്ന ആലപ്പുഴ മാന്നാർ സ്വദേശിനി മാരിയത്ത് ബീവി അസീസ്‌കുട്ടി (65) ഒടുവിൽ നാട്ടിലേക്ക് മടങ്ങി. കൊവിഡ് കൊടുമ്പിരിക്കൊണ്ട കാലത്ത് ഒമാനിൽ നിന്ന് യു.എ.ഇയിൽ എത്തിയ ശേഷം പാസ്‌പോർട്ട് ഉൾപ്പെടെ മുഴുവൻ രേഖകളും നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു ഇവർ. ശരീര വേദന മൂലം ഒരു മാസത്തിലേറെ റാഷിദ് ആശുപത്രിയിൽ ചികിത്സ തേടേണ്ടി വന്നതോടെ സ്ഥിതി വഷളായി. തുടർന്ന്, സർജറി നടത്തേണ്ടി വന്നു.
ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സാംസ്കാരിക മന്ത്രി സജി ചെറിയാൻ, ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥർ, ഇന്ത്യൻ അസോസിയേഷൻ ഷാർജ ജന.സെക്രട്ടറി ശ്രീപ്രകാശ്, പി.ആർ.ഒ ഹരികുമാർ, പ്രവാസി ക്ഷേമ ബോർഡ് ഡയരക്ടർ എൻ.കെ കുഞ്ഞഹമ്മദ്, ലോക കേരള സഭാ ക്ഷണിതാവ് ദിലീപ് സി.എൻ.എൻ, ഓർമ പ്രവർത്തകരായ ഷഫീക്ക്, ലത തുടങ്ങിയവരുടെ ഇടപെടലും പിന്തുണയും നിർണായകമായി. ഈ സന്നദ്ധ പ്രവർത്തകരുടെ ഏകോപിത ശ്രമ ഫലമായി മരിയത്ത് ബീവിക്ക് വൈറ്റ് പാസ്‌പോർട്ടും ഔട്ട്‌പാസും ലഭിച്ചു. തുടർന്ന്, എല്ലാ നിയമ നടപടികളും പൂർത്തിയാക്കി അവർ സുരക്ഷിതമായി നാട്ടിലേക്ക് മടങ്ങി.









