ജാപ്പനീസ് വാഹനനിർമാതാക്കളായ ടൊയോട്ട കിർലോസ്കർ മോട്ടോർസ് ഇന്തോനേഷ്യൻ ഇലക്ട്രിക്ക് വിപണിയിൽ അർബൻ ക്രൂയിസർ ബി.ഇ.വി അവതരിപ്പിച്ചു. ജക്കാർത്ത ഓട്ടോ വീക്ക് 2025 (GJAW)ലാണ് ടൊയോട്ട ഇലക്ട്രിക് വാഹനം അവതരിപ്പിച്ചത്. അർബൻ ക്രൂയിസർ ബി.ഇ.വിയെ കൂടാതെ bZ4X എന്നൊരു മോഡലും ടൊയോട്ട പ്രദർശന മേളയിൽ അവതരിപ്പിച്ചു. 2025ന്റെ അവസാനത്തോടെ bZ4X മോഡൽ ഇന്തോനേഷ്യൻ പ്രാദേശിക വിപണിയിൽ വാഹനം ലഭ്യമാകും.
799 മില്യൺ ഇന്തോനേഷ്യൻ രൂപിയാഹ് (ഏകദേശം 42.93 ലക്ഷം) ആണ് മോഡലിന്റെ പ്രാരംഭ എക്സ് ഷോറൂം വില. വളർന്നുവരുന്ന ഇലക്ട്രിക് വിപണിയിൽ മികച്ച നേട്ടം കൈവരിക്കാൻ അർബൻ ക്രൂയിസർ ബി.ഇ.വി സാധിക്കും. 73.11kWh ബാറ്ററി പാക്കിൽ ഫ്രണ്ട്-വീൽ ഡ്രൈവിലാണ് bZ4X മോഡൽ എത്തുന്നത്. ഈ മോഡൽ ഇന്തോനേഷ്യയിൽ തന്നെ നിർമിക്കും. വാഹനം ഒറ്റചാർജിൽ 525 കിലോമീറ്റർ റേഞ്ച് ടൊയോട്ട വാഗ്‌ദാനം ചെയ്യുന്നുണ്ട്. bZ4X സജ്ജീകരിച്ചിട്ടുള്ള ഇലക്ട്രിക് മോട്ടോർ 221 എച്ച്.പി മാക്സിമം പവറും 268 എൻ.എം പീക് ടോർക്കും ഉത്പാദിപ്പിക്കും.
എന്നാൽ പൂർണമായും ഇറക്കുമതിചെയ്യുന്ന ഇലക്ട്രിക് മോഡലാണ് അർബൻ ക്രൂയിസർ ബി.ഇ.വി. 759 മില്യൺ ഇന്തോനേഷ്യൻ രൂപിയാഹ് (ഏകദേശം 40.78 ലക്ഷം രൂപ) ആണ് അർബൻ ക്രൂയിസർ ബി.ഇ.വിയുടെ എക്സ് ഷോറൂം വില. മിഡ്-സൈസ് എസ്.യു.വി സെഗ്‌മെന്റിലെത്തുന്ന വാഹനത്തിൽ 61.1kWh ബാറ്ററി പക്കാണ് കമ്പനി നൽകിയിരിക്കുന്നത്. ഈ ബാറ്ററി ഒറ്റചാർജിൽ 426.7 കിലോമീറ്റർ റേഞ്ച് വാഗ്‌ദാനം ചെയ്യുന്നുണ്ട്. വാഹനത്തിൽ സജ്ജീകരിച്ചിരിക്കുന്ന മോട്ടോർ 172 എച്ച്.പി മാക്സിമം കരുത്തും 192 എൻ.എം പീക് ടോർക്കും ഉത്പാദിപ്പിക്കും. രണ്ട് മോഡലുകളിലും ടൊയോട്ടയുടെ ‘ടി ഇൻടച്ച്’ കണക്ടിവിറ്റി സിസ്റ്റം ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് വാഹനം ട്രാക്ക് ചെയ്യാനും പ്രധാന വിവരങ്ങൾ പരിശോധിക്കാനും കാറുമായി വിദൂരമായി സംവദിക്കാനും വാഹന ഉടമകളെ സഹായിക്കുന്നു.
റിമോട്ട് ഇമ്മൊബിലൈസർ ഫങ്ഷൻ, തത്സമയ വാഹന വിവരങ്ങൾ, ഓൺബോർഡ് വൈ-ഫൈ ഹോട്ട്‌സ്‌പോട്ട് തുടങ്ങിയ അധിക കണക്റ്റഡ് സവിശേഷതകൾ bZ4X മോഡലിൽ നൽകിയിട്ടുണ്ട്. അർബൻ ക്രൂയിസർ ബി.ഇ.വി ഇന്ത്യക്ക് വളരെയധികം പ്രാധാന്യമർഹിക്കുന്നു. 2025 ജനുവരിയിൽ ഡൽഹിയിൽ നടന്ന ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോ(ബി.എം.ജി.ഇ)യിൽ വാഹനം പ്രദർശിപ്പിച്ചിരുന്നു.
അടുത്ത മാസം വിൽപ്പനയ്‌ക്കെത്തുന്ന മാരുതി സുസുക്കി ഇ വിറ്റാരയുടെ അതേ ‘ഹെയർടെക്റ്റ് ഇ പ്ലാറ്റ്‌ഫോ’മാണ് അർബൻ ക്രൂയിസർ ബി.ഇ.വിയുടെ അടിത്തറ. അതിനാൽത്തന്നെ രണ്ട് മോഡലുകൾക്കും ധാരാളം സമാനതകളുണ്ട്. 2026ന്റെ ആദ്യ പകുതിയിൽ അർബൻ ക്രൂയിസർ ബി.ഇ.വി ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷ.








