ജോലിസമയം കഴിഞ്ഞാലും ജോലി തുടരുന്നതും അധികനേരം ഓഫീസില്‍ ഇരിക്കുന്നതുമെല്ലാം കഠിനധ്വാനമായാണ് പലരും കാണുന്നത്. പല കമ്പനികളും ഈ ആത്മാര്‍ത്ഥതയെ ചൂഷണം ചെയ്യാറുണ്ട്. എന്നാല്‍ യൂറോപ്പില്‍ കാര്യങ്ങള്‍ വ്യത്യസ്തമാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ജ്യോതി എന്ന് പേരുള്ള ഇന്ത്യന്‍ യുവതി. കൃത്യസമയത്ത് ജോലിക്ക് വന്ന് കൃത്യസമയത്ത് പോകുക എന്നതാണ് യൂറോപ്പിലെ തൊഴില്‍ സംസ്കാരമെന്ന് യുവതി പറയുന്നു. വൈകുന്നേരം അഞ്ച് മണിയായാല്‍ ആംസ്റ്റര്‍ഡാമിലെ ഓഫീസ് ശൂന്യമാകുമെന്നും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ യുവതി പറയുന്നു.
അഞ്ച് മണിക്കുശേഷം ശൂന്യമായ ഓഫീസിലെ കസേരകളും മേശകളും യുവതി വീഡിയോയില്‍ കാണിക്കുന്നുണ്ട്. ‘കോര്‍പറേറ്റ് ഷോക്ക്’ എന്ന ക്യാപ്ഷനും അവര്‍ വീഡിയോയ്ക്ക് നല്‍കിയിട്ടുണ്ട്. ഇത് നിമിഷനേരത്തിനുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി. പലരും ഈ തൊഴില്‍ സംസ്കാരത്തില്‍ ആശ്ചര്യം പ്രകടിപ്പിച്ചു.
ഓഫീസ് സമയം ഇത്ര നേരത്തെ എങ്ങനെ അവസാനിച്ചു എന്നതാണ് പലര്‍ക്കും കൗതുകമായത്. ‘പാശ്ചാത്യ രാജ്യങ്ങളിലെ മിക്ക ആളുകളും രാവിലെ എട്ട് മണിക്കോ അതിന് മുന്‍പോ ജോലി തുടങ്ങുന്നു. ‘ചായ, സിഗരറ്റ് ഇടവേളകള്‍’, ഗ്രൂപ്പ് ചര്‍ച്ചകള്‍, ഉച്ചഭക്ഷണ സമയത്തെ ചര്‍ച്ചകള്‍ എന്നിവയൊന്നുമില്ലാതെ അവര്‍ ജോലി ചെയ്യുന്നു. തനിച്ചോ അല്ലെങ്കില്‍ സ്വന്തം ഡെസ്കിലിരുന്നോ ഭക്ഷണം കഴിക്കുന്നു. ജോലി പൂര്‍ത്തിയാക്കി പോകുന്നു. ഇന്ത്യയിലെ തൊഴില്‍ രീതിയും സംസ്കാരവും വ്യത്യസ്തമാണ്.’-എന്നാണ് ഒരു ഉപയോക്താവ് കുറിച്ചത്.
‘അവര്‍ യഥാര്‍ത്ഥത്തില്‍ ജീവിതം ആസ്വദിക്കുകയാണ്. ജോലി അതിന്റെ ഒരു ഭാഗം മാത്രം. ഇന്ത്യയിലാകട്ടെ, നമ്മള് ജോലിക്കുവേണ്ടിയാണ് ജീവിക്കുന്നത്. മറ്റെല്ലാം അതിന് ശേഷമാണ് വരുന്നത്.’- മറ്റൊരാള്‍ കമന്റ് ചെയ്തു.












