തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന കഴിഞ്ഞതോടെ മത്സരരംഗത്തുള്ളത് 98451 സ്ഥാനാര്‍ഥികള്‍. 2261 പത്രികകളാണ് തള്ളിയത്. തിരുവനന്തപുരം ജില്ലയില്‍ മാത്രം തള്ളിയത് 527 പത്രികകളാണ്.
കോട്ടയത്ത് 401, എറണാകുളത്ത് 348 പത്രികകളും തള്ളി. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ പത്രികകള്‍ സമര്‍പ്പിക്കപ്പെട്ടത് (19,959). തൃശൂര്‍(17,168), എറണാകുളം (16,698) എന്നീ ജില്ലകളാണ് രണ്ടും മൂന്നും സ്ഥാനത്ത്. വയനാട്ടിലായിരുന്നു ഏറ്റവും കുറവ് (5,227).
തിങ്കളാഴ്ച ഉച്ചയ്ക്കു മൂന്നുവരെ സ്ഥാനാർഥിത്വം പിൻവലിക്കാം. സ്ഥാനാർഥിക്കോ നാമനിർദേശകനോ സ്ഥാനാർഥി അധികാരപ്പെടുത്തിയ തെരഞ്ഞെടുപ്പ് ഏജന്റിനോ ഫോറം 5 ൽ തയാറാക്കിയ നോട്ടീസ് നല്‍കാം. സ്ഥാനാർഥിത്വം പിൻവലിക്കുന്നതിനുള്ള അവസാന സമയത്തിനു ശേഷം റിട്ടേണിംഗ് ഓഫീസർ മത്സരിക്കുന്ന സ്ഥാനാർഥികളുടെ അന്തിമപട്ടിക പ്രസിദ്ധീകരിക്കും.
മലയാളം അക്ഷരമാലാ ക്രമത്തിലാണ് സ്ഥാനാർഥികളുടെ പേര് പട്ടികയിൽ ഉൾപ്പെടുത്തുക. സ്ഥാനാർഥിയുടെ പേര്, വിലാസം, അനുവദിച്ച ചിഹ്നം എന്നിവയാണ് ഈ പട്ടികയിലുണ്ടാവുക. അതത് റിട്ടേണിംഗ് ഓഫീസറുടെ ഓഫീസിലും ബന്ധപ്പെട്ട പഞ്ചായത്ത്,മുനിസിപ്പാലിറ്റി ഓഫീസിലും മത്സരിക്കുന്ന സ്ഥാനാർഥികളുടെ പട്ടിക പരസ്യപ്പെടുത്തും.









