ന്യൂയോര്‍ക്ക് / ഗസ്സ സിറ്റി: ഗസ്സയില്‍ അന്താരാഷ്ട്ര സേനയെ വിന്യസിക്കാനുള്ള കരട് പ്രമേയം അംഗീകരിച്ച് ഐക്യരാഷ്ട്ര സഭ രക്ഷാ സമിതി. എതിരില്ലാത്ത 13 വോട്ടുകള്‍ക്കാണ് കരട് പ്രമേയം പാസായത്. അതേസമയം, റഷ്യയും ചൈനയും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ട്രംപിന്റെ വെടിനിര്‍ത്തല്‍ പദ്ധതിയിലെ പ്രധാന ഭാഗമായിരുന്നു അന്താരാഷ്ട്ര സേനയുടെ വിന്യാസം.
അതിര്‍ത്തി സുരക്ഷിതമാക്കി ഗസ്സയിലെ സൈനികവല്‍ക്കരണം അവസാനിപ്പിക്കുന്നതിനും സാധാരണക്കാരെ സംരക്ഷിക്കുന്നതിനും പുതുതായി പരിശീലനം ലഭിച്ച ഫലസ്തീന്‍ പൊലിസിനൊപ്പം ഇസ്‌റാഈലും ഈജിപ്തും ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നാണ് പ്രമേയം പറയുന്നത്. അതേസമയം, ഈ സേന ഐക്യരാഷ്ട്രസഭയുടെ ഔദ്യോഗിക സമാധാന സേനയായിരിക്കില്ല.
അതേസമയം, റഷ്യയും ചൈനയും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. പ്രമേയം അധിനിവേശ ഫലസ്തീന്‍ പ്രദേശത്ത് അമേരിക്ക നടത്തുന്ന അനിയന്ത്രിതമായ നീക്കങ്ങള്‍ക്ക് ഒരു മറയായി മാറരുതെന്ന് റഷ്യയുടെ യു.എന്‍ അംബാസഡര്‍ വാസിലി നെബെന്‍സിയ പറഞ്ഞു. പ്രമേയത്തില്‍ മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള ഒരു പരാമര്‍ശവും ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിലെ യുഎന്‍ ഡയറക്ടര്‍ ലൂയിസ് ചാര്‍ബോണിയോ അഭിപ്രായപ്പെട്ടു.
ഗസ്സയില്‍ ഒരു അന്താരാഷ്ട്ര രക്ഷാകര്‍തൃത്വത്തെ പിന്തുണക്കുന്ന പ്രമേയം തള്ളി ഹമാസ് രംഗത്തെത്തി. അന്താരാഷ്ട്ര സംഘങ്ങളുടെ മേല്‍നോട്ടം ഫലസ്തീനികളുടെ സ്വയം നിര്‍ണയാവകാശത്തെയാണ് ബാധിക്കുക. തീരുമാനങ്ങള്‍ എടുക്കുന്നതില്‍ വിദേശ നിയന്ത്രണത്തിന് വഴിയൊരുക്കും- ഹമാസും മറ്റ് സായുധ ഗ്രൂപ്പുകളും കരട് പ്രമേയത്തെ വിമര്‍ശിച്ചുകൊണ്ട് സൂചിപ്പിച്ചു. ഗസ്സയുടെ ഭരണവും പുനര്‍നിര്‍മാണവും ഒരു വിദേശ സംഘടനയ്ക്ക് കൈമാറുന്നതോടെ ഫലസ്തീനികളുടെ സ്വയംഭരണം ഇല്ലാതാക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍ പ്രമേയം അംഗീകരിക്കപ്പെട്ടതിനെ പ്രശംസിക്കുന്ന നിലപാടാണ് ഫലസ്തീന്‍ അതോറിറ്റി കൈക്കൊണ്ടത്. അമേരിക്കയുടെ പദ്ധതി ഗസ്സ മുനമ്പില്‍ സ്ഥിരവും സമഗ്രവുമായ വെടിനിര്‍ത്തല്‍ കൊണ്ടുവരുമെന്ന് അതോറിറ്റി ചൂണ്ടിക്കാട്ടി. മാനുഷിക സഹായം തടസ്സമില്ലാതെ ലഭിക്കുന്നതിനും നീക്കം സഹായകമാവും. നീക്കം ഫലസ്തീന്‍ ജനതയുടെ സ്വയം നിര്‍ണയാവകാശം, അവരുടെ സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കല്‍ എന്നിവയെ സ്ഥിരീകരിക്കുന്നതാണെന്ന് ഫലസ്തീന്‍ അതോറിറ്റി പ്രസ്താവിച്ചു.









