ന്യൂഡല്‍ഹി: വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തിനെതിരെ (എസ്.ഐ.ആര്‍) മുസ്‌ലിം ലീഗ് സുപ്രിം കോടതിയിലേക്ക്. കേരളത്തിലെ എസ്.ഐ.ആര്‍ നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് ലീഗ് പരമോന്നത കോടതിയെ സമീപിച്ചത്.
കേരളത്തിലെ എസ്.ഐ.ആര്‍ നടപടികളുമായി ബന്ധപ്പെട്ട വിജ്ഞാപനം ചോദ്യം ചെയ്യുന്നതാണ് ഹരജി. പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയാണ് ഹരജി സമര്‍പ്പിച്ചത്. എസ്.ഐ.ആര്‍ വിജ്ഞാപനം ചോദ്യം ചെയ്ത് സുപ്രിംകോടതിയെ സമീപിക്കുന്ന ആദ്യ രാഷ്ട്രീയ പാര്‍ട്ടി കൂടിയാണ് മുസ്‌ലിം ലീഗ്.
മാനസിക സമ്മര്‍ദത്തെ തുടര്‍ന്ന് ബി.എല്‍.ഒ അനീഷ് ജോര്‍ജ് ആത്മഹത്യ ചെയ്ത സംഭവവും ഹരജിയില്‍ പരാമര്‍ശിക്കുന്നുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പും വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണവും (എസ്.ഐ.ആര്‍) ഒരേസമയം നടക്കുന്നത് ബി.എല്‍.ഒമാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ വലിയ സമ്മര്‍ദം ഉണ്ടാക്കുന്നുവെന്ന് ഹരജി ചൂണ്ടിക്കാട്ടുന്നു. ആ സമ്മര്‍ദം ജീവനക്കാര്‍ക്ക് താങ്ങാന്‍ സാധിക്കുന്നില്ലെന്നും ഹരജി വ്യക്തമാക്കുന്നു.
വോട്ടര്‍മാരെ പുറത്താക്കാനുള്ള നീക്കമാണ് എസ്.ഐ.ആര്‍. പ്രവാസി വോട്ടര്‍മാര്‍ പട്ടികയില്‍ നിന്ന് പുറത്താകുമോ എന്ന ആശങ്കയും ഹരജിയില്‍ പങ്കുവെക്കുന്നുണ്ട്.
എസ്.ഐ.ആറിനെതിരെ സുപ്രിം കോടതിയെ സമീപിക്കാന്‍ സംസ്ഥാന സര്‍ക്കാറും സി.പി.എമ്മും തീരുമാനിച്ചിട്ടുണ്ട്. കേസില്‍ കക്ഷി ചേരുമെന്ന് കോണ്‍ഗ്രസ് നേരത്തെ വ്യക്തമാക്കിയിട്ടുമുണ്ട്. എസ്.ഐ.ആര്‍ മാറ്റിവെക്കണമെന്നത് കേരളത്തിലെ ആദ്യ മൂന്ന് സര്‍വകക്ഷി യോഗങ്ങളില്‍ ബി.ജെ.പി ഒഴികെയുള്ളവരെല്ലാം അംഗീകരിച്ചിരുന്നു. നാലാമത്തെ യോഗത്തില്‍ ബി.ജെ.പിയും അത് തത്വത്തില്‍ അംഗീകരിച്ചിരിക്കുകയാണ്.









