ബര്‍ലിന്‍ ∙ ജര്‍മനിയിലെ ലൈപ്സിഷ് വിമാനത്താവളത്തിലെ ടെർമിനൽ ബിയിൽ റിവോൾവിങ് ഡോറിന് മുന്നിൽ സിൽവർ നിറത്തിലുള്ള ഒരു മെഴ്സിഡസ് കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത് വെള്ളിയാഴ്ച വൈകുന്നേരം വലിയ പരിഭ്രാന്തി പരത്തി. വൈകുന്നേരം 5:30 ഓടെയാണ് സംഭവം.
ഒരു പഴയ ഇ-ക്ലാസ് സിൽവർ മെഴ്സിഡസ് കാർ, പാർക്കിങ് ഏരിയയിലേക്ക് തിരിഞ്ഞ ശേഷം, പെട്ടെന്ന് നടപ്പാതയിലേക്ക് ഓടിച്ചുകയറ്റി റിസപ്ഷനിലെ റിവോൾവിങ് ഡോറിന് മുന്നിൽ നിർത്തി. ഇതോടെ, ഡോറിന്റെ പ്രവർത്തനം തടസ്സപ്പെട്ടു. കാർ നിർത്തിയ ഉടൻ ഡ്രൈവർ പുറത്തിറങ്ങി രക്ഷപ്പെട്ടു.
വിവരം ലഭിച്ച ലൈപ്സിഷ് പൊലീസ് വലിയൊരു ഓപ്പറേഷൻ ആരംഭിച്ചു. സാക്സോണിയിലെയും ഫെഡറൽ പൊലീസും സംഭവസ്ഥലത്തെത്തി പ്രദേശം വളഞ്ഞു. വിമാനത്താവളത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി, മെഴ്സിഡസ് കാറിനുള്ളിലും പരിസരത്തും സ്ഫോടകവസ്തുക്കൾക്കും ആയുധങ്ങൾക്കുമായി വിശദമായ തിരച്ചിൽ നടത്തി. കാറിന്റെ ഇന്റീരിയറിലും മറ്റു ഭാഗങ്ങളിലും പരിശോധന നടന്നു. അടിയന്തര സേവനങ്ങൾ മണിക്കൂറുകളോളം ഈ മെഴ്സിഡസ് കാർ അരിച്ചുപെറുക്കിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.
സംഭവത്തിന് ശേഷം ഓടിപ്പോയ ഡ്രൈവറെ പൊലീസ് വൈകാതെ കണ്ടെത്തി. ഇയാളെ ചോദ്യം ചെയ്യുകയും പരിശോധനകൾക്ക് വിധേയനാക്കുകയും ചെയ്തു. പരിശോധനയിൽ ഇയാൾ മദ്യമോ ലഹരിമരുന്നോ ഉപയോഗിച്ചിട്ടില്ലെന്ന് തെളിഞ്ഞു.












