തിരുവല്ല ∙ ബ്രിട്ടന്റെ പൊതു ആരോഗ്യ മേഖലയിൽ ഉപയോഗിക്കുന്ന മരുന്നുകളുടെയും, ചികിൽസോപകരണങ്ങളുടെയും കാര്യക്ഷമതയും ഗുണനിലവാരവും ഉറപ്പാക്കാൻ ശാസ്ത്ര വിഭാഗം നിലവിൽ വരുന്നു. പുതു വർഷത്തിൽ നിലവിൽ വരുന്ന ഈ വിഭാഗത്തിന്റെ ചുമതല മലയാളിയുമായ ഡോ.ജേക്കബ് ജോർജിനാണ്.
മെഡിസിൻസ് ആൻഡ് ഹെൽത്ത്കെയർ പ്രോഡക്ട്സ് റെഗുലേറ്ററി ഏജൻസിയുടെ ആദ്യത്തെ ചീഫ് മെഡിക്കൽ ആൻഡ് സയന്റിഫിക് ഓഫിസർ എന്ന സ്ഥാനത്തേക്കാണ് നിയമിതനാകുന്നത് എംഎച്ചആർഎ ആസ്ഥാനമായ ലണ്ടനിലും ഗവേഷണ കേന്ദ്രമായ ഹെർട്ട്ഫഡ്ഷയറിലും ആയിരിക്കും പ്രധാന പ്രവർത്തന മേഖല.
സ്കോട്ട്ലാണ്ടിലെ ഡൺഡീ സർവകലാശാലയിലെ ഹൃദ്രോഗ വിദഗ്ധനാണ്. ഔഷധശാസ്ത്രത്തിലും ആന്തരിക ചികിത്സാവിധിയിലും തുടർവിദ്യാഭ്യാസം ചെയ്ത ഇദ്ദേഹം ജനുവരി 5ന് ചുമതല ഏറ്റെടുക്കും.
ഇടയാറന്മുള ആലക്കോട്ട് ജോർജ് ഉമ്മന്റെയും അയിരൂർ ചെറുകര സൂസിയുടെയും മകനാണ്. മലേഷ്യയിലായിരുന്നു ജനനം. ഷെഫീൽഡിലും ഡണ്ടീയിലുമായി മെഡിക്കൽ വിദ്യാഭ്യാസം ചെയ്ത ജോർജ് യുദ്ധകലുഷിതമായ യൂക്രൈനിൽ മെഡിക്കൽ വിദ്യാഭ്യാസം മുടങ്ങാതിരിക്കാൻ പോയി പഠിപ്പിച്ചിരുന്നു. ഈ സമർപ്പണത്തിന് ആ രാജ്യത്തിന്റെ ബഹുമതി ഈയിടെ ലഭിച്ചിരുന്നു.












