സിപിഎം വലതുപക്ഷവൽ ക്കരിക്കപ്പെടുന്നെന്ന ആക്ഷേപങ്ങൾക്കിടയിൽ വി.എസ്.അച്യുതാനന്ദൻ കേരള രാഷ്ട്രീയത്തിൽ നടത്തിയ ഇടപെടലുകൾ ഓർമപ്പെടുത്തുന്ന പുസ്തകം പുറത്തിറങ്ങി. ‘വിഎസ് കേരളത്തിന്റെ ഫിദൽ’ എന്ന പേരിൽ പുസ്തകം രചിച്ചിരിക്കുന്നത് ദേശാഭിമാനി മുൻ സീനിയർ ന്യൂസ് എഡിറ്റർ എ.വി.അനിൽകുമാറാണ്. പാർട്ടിക്കകത്തും പുറത്തുമുള്ള വിഎസിന്റെ പോരാട്ടം എന്തിനുവേണ്ടിയായിരുന്നെന്ന് സമർഥിക്കാനുള്ള ശ്രമമാണ് പുസ്തകം. ഇടതുപക്ഷ നയത്തിൽ വെള്ളംചേർക്കാതെ പടപൊരുതിയ വിഎസിന്റെ ജീവിതമുണ്ട് ഇതിൽ.
‘നമ്മുടെ മുന്നിൽ പ്രശ്നങ്ങളുമായി പത്താളുകൾ വരുമ്പോൾ അതിൽ പ്രമാണിമാരുണ്ടാവും. സമ്പന്നന്മാരുണ്ടാകും. സാധാരണ തൊഴിലാളികളുമുണ്ടാവും. ഒരു കമ്യൂണിസ്റ്റുകാരന്റെ ആദ്യ പരിഗണന സാധാരണക്കാരനോടാവണം. കാരണം അവർ സമ്പത്തില്ലാത്തവരാണ്. സൗകര്യങ്ങളില്ലാത്തവരാണ്. മറ്റുള്ളവർക്കു കാറുണ്ടാകും. സൗകര്യങ്ങളുണ്ടാകും.’ – ഇത് വി.എസ്.അച്യുതാനന്ദൻ മരണം വരെ പാലിച്ചതായി പുസ്തകത്തിൽ പറയുന്നു.
സംസ്ഥാനത്ത് വിവിധ ഘട്ടങ്ങളിൽ അലയടിച്ച സ്ത്രീപക്ഷ പ്രക്ഷോഭങ്ങൾക്ക് ശക്തിപകർന്ന കാവൽ പോരാളിയായി വിഎസിനെ വിശേഷിപ്പിക്കുന്നു. സ്ത്രീപീഡനക്കേസുകളിലെ പ്രതികൾ എത്ര വമ്പൻമാരായാലും കയ്യാമം വച്ച് തെരുവിലൂടെ നടത്തിക്കുമെന്ന പ്രഖ്യാപനത്തിന്റെ ശക്തി വലുതായിരുന്നുവെന്ന് എടുത്തു പറയുന്നു.
സുരക്ഷിതത്വത്തിന്റെ ഏറുമാടങ്ങളിലിരുന്ന് വീരകഥകൾ അയവിറക്കുന്നവരിൽപെടാതിരുന്ന വിഎസ് എക്കാലത്തും മുറുകെപിടിച്ച ലാളിത്യം വസ്ത്രങ്ങളിലും ഭക്ഷണത്തിലും താമസത്തിലും സ്വകാര്യാവശ്യങ്ങൾ പരിമിതപ്പെടുത്തുന്നതിലും ആഡംബരങ്ങൾ വർജിക്കുന്നതിലും തെളിഞ്ഞു. ഉപചാരങ്ങളുടെ പൂക്കളേന്താതെ സാധാരണക്കാർക്ക് എളുപ്പം സമീപിക്കാവുന്ന ചുരുക്കം നേതാക്കളിൽ ഒരാളായിരുന്നു അദ്ദേഹമെന്ന് ഉദാഹരണസഹിതം വ്യക്തമാക്കുന്നു.
നീയൊരു തൊഴിലാളി നേതാവിന്റെ മകളാണ്
1991ൽ വിഎസിന്റെ മകൾ ആശയ്ക്ക് ആറുമാസത്തെ ഗവേഷണ സ്റ്റൈപൻഡ് ഒന്നിച്ചുകിട്ടി. അതുകൊണ്ട് സ്വർണക്കൊലുസ് വാങ്ങണമെന്ന് ആഗ്രഹിച്ച് അച്ഛനോടു പറഞ്ഞപ്പോഴുള്ള പ്രതികരണം ഇരുത്തിചിന്തിപ്പിക്കുന്നതായിരുന്നു. ‘നീയൊരു തൊഴിലാളി നേതാവിന്റെ മകളാണെന്ന് ഓർമയുണ്ടല്ലോ. അതു മനസ്സിലുണ്ടെങ്കിൽ കൊലുസ് വാങ്ങുകയും ധരിക്കുകയും ചെയ്യാം’. അതോടെ ആശ ആ ആഗ്രഹം ഉപേക്ഷിച്ചു. പിന്നീട് വിവാഹത്തിനാണ് ആശ സ്വർണക്കൊലുസ് വാങ്ങിയത്.
കടുംപിടുത്തമെന്ന് ശകാരിക്കപ്പെട്ട ചില നിലപാടുകൾ എഴുപത്തിയഞ്ചിലെത്തിയ ശേഷം പുതുക്കിപ്പണിയുക മാത്രമായിരുന്നില്ല, തന്നെത്തന്നെ കാലാനുസൃതമായി നവീകരിക്കുകയും ചെയ്യുകയായിരുന്നു വിഎസ്. അങ്ങനെയൊരു രൂപമാറ്റത്തിലൂടെ എതിരാളികളെപ്പോലും സ്വാധീനിക്കുകയും തിരുത്തുകയുമുണ്ടായി. പച്ചയായ അനീതി കാലഘട്ടത്തിന്റെ മുഖമുദ്രയായ കെട്ടകാലത്ത് നിഷേധത്തിന് ചെറുത്തുനിൽപിന്റെ വിസ്തൃതി കൈവരും. അത് തിരിച്ചറിഞ്ഞ വിഎസ് ശരീരകോശത്തിന്റെ അവസാനതുടിപ്പുകൾ നിലയ്ക്കുംവരെ ആ നിഷേധത്തിൽ അനുരഞ്ജനത്തിന് തയാറായില്ലെന്നും ഓർമപ്പെടുത്തുന്നുണ്ട് പുസ്തകം.
ഇടതുപക്ഷ മൂല്യങ്ങളിൽനിന്ന് തെല്ലും വ്യതിചലിക്കാതെ മണ്ണിനും കാടിനും ജലയുറവിടങ്ങൾക്കും കാലാവസ്ഥയ്ക്കും പരിസ്ഥിതിക്കും സ്ത്രീകളുടെ അഭിമാനത്തിനും വ്യക്തിത്വത്തിനും അറിവിന്റെ ഉപാധികൾക്കും അധസ്ഥിതബോധത്തിനും രാഷ്ട്രീയമുണ്ടെന്ന് കാണിച്ചു കൊടുത്ത നേതാവാണ് വിഎസ് എന്ന് പുസ്തകം അടിവരയിടുന്നു.






