മസ്കത്ത്: ലിഥിയം ബാറ്ററികൾ, പവർ ബാങ്കുകൾ, സ്മാർട്ട് ബാഗുകൾ, ഇ-സിഗരറ്റുകൾ എന്നിവ കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട് പുതിയ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പ്രഖ്യാപിച്ച് ഒമാൻ എയർ (Oman Air). യാത്രക്കാരുടെ സുരക്ഷയും സുഗമമായ യാത്രയും ഉറപ്പാക്കുന്നതിനായാണ് ഈ പുതിയ നിർദേശങ്ങൾ.
പവർ ബാങ്കുകൾ
- എയർ ലൈൻ വ്യക്തമാക്കിയത് പ്രകാരം, പവർ ബാങ്കുകൾ ഹാൻഡ് ലഗേജിൽ (Hand Luggage) മാത്രമേ കൊണ്ടുപോകാൻ പാടുള്ളൂ.
- യാത്രയ്ക്കിടെ ഇവ ഉപയോഗിക്കാനോ ചാർജ് ചെയ്യാനോ പാടില്ല.
- ലേബൽ ഇല്ലാത്തതോ കേടായതോ ആയ പവർ ബാങ്കുകൾ വിമാനത്തിൽ കൊണ്ടുപോകുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
സ്മാർട്ട് ബാഗുകൾ
- ബാറ്ററി മാറ്റാൻ കഴിയാത്ത (non-removable) സ്മാർട്ട് ബാഗുകൾ ചെക്ക്-ഇൻ ബാഗേജായി സ്വീകരിക്കുന്നതല്ല.
- അതേസമയം, ബാറ്ററി മാറ്റാൻ കഴിയുമെങ്കിൽ, ചെക്ക്-ഇൻ ചെയ്യുന്നതിന് മുമ്പ് ബാറ്ററി ഊരിമാറ്റുകയും അത് വിമാനത്തിനകത്ത് ഹാൻഡ് ലഗേജായി കൊണ്ടുപോകുകയും വേണം.
ഇ-സിഗരറ്റുകളും വേപ്പുകളും
- ഇ-സിഗരറ്റുകളും വേപ്പുകളും ഹാൻഡ് ബാഗേജിൽ മാത്രമേ അനുവദിക്കൂ.
- വിമാനത്തിനുള്ളിൽ ഇവ ഉപയോഗിക്കാനോ ചാർജ് ചെയ്യാനോ പാടില്ല.
ഉപകരണങ്ങൾ ചാർജ് ചെയ്യുന്നത്
ഫോണുകൾ, ടാബ്ലെറ്റുകൾ തുടങ്ങിയ വ്യക്തിഗത ഇലക്ട്രോണിക് ഉപകരണങ്ങൾ (PEDs) വിമാനത്തിലെ ചാർജിംഗ് പോർട്ടുകൾ ഉപയോഗിച്ച് ചാർജ് ചെയ്യാം. അതേസമയം, എല്ലാ ഉപകരണങ്ങളും ചാർജ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടതുണ്ട്.
നിരോധിച്ച ഉപകരണങ്ങൾ
ഹോവർബോർഡുകൾ, ബാലൻസ് വീലുകൾ, മിനി-സ്കൂട്ടറുകൾ എന്നിവയുൾപ്പെടെ ലിഥിയം ബാറ്ററിയിൽ പ്രവർത്തിക്കുന്ന വ്യക്തിഗത യാത്രാ ഉപകരണങ്ങൾ (Personal Transportation Devices) ചെക്ക്-ഇൻ ലഗേജായും ക്യാരി ഓൺ ലഗേജായും വിമാനത്തിൽ അനുവദിക്കില്ല.
എല്ലാ യാത്രക്കാർക്കും ഉയർന്ന നിലവാരത്തിലുള്ള സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ നിയന്ത്രണങ്ങൾ എന്ന് ഒമാൻ എയർ വ്യക്തമാക്കി.











