ഹൃദയാഘാതം..പ്രായ ഭേദമന്യേ ഇന്ന് ലോകത്ത് വ്യാപകമായിക്കൊണ്ടിരിക്കുന്ന ഒന്നാണിത്. ലോകത്ത് ഏറ്റവും കൂടുതല്‍ പേര് മരിക്കുന്നതില്‍ പ്രധാന കാരണങ്ങളിലൊന്നായി ഹൃദയാഘാതത്തെ എണ്ണാം. എന്നാല്‍ ശരീരം നല്കുന്ന ചില സൂചനകള്‍ കൃത്യമായി മനസിലാക്കുന്നത് ഒരു പക്ഷേ ജീവന് രക്ഷിക്കാന്‍ തന്നെ സഹായിക്കും. കഠിനമായ നെഞ്ചുവേദനയാണ് സാധാരണയായി ഹൃദയാഘാതത്തിന്റെ പ്രധാന ലക്ഷണമായി പറയുന്നത്.
അതേസമയം, പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ ഹൃദയാഘാത ലക്ഷണങ്ങള്‍ വ്യത്യസ്തമായിരിക്കുമെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. മിക്ക സ്ത്രീകളിലും നെഞ്ചുവേദനയല്ല ഹൃദയാഘാത ലക്ഷണമായി വരുന്നത്. ഹൃദയ ശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ. ജെറമി ലണ്ടന്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ച വിഡിയോയില്‍ പറയുന്നു.
സ്തീകളില്‍ പലപ്പോഴും വ്യത്യസ്തമായ ലക്ഷണങ്ങളാണ് കാണിക്കുക. അതുകൊണ്ട് തന്നെ അത് പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്നു. വൈദ്യ സഹായം തേടുന്നതില്‍ വീഴ്ച വരാനിടയാകുകയും ചെയ്യുന്നു. സെലന്റ് അറ്റാക്കിന്റെ ലക്ഷങ്ങള്‍ സ്ത്രീകള്‍ ശ്രദ്ധിക്കാതെ പോകുന്നത് കൂടുതല്‍ അപകടമുണ്ടാക്കുമെന്നും ഡോക്ടര്‍ ചൂണ്ടിക്കാട്ടുന്നു. രോഗനിര്‍ണയും വൈകുന്നത് ശരിയായ ചികിത്സ കിട്ടാന്‍ വൈകും.ഇതാണ് മരണ നിരക്ക് വര്‍ധിപ്പിക്കാന്‍ ഇടയാക്കുന്നതും.
സ്ത്രീകള്‍ക്ക് നെഞ്ചുവേദന ഉണ്ടാകും. എന്നാല്‍ സാധാരണയായി പുരുഷന്മാരില് കണ്ടുവരുന്ന പോലെ തീവ്രമായ വേദനയോ അസ്വസ്ഥതയോ ഉണ്ടാവണമെന്നില്ല. സ്ത്രീകളില്‍ പലപ്പോഴും നെഞ്ചിന് പുറത്ത് – താടിയെല്ല്, കഴുത്ത്, തോളുകള്‍, നടു, അടിവയറ്റില്‍ പോലും – വേദനയോ അസ്വസ്ഥതയോ തോന്നാം. എന്നാല്‍ ഗ്യാസ് കയറിയതോ, സാധാരണ ഒരു പേശീ വേദനയോ ആണെന്ന് കരുതി തള്ളുകയാണ് ചെയ്യുക. സ്ത്രീകളില്‍ ഹൃദയാഘമുണ്ടാകുന്നതിന് വേദനയല്ലാത്ത നിരവധി ലക്ഷണങ്ങളും കാണാറുണ്ടെന്നും ഡോ. ജെറമി പറയുന്നു. ഈ ലക്ഷണങ്ങള്‍ നിര്‍ണായകമാണെന്നും അവര്‍ മുന്നറിയിപ്പ് നല്കുന്നു.
ശ്രദ്ധിക്കേണ്ട ലക്ഷണങ്ങള്‍
നെഞ്ചുവേദനയില്ലാതെ ശ്വാസതടസ്സം
ദിവസങ്ങളോ ആഴ്ചകളോ നീണ്ടുനില്‍ക്കുന്ന അസാധാരണമായ ക്ഷീണം
ഓക്കാനം അല്ലെങ്കില്‍ ഛര്‍ദ്ദി
തലകറക്കം.
സാധാരണത്തേതില്‍ നിന്ന് വ്യത്യസ്തമായി വിയര്‍ക്കുക
അകാരണമായ ഉത്കണ്ഠ,വിഷാദം
ഈ പറഞ്ഞ ലക്ഷണങ്ങളൊന്നും ഹൃദയാഘാതവുമായി ബന്ധപ്പെട്ടതായിരിക്കണമെന്നില്ല.എന്നിരുന്നാലും ഡോക്ടറെ കണ്ട് സംശയം ദൂരീകരിക്കുന്നത് നല്ലതാണ്.
പ്രത്യേക ശ്രദ്ധ നല്കേണ്ടവര് ഇവര്‍
ഹൃദ്രോഗ കുടുംബപാരമ്പര്യമുള്ളവര്‍
പ്രമേഹ രോഗികളായ സ്ത്രീകള്‍. ഇവരില്‍ പുരുഷന്മാരേക്കാള് ഹൃദയഘാതത്തിന് സാധ്യത കൂടുതലാണ്.
ഉയര്‍ന്ന കൊളസ്ട്രോള്‍, ഡിസ്ലിപിഡീമിയ.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവര്‍
സമ്മര്‍ദ്ദവും വിഷാദവും.
പുകവലിക്കുന്നവര്‍
അമിതവണ്ണമുള്ളവര്‍
ജീവിത ശൈലിയില്‍ മാറ്റം കൊണ്ടുവരിക
നല്ല ആരോഗ്യത്തിന് ജീവിത ശൈലിയില്‍ മാറ്റം വരുത്തുന്നത് നല്ലതാണ്. ഭക്ഷണ കാര്യത്തിലെ ശ്രദ്ധ വ്യായാമം തുടങ്ങി നല്ല മാറ്റങ്ങളെ എപ്പോഴും സ്വീകരിക്കുക.
പുകവലി ഉണ്ടെങ്കില്‍ ഉപേക്ഷിക്കുക
യോഗ,ധ്യാനം പോലുള്ള മെഡിറ്റേഷന്‍ മാര്‍ഗങ്ങള്‍ ജീവിതത്തിന്റെ ഭാഗമാക്കുക. സമ്മര്‍ദങ്ങളെ അതിജീവിക്കാന്‍ ഇത് വളരെ നല്ലതാണ്.
ആരോഗ്യകരമായ ഭക്ഷണക്രമം സ്വീകരിക്കുക. പഴങ്ങള്‍,പച്ചക്കറികള്‍ ,ധാധ്യങ്ങള്,പ്രോട്ടീന്‍ തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. മാത്രമല്ല സംസ്കരിച്ച ഭക്ഷണങ്ങളും പഞ്ചസാരയും പരമാവധി ഒഴിവാക്കുക.
ഓക്കാനം, ക്ഷീണം, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങള്‍ കാണുമ്പോള്‍ പതിവ് കാര്യങ്ങളെന്ന് നിസ്സാരവത്ക്കരിക്കരുത്. ഉടനെ ഡോക്ടറെ കാണുക











