കല്പറ്റ: കോണ്‍ട്രാക്ട് കാരേജ് വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധന കര്‍ശനമാക്കി മോട്ടോര്‍വാഹനവകുപ്പ്. ആന്ധ്രയില്‍ കോണ്‍ട്രാക്ട് കാരേജ് ബസിന് തീപിടിക്കുകയും രക്ഷാപ്രവര്‍ത്തനത്തിന് പ്രതിസന്ധി നേരിടുകയും ചെയ്ത സാഹചര്യത്തിലാണ് ജില്ലയിലും വാഹനങ്ങളുടെ സുരക്ഷാപരിശോധന കര്‍ശനമാക്കിയത്.
എന്‍ഫോഴ്‌സ്മെന്റ് ആര്‍ടിഒ, ആര്‍ടിഒ, പോലീസ് എന്നിവ ചേര്‍ന്നായിരുന്നു പരിശോധന. കഴിഞ്ഞ ദിവസങ്ങളില്‍ ലക്കിടി, മുത്തങ്ങ, തോൽപ്പെട്ടി, ബോയ്‌സ് ടൗണ്‍, കര്‍ണാടക, തമിഴ്‌നാട് അതിര്‍ത്തിപ്രദേശങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചായിരുന്നു പരിശോധന.
വാഹനങ്ങളിലെ എമര്‍ജന്‍സി എക്‌സിസ്റ്റ് സംവിധാനം ശരിയായ രീതിയില്‍ ഘടിപ്പിച്ചിട്ടുണ്ടോ, ശരിയായ രീതിയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്നുണ്ടോ, തീപിടിച്ചാല്‍ അണയ്ക്കാനുള്ള അഗ്‌നിശമന ഉപകരണമുണ്ടോ തുടങ്ങിയവയാണ് പ്രധാനമായും പരിശോധിച്ചത്.
എമര്‍ജന്‍സി എക്‌സിറ്റ് സംവിധാനം, അഗ്‌നിശമന ഉപകരണങ്ങള്‍, ഓട്ടോമാറ്റിക് വാതിലുകള്‍ തുടങ്ങിയവ സംബന്ധിച്ച് നിയമലംഘനങ്ങള്‍ കണ്ടെത്തി വാഹനങ്ങള്‍ക്ക് പിഴ ചുമത്തി. ടൂറിസ്റ്റ് ബസുകളും പരിശോധിച്ചു. ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റുള്ള ബസുകളും പരിശോധിച്ച് നികുതിയും ഈടാക്കി.
ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി, എന്‍ഫോഴ്‌സ്മെന്റ് ആര്‍ടിഒ ഇ. മോഹന്‍ദാസ്, ആര്‍ടിഒ പി.ആര്‍. സുമേഷ് എന്നിവര്‍ നേതൃത്വം നല്‍കി. വാഹനങ്ങളുടെ പരിശോധന തുടരുമെന്നും നിയമലംഘനം ആവര്‍ത്തിച്ചാല്‍ ഡ്രൈവറുടെ ലൈസന്‍സും വാഹനങ്ങളുടെ പെര്‍മിറ്റും റദ്ദുചെയ്യുമെന്നും എന്‍ഫോഴ്‌സ് മെന്റ് ആര്‍ടിഒ ഇ. മോഹന്‍ദാസ് പറഞ്ഞു.








