കുവൈത്ത് സിറ്റി: കുവൈത്തിൽ കനത്ത മൂടൽ മഞ്ഞ്, രാജ്യത്ത് ഇറങ്ങേണ്ട വിമാനങ്ങൾ അയൽ രാജ്യങ്ങളിലേക്ക് വഴിതിരിച്ചു വിട്ടു. കുവൈത്ത് വിമാനത്താവളത്തിൽനിന്ന് പുറപ്പെടേണ്ട വിമാനങ്ങൾ വൈകുകയാണ്.
വിമാനങ്ങൾക്ക് ലാൻഡ് ചെയ്യാൻ കഴിയാത്തവിധം കനത്ത മൂടൽമഞ്ഞ് ഉള്ളതായും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയെ കരുതിയാണ് നടപടിയെന്നും പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ (പി.എ.സി.എ) അറിയിച്ചു. കുവൈത്ത് വിമാനത്താവളത്തിന് ചുറ്റും കനത്ത മൂടൽമഞ്ഞ് നിറഞ്ഞതിനാൽ ദൃശ്യപരത 100 മീറ്ററിൽ താഴെയാണ്, ഇത് സുരക്ഷിതമായ ലാൻഡിങ്ങിനെയും പുറപ്പെടലിനെയും ബാധിച്ചുവെന്ന് പി.എ.സി.എ വക്താവ് അബ്ദുല്ല അൽ-രാജ്ഹി പറഞ്ഞു.
ഇത് അയൽ രാജ്യങ്ങളിലേക്ക് വിമാനങ്ങൾ വഴിതിരിച്ചുവിടാൻ കാരണമായി. കാലാവസ്ഥ മെച്ചപ്പെട്ടുകഴിഞ്ഞാൽ സാധാരണ നിലയിൽ പ്രവർത്തനം പുനരാരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.











