കേരള സ്റ്റാർട്ടപ്പ് മിഷനിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രോജക്ട് കോർഡിനേറ്റർ, സെക്ടർ ഫെലോ, അസിസ്റ്റന്റ് മാനേജർ, പ്രൊക്യൂർമെന്റ് സ്പെഷ്യലിസ്റ്റ് തുടങ്ങി അഞ്ച് തസ്തികകളിലാണ് ഒഴിവുകൾ. നവംബർ 13 വരെ അപേക്ഷിക്കാം. ഓരോ തസ്തികയിലും ഓരോ ഒഴിവ് വീതമാണുള്ളത്. കൊച്ചിയിലായിരിക്കും നിയമനം. തസ്തിക , യോഗ്യത, ശമ്പളം തുടങ്ങിയ വിവരങ്ങൾ അറിയാം
പ്രോജക്ട് കോർഡിനേറ്റർ – ഇൻകുബേഷൻ:
ഇൻകുബേഷൻ പ്രോഗ്രാമുകൾ ഏകോപിപ്പിക്കുകയും സ്റ്റാർട്ടപ്പ് ലക്ഷ്യങ്ങൾ സമയബന്ധിതമായി കൈവരിക്കുകയും ചെയ്യുക എന്നതാണ് ഈ തസ്തികയിലെ പ്രധാന ഉത്തരവാദിത്തം. പ്രോഗ്രാം ഘടകങ്ങൾ ആസൂത്രണം ചെയ്യുക, പുരോഗതി നിരീക്ഷിക്കുക, പ്രശ്നങ്ങൾ പരിഹരിക്കുക, ഗുണമേന്മ ഉറപ്പാക്കുക, സ്റ്റാർട്ടപ്പുകളുമായി ആശയവിനിമയം നടത്തുക എന്നിവയും ഇതിൽപ്പെടുന്നു.
യോഗ്യത: ബിസിനസ്, അഗ്രികൾച്ചർ അല്ലെങ്കിൽ എഞ്ചിനീയറിംഗിൽ ബിരുദം. സ്റ്റാർട്ടപ്പ് മേഖലയിൽ അഞ്ച് വർഷത്തെ പ്രോജക്ട് കോർഡിനേഷൻ പരിചയം അഭികാമ്യം. ശക്തമായ ആസൂത്രണ ശേഷി, ആശയവിനിമയ കഴിവുകൾ, ഡിജിറ്റൽ ടൂളുകളിലുള്ള അറിവ് എന്നിവയും ആവശ്യമാണ്. 2025 ജനുവരി 1-ന് 30 വയസ്സിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസ ശമ്പളം 40,000 രൂപ.
സെക്ടർ ഫെലോ – അഗ്രി സ്പെഷ്യലിസ്റ്റ്:
കാർഷിക മേഖലയിൽ വൈദഗ്ദ്ധ്യം നൽകുക, കാലാവസ്ഥാ വ്യതിയാനങ്ങളെ അതിജീവിക്കാൻ ശേഷിയുള്ള രീതികൾ സ്റ്റാർട്ടപ്പുകളിൽ സംയോജിപ്പിക്കുക എന്നിവയാണ് പ്രധാന ദൗത്യം. കാർഷിക സാങ്കേതിക വിദ്യകൾ കണ്ടെത്തുക, സ്റ്റാർട്ടപ്പുകളെ പ്രശ്നങ്ങളുമായി ബന്ധിപ്പിക്കുക, പരിശീലനം നൽകുക, കർഷകരുമായി ബന്ധിപ്പിക്കുക എന്നിവയും ഈ റോളിന്റെ ഭാഗമാണ്.
യോഗ്യത: അഗ്രികൾച്ചർ, അഗ്രിബിസിനസ് അല്ലെങ്കിൽ അനുബന്ധ വിഷയങ്ങളിൽ മാസ്റ്റേഴ്സ് അല്ലെങ്കിൽ പിഎച്ച്ഡി. കാർഷിക സാങ്കേതിക വിദ്യ, സുസ്ഥിരത, സ്റ്റാർട്ടപ്പുകൾ അല്ലെങ്കിൽ നയരൂപീകരണം എന്നിവയിൽ അഞ്ച് വർഷത്തെ പ്രവൃത്തി പരിചയം. കാർഷിക സാങ്കേതിക മേഖലയിൽ ഫീൽഡ് വർക്ക് അനുഭവം അഭികാമ്യം. 2025 ജനുവരി 1-ന് 30 വയസ്സിൽ താഴെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസ ശമ്പളം 50,000 രൂപ.
അസിസ്റ്റന്റ് മാനേജർ – ഫിനാൻസ്:
കെഇആർഎയുടെ എസ്പിഐയു പ്രവർത്തനങ്ങളുടെ സാമ്പത്തിക ആസൂത്രണം, വിതരണം, റിപ്പോർട്ടിംഗ് എന്നിവയ്ക്ക് നേതൃത്വം നൽകുക എന്നതാണ് ഈ തസ്തികയുടെ പ്രധാന ചുമതല. ബഡ്ജറ്റ് ആസൂത്രണം, നിയമപരമായ പാലനം ഉറപ്പാക്കുക, സ്റ്റാർട്ടപ്പുകളെ സാമ്പത്തിക കാര്യങ്ങളിൽ സഹായിക്കുക, ഫണ്ട് വിതരണം ഏകോപിപ്പിക്കുക എന്നിവയും ഇതിൽപ്പെടും.
യോഗ്യത: ഫിനാൻസ്, അക്കൗണ്ടിംഗ് അല്ലെങ്കിൽ തത്തുല്യ വിഷയങ്ങളിൽ മാസ്റ്റേഴ്സ് ബിരുദം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് (ഐസിഎഐ) അംഗത്വം അഭികാമ്യം. സർക്കാർ/സ്റ്റാർട്ടപ്പ് പ്രോഗ്രാമുകളിലെ സാമ്പത്തിക ചുമതലകളിൽ അഞ്ച് വർഷത്തെ പ്രവൃത്തി പരിചയം. ലോകബാങ്ക് ധനസഹായമുള്ള പ്രോജക്റ്റുകളിലെ സാമ്പത്തിക നടപടിക്രമങ്ങളെക്കുറിച്ച് അറിവ് ഉണ്ടായിരിക്കണം. 2025 ജനുവരി 1-ന് 35 വയസ്സിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസ ശമ്പളം 40,000 രൂപ.
പ്രൊക്യൂർമെന്റ് സ്പെഷ്യലിസ്റ്റ്:
പ്രോജക്റ്റിന്റെയും ലോകബാങ്കിന്റെയും മാനദണ്ഡങ്ങൾക്കനുസരിച്ച് സുതാര്യവും കാര്യക്ഷമവുമായ സംഭരണ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുക എന്നതാണ് ഈ റോളിന്റെ ഉത്തരവാദിത്തം. സംഭരണ പദ്ധതികൾ രൂപകൽപ്പന ചെയ്യുക, നയങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക, വെണ്ടർമാരുമായി ചർച്ച ചെയ്യുക, കരാറുകൾ കൈകാര്യം ചെയ്യുക എന്നിവയും ഇതിൽ ഉൾപ്പെടുന്നു.
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം. മാസ്റ്റേഴ്സ് ബിരുദം അഭികാമ്യം. സർക്കാർ പ്രോജക്റ്റുകളിൽ അഞ്ച് വർഷത്തെ സംഭരണ പരിചയം. 2025 ജനുവരി 1-ന് 30 വയസ്സിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസ ശമ്പളം 40,000 രൂപ.
പ്രോജക്ട് കോർഡിനേറ്റർ – ഫണ്ടിംഗ്:
ധനസഹായ പദ്ധതികളുടെ നടത്തിപ്പ് നിരീക്ഷിക്കുക, കാര്യക്ഷമമായ രേഖപ്പെടുത്തൽ, നിരീക്ഷണം, റിപ്പോർട്ടിംഗ് എന്നിവ ഉറപ്പാക്കുക. ഗ്രാന്റ്/വായ്പാ പദ്ധതികൾ നടപ്പിലാക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുക, അനുമതിക്കും വിതരണത്തിനുമായി അഡ്മിൻ/അക്കൗണ്ടുകളുമായി ബന്ധപ്പെടുക, പദ്ധതിയുടെ സ്വാധീന പഠനങ്ങൾ നടത്തുക എന്നിവയും ഈ തസ്തികയിലെ ഉത്തരവാദിത്തങ്ങളാണ്.
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം. സ്റ്റാർട്ടപ്പ് ഫണ്ടിംഗിലോ സാമ്പത്തിക ഏകോപനത്തിലോ അഞ്ച് വർഷത്തെ പ്രവൃത്തി പരിചയം. സാമ്പത്തിക പ്രക്രിയകളെക്കുറിച്ചും പ്രോജക്ട് മാനേജ്‌മെന്റ് ടൂളുകളെക്കുറിച്ചും അറിവ് ഉണ്ടായിരിക്കണം. 2025 ജനുവരി 1-ന് 30 വയസ്സിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസ ശമ്പളം 40,000 രൂപ. കൂടുതൽ വിവരങ്ങൾക്ക് https://startupmission.kerala.gov.in/career











