ഇന്ത്യയിലെ ഉപയോക്താക്കൾക്ക് വൻ സന്തോഷവാർത്തയുമായി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് രംഗത്തെ അതികായരായ ഓപ്പൺഎഐ (OpenAI) രംഗത്ത്. കമ്പനിയുടെ പ്രീമിയം പ്ലാനായ ചാറ്റ്‌ജിപിടി ഗോ (ChatGPT Go) സബ്‌സ്‌ക്രിപ്‌ഷൻ അടുത്ത ഒരു വർഷത്തേക്ക് ഉപയോക്താക്കൾക്ക് പൂർണ്ണമായും സൗജന്യമായി നൽകുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഫീച്ചറുകൾ എന്തെല്ലാം?
ഇന്ത്യയിൽ ഇന്ന് മുതൽ ഓഫർ പ്രാബല്യത്തിൽ വരും. എഐയുമായുള്ള സന്ദേശങ്ങൾ, ചിത്ര നിർമ്മാണം (Image Generation), ഫയൽ അപ്‌ലോഡുകൾ, മെച്ചപ്പെട്ട മെമ്മറി ശേഷി എന്നിവയുൾപ്പെടെയുള്ള പ്രീമിയം ഫീച്ചറുകൾ ഉൾപ്പെടുന്നതാണ് ചാട്ജിപിടി ‘ഗോ’പ്ലാൻ. നേരത്തെ പ്രതിമാസം ₹399.00 രൂപയ്ക്ക് ലഭ്യമായിരുന്ന (പ്രതിവർഷം 4788 രൂപ) പ്ലാനാണിത് വർഷത്തേക്ക് പൂർണ്ണമായും സൗജന്യമായി ഇപ്പോൾ നൽകുന്നത്.
ഓപ്പൺഎഐ സംബന്ധിച്ചിടത്തോളം ഇന്ത്യ എന്നത് അതിവേഗം വളരുന്ന ഒരു പ്രധാന വിപണിയാണ്. ആളുകൾക്ക് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിനോടുള്ള താൽപ്പര്യത്തെയും മേഖലയിലെ വ്യത്യസ്തമായ കഴിവുകളെയും അംഗീകരിക്കുന്നതിനാണ് ഈ നീക്കമെന്നും കമ്പനി അറിയിച്ചു.
നിലവിലെ വരിക്കാർക്ക് പ്രത്യേക ആനുകൂല്യം
നിലവിൽ ചാറ്റ്‌ജിപിടി ഗോ സബ്‌സ്‌ക്രൈബ് ചെയ്‌തിട്ടുള്ള ഉപയോക്താക്കൾക്ക് അവരുടെ അടുത്ത ബില്ലിംഗ് തീയതി സൗജന്യമായി 12 മാസത്തേക്ക് നീട്ടിനൽകും. ഇതിനായി ഉപയോക്താക്കൾ പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ല. ഈ ആനുകൂല്യം ഈ ആഴ്ച അവസാനം മുതൽ പ്രാബല്യത്തിൽ വരും. ടോപ് മോഡലുകളിലേക്കുള്ള പ്രവേശനം, ഫയൽ അപ്‌ലോഡുകൾ, ഇമേജ് ജനറേഷൻ തുടങ്ങിയ പ്രീമിയം ഫീച്ചറുകൾ ഇവർക്ക് തടസ്സമില്ലാതെ തുടർന്നും ഉപയോഗിക്കാം.
പ്രധാന ശ്രദ്ധയ്ക്ക്
ഓഫർ നിശ്ചിത സമയത്തേക്ക് മാത്രമുള്ളതിനാൽ, യോഗ്യത നേടുന്നതിന് പുതിയ ഉപയോക്താക്കൾ പ്രൊമോഷണൽ വിൻഡോയിൽ രജിസ്‌റ്റർ ചെയ്യേണ്ടതാണ്.
ഓഫർ എങ്ങനെ ലഭിക്കും?
സൗജന്യ പ്ലാൻ സജീവമാക്കാനുള്ള ലളിതമായ വഴികൾ
ചാറ്റ്‌ജിപിടി വെബ്സൈറ്റ് സന്ദർശിക്കുക, അല്ലെങ്കിൽ ഫോണിൽ ആപ്പ് തുറക്കുക.
നിലവിലുള്ള അക്കൗണ്ട് വിവരങ്ങൾ ഉപയോഗിച്ച് സൈൻ ഇൻ ചെയ്യുക.
നിങ്ങളുടെ പ്രൊഫൈൽ ഐക്കണിൽ ടാപ്പ് ചെയ്‌ത ശേഷം ‘നിങ്ങളുടെ പ്ലാൻ അപ്ഗ്രേഡ് ചെയ്യുക’ (Upgrade your plan) തിരഞ്ഞെടുക്കുക, അല്ലെങ്കിൽ ക്രമീകരണങ്ങളിൽ (Settings) പോയി സബ്‌സ്‌ക്രിപ്ഷൻ ഓപ്ഷൻ തിരഞ്ഞെടുക്കുക.
ചാറ്റ്‌ജിപിടി ഗോ ഓപ്ഷൻ തിരഞ്ഞെടുത്ത് ആക്റ്റിവേഷൻ പൂർത്തിയാക്കാൻ ഓൺ-സ്ക്രീൻ നിർദ്ദേശങ്ങൾ പാലിക്കുക.
ഇത് പൂർത്തിയായാൽ, പ്ലാൻ നിങ്ങളുടെ അക്കൗണ്ടിൽ ഉടനടി ചേർക്കപ്പെടും.
ചാറ്റ്‌ജിപിടി ഗോയുടെ പരിമിതികൾ
ഒരു വർഷത്തെ സൗജന്യ സേവനം ലഭ്യമാണെങ്കിലും, ചില പരിമിതികളും ഈ പ്ലാനിനുണ്ട്:
സബ്‌സ്‌ക്രിപ്‌ഷനിൽ എപിഐ ആക്‌സസ് ഉൾപ്പെടുന്നില്ല.
ജിപിടി-4ഒ, ജിപിടി-4 ടർബോ പോലുള്ള ഏറ്റവും പുതിയ എഐ മോഡലുകൾ ലഭ്യമല്ല.
ഉപയോക്താക്കൾക്ക് തേർഡ്-പാർട്ടി കണക്ടറുകളിലേക്കോ ഓപ്പൺഎഐയുടെ വീഡിയോ ജനറേഷൻ ടൂളായ സോറ (Sora) യിലേക്കോ ആക്‌സസ് ഉണ്ടായിരിക്കില്ല. ഈ രണ്ട് സവിശേഷതകളും നിലവിൽ പ്ലസ്, പ്രോ സബ്‌സ്‌ക്രൈബർമാർക്ക് മാത്രമായാണ് കമ്പനി നീക്കിവച്ചിരിക്കുന്നത്.
ഒരു വർഷത്തിനുശേഷം എന്ത് സംഭവിക്കും?
ഒരു വർഷത്തെ സൗജന്യ ഉപയോഗത്തിന് ശേഷം, നിലവിലെ പ്രതിമാസ നിരക്കായ ₹399.00 രൂപയ്ക്ക് സബ്‌സ്‌ക്രിപ്‌ഷൻ സ്വയം പുതുക്കപ്പെടും (Auto-renewal). എന്നാൽ, ഉപയോക്താക്കൾക്ക് എപ്പോൾ വേണമെങ്കിലും സബ്‌സ്‌ക്രിപ്‌ഷൻ റദ്ദാക്കാനുള്ള സൗകര്യമുണ്ട്.












