അമേരിക്കന്‍ പ്രസിഡന്റായി രണ്ടാം തവണ ഡൊണാള്‍ഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ട ശേഷം യൂറോപ്യന്‍ രാജ്യങ്ങള്‍ അത്ര സന്തോഷത്തില്‍ അല്ല. ട്രംപ് സ്വീകരിക്കുന്ന നയങ്ങള്‍ തങ്ങളെ പ്രയാസത്തിലാക്കുന്നു എന്ന പരാതി അവര്‍ക്കുണ്ട്. ഈ സാഹചര്യത്തില്‍ അമേരിക്കയില്‍ സൂക്ഷിച്ച സ്വര്‍ണശേഖരം തിരിച്ചുകൊണ്ടുവരണം എന്ന ആവശ്യവും യൂറോപ്പിലുണ്ട്.
യുക്രൈന് യുദ്ധമുണ്ടായ വേളയില്‍ റഷ്യയുടെ സ്വര്‍ണം ഉള്‍പ്പെടെയുള്ള വിദേശ കരുതല്‍ ധനം അമേരിക്ക തടഞ്ഞുവച്ചത് വലിയ വിവാദമായിരുന്നു. തങ്ങളുടെ സ്വര്‍ണത്തിന്റെ കാര്യത്തിലും ഈ കളി അമേരിക്ക കളിക്കുമോ എന്ന ആശങ്കയാണ് യൂറോപ്പിലുള്ളവര്‍ക്ക്. അമേരിക്കയില്‍ നിന്ന് സ്വര്‍ണം തിരിച്ചെത്തിക്കണം എന്ന് ടാക്സ്പേയേഴ്സ് അസോസിയേഷന് ഓഫ് യൂറോപ്പ് (ടിഎഇ) ആവശ്യപ്പെട്ടു.
അമേരിക്കയില്‍ സൂക്ഷിച്ചുവച്ചിരിക്കുന്ന സ്വര്‍ണം തിരിച്ചെത്തിക്കണം, അവ ഏത് സമയവും രാജ്യത്തിന് ഉപയോഗിക്കാന്‍ സാധിക്കും വിധം ലഭ്യമാക്കണം, നിലവിലുള്ള സ്വര്‍ണം അവിടെ തന്നെയുണ്ടോ എന്ന് ഇടയ്ക്കിടെ പരിശോധിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ടിഎഇ മുന്നോട്ടുവയ്ക്കുന്നത്. യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണം കൈവശമുള്ള ജര്‍മനി, ഇറ്റലി, സ്വിറ്റ്സര്‍ലാന്റ് തുടങ്ങിയ രാജ്യങ്ങള്‍ക്കാണ്.
എല്ലാ രാജ്യങ്ങളും സ്വര്‍ണം ശേഖരിക്കാറുണ്ട്. പ്രതിസന്ധി നേരിടുമ്പോള്‍ വേഗത്തില്‍ പണമാക്കി മാറ്റാം എന്ന് കരുതിയാണിത്. മിക്ക രാജ്യങ്ങളും വിദേശത്തും സ്വര്‍ണം സൂക്ഷിക്കും. ഇന്ത്യയുടെ സ്വര്‍ണം രാജ്യത്തുള്ളതിന് പുറമെ ബ്രിട്ടന്, അമേരിക്ക എന്നീ രാജ്യങ്ങളിലും സൂക്ഷിച്ചിട്ടുണ്ട്. ബാങ്ക് ഓഫ് ഇംഗ്ലണ്ടില്‍ സൂക്ഷിച്ച സ്വര്‍ണത്തില്‍ വലിയൊരു ഭാഗം അടുത്തിടെ ഇന്ത്യ തിരിച്ചുകൊണ്ടുവന്നിരുന്നു.
രാജ്യാന്തര രാഷ്ട്രീയ സാഹചര്യം നാള്‍ക്കുനാള്‍ മോശമായി വരുന്നുണ്ട്. അവശ്യം വേണ്ടി വരുമ്പോള്‍ വിദേശത്ത് നിന്ന് സ്വര്‍ണം തിരിച്ചുകൊണ്ടുവരാന്‍ സാധിക്കാതെ വരാനുള്ള സാധ്യതയുണ്ട്. മാത്രമല്ല, പ്രശ്നം സങ്കീര്‍ണമാകുമ്പോള്‍ വിദേശ രാജ്യങ്ങള്‍ സ്വര്‍ണം തിരിച്ചുതന്നില്ലെങ്കിലോ എന്ന ആശങ്കയുമുണ്ട്. കൃത്യമായ കരാറുകളുടെ അടിസ്ഥാനത്തിലാണ് ഇവയുടെ കൈമാറ്റം എങ്കിലും ഇക്കാര്യത്തില്‍ അടുത്തിടെ സംശയങ്ങള്‍ ബാക്കിയാകുകയാണ്.
അമേരിക്ക പഴയ അമേരിക്കയല്ല
അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ നയങ്ങള്‍ ട്രംപ് എതിര്‍ക്കുകയാണ്. സര്‍ക്കാരിന്റെ ഇഷ്ടത്തിന് ബാങ്ക് പ്രവര്‍ത്തിക്കണം എന്ന നിലപാടാണ് ട്രംപിന്. മാത്രമല്ല, പലിശ നിരക്കില്‍ മാറ്റം വരുത്തുന്നതിലും സര്‍ക്കാരിന്റെ തീരുമാനം നിര്‍ണായകമാകണം എന്ന് ട്രംപ് കരുതുന്നു. എന്നാല്‍ ഫെഡറല്‍ റിസര്‍വ് സ്വതന്ത്ര തീരുമാനങ്ങളുമായി മുന്നോട്ട് പോകുകയാണ് ചെയ്യുക. അമേരിക്കയിലെ ഈ തര്‍ക്കം യൂറോപ്യന്‍ രാജ്യങ്ങളില്‍ ആശങ്ക പരത്തുന്നുണ്ട്.
യൂറോപ്പുമായി സഹകരിച്ച് മുന്നോട്ട് പോകുന്നതാണ് അമേരിക്കയുടെ എക്കാലത്തെയും രീതി. ട്രംപ് പ്രസിഡന്റായതു മുതല്‍ ഇതില്‍ ചില മാറ്റം വന്നിട്ടുണ്ട്. ഇറക്കുമതി ചുങ്കം ചുമത്തിയതില്‍ യൂറോപ് അമര്‍ഷത്തിലായിരുന്നു. സ്വര്‍ണം തിരിച്ചുകൊണ്ടുവരണമെന്ന് തീരുമാനിക്കുമ്പോള്‍ അമേരിക്കന്‍ ഭരണകൂടം തടയുമോ എന്ന ആശങ്കയും യൂറോപ്പിലുണ്ട്. ജര്‍മന്‍ ബണ്ട്സ്റ്റാഗ് അംഗങ്ങള്‍ക്ക് സ്വര്‍ണ ശേഖരം പരിശോധിക്കാന്‍ അമേരിക്ക അനുമതി നല്‍കാതിരുന്നതും ടിഎഇ ചൂണ്ടിക്കാട്ടുന്നു.
അമേരിക്ക, ജര്‍മനി, ഇറ്റലി, ഫ്രാന്‍സ്, ചൈന, സ്വിറ്റ്സര്‍ലാന്റ്, ഇന്ത്യ എന്നീ രാജ്യങ്ങള്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിലും ന്യൂയോര്‍ക്ക് ബാങ്കിലുമാണ് സ്വര്‍ണം സൂക്ഷിച്ചിരിക്കുന്നത്. ഇന്ത്യ ബാങ്ക് ഓഫ് ഇംഗ്ലണ്ടില്‍ നിന്ന് 200 മെട്രിക് ടണ്‍ സ്വര്‍ണം അടുത്തിടെ തിരിച്ചുകൊണ്ടുവന്നിരുന്നു. രണ്ട് തവണയായിട്ടാണ് ഇവ ഇന്ത്യയിലെത്തിച്ചത്. സമാനമായ നടപടി വേണം എന്നാണ് യൂറോപ്പില്‍ ഉയരുന്ന ആവശ്യം.












