ഗോള്‍ഡന്‍ വിസ വളരെ ജനപ്രിയമായത് യുഎഇ നല്‍കാന്‍ തുടങ്ങിയതോടെയാണ്. നിശ്ചിത മാനദണ്ഡങ്ങള്‍ പാലിച്ചുകഴിഞ്ഞാല്‍ ദീര്‍ഘകാലത്തേക്ക് താമസിക്കാന്‍ അനുമതി നല്‍കുന്നതാണ് ഗോള്‍ഡന്‍ വിസകള്‍. യുഎഇക്ക് പുറമെ മറ്റു പല രാജ്യങ്ങളും ഗോള്‍ഡന്‍ വിസ നല്‍കുന്നുണ്ട്. നിക്ഷേപകരെയും മികച്ച കഴിവുള്ളവരെയും ആകര്‍ഷിക്കുകയാണ് ലക്ഷ്യം.
ഗള്‍ഫ് കുടിയേറ്റം പോലെ തന്നെ ഇപ്പോള്‍ സജീവമാണ് യൂറോപ്യന്‍ കുടിയേറ്റം. യൂറോപ്പില്‍ ജോലിക്ക് പോകുകയും അവിടെ തന്നെ സ്ഥിരതാമസമാക്കുകയും ചെയ്യുന്നവര്‍ നിരവധിയാണ്. അമേരിക്കയിലും കാനഡയിലും ഇത്തരം താമസ സൗകര്യം തേടുന്നവരുമുണ്ട്. ചതുക്കുഴികളും ഏറെയാണ്. എന്നാല്‍ ഇന്ത്യക്കാര്‍ക്ക് ഉള്‍പ്പെടെ ഗോള്‍ഡന്‍ വിസ പ്രഖ്യാപിച്ചിട്ടുണ്ട് ഒരു യൂറോപ്യന്‍ രാജ്യം. അതു സംബന്ധിച്ച് അറിയാം…
യൂറോപ്യന്‍ രാജ്യമായ ബള്‍ഗേറിയ ആണ് ഇന്ത്യയ്ക്കാര്‍ക്കും ഗോള്‍ഡന്‍ വിസ പ്രഖ്യാപിച്ചിരിക്കുന്നത്. ഷെങ്കണ്‍ വിസ നല്‍കുന്ന രാജ്യങ്ങളിലെ പുതിയ അംഗമാണ് ബള്‍ഗേറിയ. അതായത്, ഈ രാജ്യത്തെ വിസ എടുത്ത് എത്തിയാല്‍ മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് പ്രവേശിക്കുന്നതിന് തടസമുണ്ടാകില്ല. കഴിഞ്ഞ ജനുവരി ഒന്നിനാണ് ബള്‍ഗേറിയ ഷെങ്കണ്‍ രാജ്യമായി മാറിയത്.
ആഗോള നിക്ഷേപകര്‍ക്ക് മുമ്പില്‍ വാതില്‍ തുറന്നിടുകയാണ് ബള്‍ഗേറിയ. നിക്ഷേപം നടത്തിയാല്‍ പൗരത്വം നല്‍കുന്ന പഴയ പദ്ധതി 2022ല്‍ ബള്‍ഗേറിയ നിര്‍ത്തിവച്ചിരുന്നു. പകരം സ്ഥിരതാമസ അവസരം നല്‍കി പിന്നീട് പൗരത്വം നേടാനുള്ള വഴി തുറക്കുന്നതാണ് പുതിയ പദ്ധതി. 2023ലാണ് ബള്‍ഗേറിയ ഗോള്‍ഡന്‍ വിസ തുടങ്ങിയത്. ഇപ്പോള്‍ ഇന്ത്യക്കാര്‍ക്കും ലഭിക്കും.
മാനദണ്ഡങ്ങള്‍ അറിയാം
5.12 ലക്ഷം യൂറോ നിക്ഷേപിക്കാന്‍ സാധിക്കുന്നവര്‍ക്ക് ഗോള്‍ഡന്‍ വിസ നല്‍കുന്നതാണ് ബള്‍ഗേറിയ നടപ്പാക്കിയിരിക്കുന്ന പുതിയ നയം. ഇന്ത്യക്കാരുള്‍പ്പെടെയുള്ള യൂറോപ്യന്‍ ഇതര ജനസമൂഹത്തിനാണ് ഇത്തരം വിസ. ലഭിച്ചുകഴിഞ്ഞാല്‍ കുടുംബത്തോടൊപ്പം ബള്‍ഗേറിയയില്‍ താമസിക്കാം. ഷെങ്കണ്‍ രാജ്യങ്ങളില്‍ വിസ ഇല്ലാതെ സഞ്ചരിക്കുകയും ചെയ്യാം.
പങ്കാളി, മക്കള്‍, രക്ഷിതാക്കള്‍ എന്നിവരെല്ലാം ഒരേ അപേക്ഷയില്‍ ഉള്‍പ്പെടുത്താം. ഓരോ വര്‍ഷവും നിശ്ചിത ദിവസം ബള്‍ഗേറിയയില്‍ താസമസിക്കണം എന്ന നിബന്ധനയില്ല. ഇന്ത്യയില്‍ തന്നെ ജോലി ചെയ്തു കൊണ്ട് ബള്‍ഗേറിയന്‍ ഗോള്‍ഡന്‍ വിസ നിലനിര്‍ത്താം എന്ന് ചുരുക്കം. എല്ലാ ഷെങ്കണ്‍ രാജ്യങ്ങളും ഉള്‍പ്പെടെ 116 രാജ്യങ്ങളില്‍ വിസ ഇല്ലാതെ യാത്ര ചെയ്യാന്‍ സാധിക്കും എന്നതും നേട്ടമാണ്.
യൂറോപ്പില്‍ കുറഞ്ഞ നികുതിയുള്ള രാജ്യം കൂടിയാണ് ബള്‍ഗേറിയ. വ്യക്തിഗത നികുതി 10 ശതമാനമാണ്. മൂന്ന് മുതല്‍ ആറ് മാസം വരെ അപേക്ഷാ നടപടികള്‍ പ്രതീക്ഷിക്കാം. 18 വയസ് തികയണം, ഇന്ത്യന്‍ പാസ്‌പോര്‍ട്ട് വേണം. ക്രിമിനല്‍ കേസില്‍ പ്രതിയാകരുത്, അള്‍ട്രനേറ്റീവ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്, എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട് എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ 5.12 ലക്ഷം യൂറോ നിക്ഷേപിക്കണം, വരുമാന-നിക്ഷേപ രേഖ വേണം, അപേക്ഷ ഫീസ് അടയ്ക്കണം. ആശ്രിതരുടെ ബന്ധം കാണിക്കുന്ന രേഖയും ആവശ്യമാണ്. നിയമപരമായ മാനദണ്ഡങ്ങള്‍ പാലിച്ചാല്‍ അഞ്ച് വര്‍ഷത്തിന് ശേഷം പൗരത്വം കിട്ടാനും വഴിയൊരുങ്ങും.












