---Advertisement---

IND vs SA: രാഹുലും ജയ്‌സ്വാളുമല്ല, ടെസ്റ്റില്‍ ഇന്ത്യന്‍ തുറുപ്പുചീട്ട് അവന്‍!! റെയ്‌ന പറയുന്നു

On: November 11, 2025 1:49 PM
Follow Us:
---Advertisement---

കൊല്‍ക്കത്ത: ലോക ടെസ്റ്റ് ചാംപ്യന്‍മാരായ സൗത്താഫ്രിക്കയുമായുള്ള ടെസ്റ്റ് പരമ്പര ഈയാഴ്ച തുടങ്ങാനിരിക്കെ ആരാവും ഇന്ത്യന്‍ തുറുപ്പീട്ടെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌ന. രണ്ടു ടെസ്റ്റുകളുടെ പരമ്പരയെപ്പറ്റി സ്റ്റാര്‍ സ്‌പോര്‍ട്‌സിനോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ ഡബ്ല്യുടിസി സീസണില്‍ (2025-27) ഇന്ത്യയും സൗത്താഫ്രിക്കയും ഒരു പരമ്പര ഇനിയും തോറ്റിട്ടില്ല. ഇന്ത്യ ഇംഗ്ലണ്ടിനെ 2-2നു പിടിച്ചുകെട്ടുകയും വെസ്റ്റ് ഇന്‍ഡീസിനെ 2-0ന് തകര്‍ത്തുവിടുകയും ചെയ്തിരുന്നു. സൗത്താഫ്രിക്കയാവട്ടെ സിംബാബ്‌വെ, പാകിസ്താന്‍ എന്നിവരെ 2-0ന് തൂത്തുവാരിയാണ് ഇന്ത്യയിലെത്തിയത്.

അവനാണ് എക്‌സ് ഫാക്ടര്‍

ഇന്ത്യന്‍ സ്റ്റാര്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററും വൈസ് ക്യാപ്റ്റനുമായ റിഷഭ് പന്തിനെയാണ് സൗത്താഫ്രിക്കയുമായുള്ള ടെസ്റ്റ് പരമ്പരയിലെ എക്‌സ് ഫാക്ടറായി സുരേഷ് റെയ്‌ന ചൂണ്ടിക്കാട്ടിയത്. ഇതിനുലുള്ള കാരണവും അദ്ദേഹം വിശദീകരിക്കുകയും ചെയ്തു.

ഇന്ത്യന്‍ ടീമിന്റെ ഏറ്റവും വലിയ എക്‌സ് ഫാക്ടര്‍ റിഷഭ് പന്തായിരിക്കും. കാരണം അദ്ദേഹത്തിന്റെ ബാറ്റിങ് ശൈലി തികച്ചും വ്യത്യസ്തമാണ്. രണ്ടു ഗ്രൗണ്ടുകളും (കൊല്‍ക്കത്തു, ഗുഹാവത്തി) ചെറുതാണെന്നതും റിഷഭിനു മുന്‍തൂക്കം നല്‍കുമെന്നും റെയ്‌ന ചൂണ്ടിക്കാട്ടി.

അതേസമയം, സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഇതേ ഷോയില്‍ സംസാരിച്ച അഭിഷേക് നായര്‍ രണ്ടു പേരെയാണ് ഇന്ത്യന്‍ തുറുപ്പുചീട്ടുകളായി തിരഞ്ഞെടുത്തത്. ടെസ്റ്റ് ക്രിക്കറ്റിലേക്കു വന്നാല്‍ എല്ലായ്്‌പ്പോഴും രണ്ടു പേരെയാണ് ഞാന്‍ തിരഞ്ഞെടുക്കുക. ഒരാള്‍ റിഷഭ് പന്തും മറ്റൊരാള്‍ ശുഭ്മന്‍ ഗില്ലുമാണെന്നും അഭിഷേക് പറഞ്ഞു.

ഒരിടവേളയ്ക്കു ശേഷം ടെസ്റ്റ് ടീമിലേക്കു റിഷഭ് തിരികെയെത്തുന്ന പരമ്പര കൂടിയാണിത്. ഇംഗ്ലണ്ട് പര്യടനത്തിനിടെ ബാറ്റ് ചെയ്യവെ അദ്ദേഹത്തിന്റെ കാല്‍പ്പാദത്തിനു പരിക്കേറ്റിരുന്നു. തുടര്‍ന്നു അഞ്ചാമത്തയും അവസാനത്തെയും ടെസ്റ്റില്‍നിന്നും റിഷഭ് പിന്‍മാറുകയും ചെയ്തു. അതിനു ശേഷം വെസ്റ്റ് ഇന്‍ഡീസുമായി നാട്ടില്‍ നടന്ന രണ്ടു ടെസ്റ്റുകളുടെ പരമ്പരയും റിഷഭിനു നഷ്ടമായി.

ഇപ്പോള്‍ പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുത്ത് മടങ്ങിയെത്തിയ അദ്ദേഹം സൗത്താഫ്രിക്കയുമായുളള പരമ്പരയില്‍ മികച്ച ഇംപാക്ടുണ്ടാക്കാമെന്ന ആത്മവിശ്വാസിത്തിലാണ്. മറ്റു രണ്ടു ഫോര്‍മാറ്റുകളെയും അപേക്ഷിച്ച് റിഷഭിനു ഏറ്റവും മികച്ച റെക്കോര്‍ഡുള്ളതും ടെസ്റ്റില്‍ തന്നെയാണ്.

അടുത്തിടെ സൗത്താഫ്രിക്കന്‍ എ ടീമുമായുള്ള രണ്ടു അനൗദ്യോഗിക ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യന്‍ എ ടീമിനെ നയിച്ചത് റിഷഭായിരുന്നു. 1-1നു സമനിലയില്‍ കലാശിച്ച പരമ്പരയില്‍ അദ്ദേഹം ബാറ്റിങില്‍ മിന്നിക്കുകയും ചെയ്തു. നാലിന്നിങ്‌സുകളിലായി 196 റണ്‍സാണ് റിഷഭ് അടിച്ചെടുത്തത്.

ബൗളിങില്‍ രണ്ടു പേര്‍

ഇന്ത്യന്‍ ബാറ്റിങിലെ മാത്രമല്ല ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ബൗളിങിലെയും തുറുപ്പുചീട്ടുകളെ സുരേഷ് റെയ്‌ന ചൂണ്ടിക്കാണിച്ചിരിക്കുകയാണ്. രണ്ടു പേരാണ് ടീമിലെ ഏറ്റവും നിര്‍ണായക താരങ്ങളെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

ജസ്പ്രീത് ബുംറയായിരിക്കും ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ സ്റ്റാന്‍ഡൗട്ട് പ്ലെയറെന്നാണ് ഞാന്‍ കരുതുന്നത്. കാരണം എല്ലാ മല്‍സരങ്ങളും തുടങ്ങുന്നത് രാവിലെ 8.30നാണ്. ഈ സമയത്തു വ്യത്യസ്ത തരത്തിലുള്ള സ്വിങ് തന്നെ ലഭിക്കുകയും ചെയ്യും. ബുംറയെക്കൂടാതെ മറ്റൊരു നിര്‍ണായക താരം കുല്‍ദീപ് യാദവാണെന്നും റെയ്‌ന കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ ടെസ്റ്റ് സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍, വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, കെഎല്‍ രാഹുല്‍, സായ് സുദര്‍ശന്‍, ദേവ്ദത്ത് പടിക്കല്‍, ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, അക്ഷര്‍ പട്ടേല്‍, നിതീഷ് കുമാര്‍ റെഡ്ഡി, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, ആകാശ് ദീപ്.

Share this

Leave a Comment

error: Content is protected !!