ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ഭീതി പരത്തി ചെങ്കോട്ടക്ക് സമീപം കാറിൽ സ്ഫോടനം. 13 പേർ കൊല്ലപ്പെട്ടു, 18 പേർക്ക് പരിക്കേറ്റു, ഇവരിൽ ആറുപേരുടെ നില ഗുരുതരമായി തുടരുകയാണ്. അപകടത്തിൽ പരിക്കേറ്റവരെ എൽ.എൻ.ജെ.പി ആശുപത്രിയിലേക്ക് മാറ്റി. ചെങ്കോട്ട മെട്രോ സ്റ്റേഷൻ ഗേറ്റ് നമ്പർ ഒന്നിന് സമീപമാണ് തിങ്കളാഴ്ച വൈകുന്നേരം സ്ഫോടനം റിപ്പോർട്ട് ചെയ്തത്. സംഭവസ്ഥലത്ത് രക്തവും ശരീരാവശിഷ്ടങ്ങളും ചിതറിക്കിടക്കുന്നത് കാണാമായിരുന്നു. സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ വഴിവിളക്കുകൾ ചിന്നിച്ചിതറി. ഭൂകമ്പത്തിന് സമാനമായ പ്രതീതിയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
അപ്രതീക്ഷിത സ്ഫോടനം പ്രദേശത്ത് വലിയ പരിഭ്രാന്തി പരത്തി. മെട്രോ സ്റ്റേഷന് സമീപം നിർത്തിയ ഐ20 കാർ പൊട്ടിത്തെറിക്കുകയായിരുന്നു. തുടർന്ന് തൊട്ടടുത്തുള്ള വാഹനങ്ങളിലേക്കും തീപടർന്നു. കിലോമീറ്ററുകൾക്കപ്പുറം സ്ഫോടനത്തിന്റെ പ്രകമ്പനമെത്തി. അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ ഏറെ ശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
അതേസമയം, വേഗത കുറച്ചുവന്ന കാർ ചെങ്കോട്ടക്ക് സമീപമുള്ള സിഗ്നലിൽ നിർത്തിയതിന് പിന്നാലെയാണ് സ്ഫോടനമുണ്ടായതെന്ന് ഡൽഹി പൊലീസ് കമീഷണർ സതീഷ് ഗോൾച പറഞ്ഞു. സ്ഫോടനമുണ്ടായ കാറിൽ ഡ്രൈവറെ കൂടാതെ വേറെയും ആളുണ്ടായിരുന്നുവെന്നും സതീഷ് പറഞ്ഞു. എൻ.ഐ.എ അടക്കം കേന്ദ്ര ഏജൻസികളും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ആശുപത്രി സന്ദർശിച്ച് സ്ഥിതിഗതികൾ അവലോകനം ചെയ്തു. സ്ഫോടനമുണ്ടായ സമയത്ത് സമീപത്ത് നടന്നുപോയിരുന്ന ആളുകളടക്കം അപകടത്തിൽ പെട്ടതായി അമിത്ഷാ വ്യക്തമാക്കി.
അടുത്തിടെ, ഡൽഹിക്ക് സമീപം ഫരീദാബാദിൽ നിന്ന് കാറിൽ സ്ഫോടക വസ്തുക്കൾ കണ്ടെടുത്തിരുന്നു. കേസിൽ രണ്ട് ഡോക്ടർമാർ പിടിയിലായിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഡൽഹിയിൽ സ്ഫോടനമുണ്ടായത്. അട്ടിമറി സാധ്യതയുള്ളതായി സംശയിക്കുന്നു.
ജമ്മു കശ്മീരിലെ നൗഗാമിൽ ഒക്ടോബർ 19ന് സുരക്ഷാ സേനകളെ ഭീഷണിപ്പെടുത്തുന്ന പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദിന്റെ പേരിലുള്ളതായിരുന്നു പോസ്റ്ററുകൾ. ഇതിന് പിന്നാലെ രാജ്യവ്യാപകമായി പൊലീസ് നടപടി സ്വീകരിക്കുകയായിരുന്നു.
ജമ്മു കശ്മീർ പൊലീസിന്റെ നേതൃത്വത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നടന്ന പരിശോധനയിൽ രണ്ട് ഡോക്ടർമാരുൾപ്പെടെ ഏഴ് ഭീകരർ അറസ്റ്റിലായിരുന്നു. പരിശോധനയിൽ 2,900 കിലോ ഗ്രാം വരുന്ന അമോണിയം നൈട്രേറ്റ് ഉൾപ്പെടെയുള്ള സ്ഫോടക നിർമാണ വസ്തുക്കളും ആയുധങ്ങളും ഡൽഹിക്കടുത്ത് ഫരീദാബാദിൽ നിന്ന് കണ്ടെത്തി.










